

ഇന്ത്യയിലെ മുന്‍നിര മദ്യ നിര്‍മാണ കമ്പനിയായ റാഡികോ ഖെയ്ത്താന്‍ (Radico Khaitan) പുതുതായി വിപണിയിലിറക്കിയ വിസ്‌കി ബ്രാന്‍ഡിന്റെ പേരിനെ ചൊല്ലി വിവാദം. സിംഗിള്‍ മാള്‍ട്ട് വിസ്‌കിക്ക് ത്രികാല്‍ (Trikal) എന്നായിരുന്നു കമ്പനി പേരിട്ടത്. ഇതിനെതിരേ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നതോടെയാണ് കമ്പനി പേരു മാറ്റുകയാണെന്ന് പ്രഖ്യാപിച്ചത്.
മതപരമായി ചേര്‍ന്നു നില്‍ക്കുന്ന പേര് മദ്യത്തിന് നല്കുന്നതിലെ അനൗചിത്യം മനസിലാക്കുന്നുവെന്ന് കമ്പനി വ്യക്തമാക്കി. മാജിക് മൊമന്റ്‌സ്, 8പിഎം തുടങ്ങിയ ജനപ്രിയ ബ്രാന്‍ഡുകളുടെ ഉടമസ്ഥരാണ് റാഡികോ ഖെയ്ത്താന്‍. ത്രികാല്‍ ബ്രാന്‍ഡിലുള്ള വിസ്‌കി മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിക്കുമെന്ന് കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് സമര്‍പ്പിച്ച രേഖയില്‍ പറയുന്നു.
ത്രികാല്‍ എന്ന പേരില്‍ മദ്യം നിര്‍മിക്കാനോ വില്ക്കാനോ യാതൊരു അനുമതിയും നല്കിയിട്ടില്ലെന്ന് ഉത്തരാഖണ്ഡ് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കിയിരുന്നു. വിവാദം കൈവിട്ടു പോകുന്നുവെന്ന് മനസിലാക്കിയതോടെയാണ് ത്രികാല്‍ എന്ന പേര് ഉപേക്ഷിക്കാന്‍ കമ്പനി തീരുമാനിച്ചത്.
ഇന്ത്യന്‍ സംസ്‌കാരത്തോടുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഈ പേരിലേക്ക് നയിച്ചതെന്നും എന്നാല്‍ വിശ്വാസികളുടെ ഭാഗത്തു നിന്ന് പ്രതിഷേധം ഉയര്‍ന്നതോടെ പേര് മാറ്റാന്‍ തീരുമാനിച്ചെന്നും കമ്പനി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
1943ല്‍ രാംപൂര്‍ ഡിസ്റ്റിലറി കമ്പനി എന്ന പേരില്‍ സ്ഥാപിതമായ കമ്പനിയാണ് പിന്നീട് റാഡികോ ഖെയ്ത്താന്‍ ആയി മാറുന്നത്. തുടക്കത്തില്‍ സൈനിക കാന്റീനുകളിലേക്കുള്ള മദ്യവിതരണ കരാറായിരുന്നു കമ്പനിക്കുണ്ടായിരുന്നത്. 1997ലാണ് 8പിഎം (8PM whisky) എന്ന പേരില്‍ വിസ്‌കി പുറത്തിറക്കുന്നത്. ഇത് വലിയ ഹിറ്റായി മാറി. ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള കമ്പനിയുടെ മാര്‍ച്ച് പാദത്തിലെ വിറ്റുവരവ് 1,304 കോടി രൂപയാണ്. ലാഭം 91 കോടി രൂപയും.
Read DhanamOnline in English
Subscribe to Dhanam Magazine