
പഹല്‍ഗാം തീവ്രവാദി ആക്രമണത്തിന് മറുപടിയായി പാക്കിസ്ഥാനിലെ സൈനിക താവളങ്ങളും തീവ്രവാദ ക്യാംപുകളും ആക്രമിക്കാന്‍ ഇന്ത്യയ്ക്ക് കരുത്തു പകര്‍ന്നത് റഫാല്‍ യുദ്ധ വിമാനങ്ങളായിരുന്നു. ഫ്രഞ്ച് കമ്പനിയായ ദസോ ഏവിയേഷനാണ് (Dassault Aviation) റഫാലിന്റെ സൃഷ്ടാക്കള്‍. പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തിയ ആക്രമണത്തിനു ശേഷം ദസോ ഏവിയേഷന്റെ ഓഹരിവില കുതിച്ചു കയറിയിരുന്നു.
ഇപ്പോഴിതാ ഇന്ത്യയ്ക്ക് സന്തോഷം പകരുന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. അധികം വൈകാതെ റഫാലിന്റെ പ്രധാന ഭാഗങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കുമെന്ന വിവരമാണ് പുറത്തുവരുന്നത്. ഇതുസംബന്ധിച്ച് ദസോ ഏവിയേഷനും ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസും തമ്മില്‍ കരാറിലൊപ്പിട്ടെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇതാദ്യമായിട്ടാണ് റഫാലിന്റെ പ്രധാന ഘടകഭാഗം ഫ്രാന്‍സിന് പുറത്ത് നിര്‍മിക്കുന്നത്.
ഇന്ത്യയെ സംബന്ധിച്ച് വലിയ നേട്ടമാണ് പുതിയ കരാര്‍. എയറോസ്‌പെയ്‌സ് രംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് കരാര്‍ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. റഫാലിന്റെ ഘടകങ്ങള്‍ നിര്‍മിക്കുന്നതിനായി ഹൈദരാബാദില്‍ പുതിയ നിര്‍മാണ യൂണിറ്റും ടാറ്റ ആരംഭിക്കും. 2028ഓടെ ആദ്യ ഘട്ട നിര്‍മാണം പൂര്‍ത്തിയാക്കാമെന്നാണ് പ്രതീക്ഷ.
ഇന്ത്യന്‍ എയ്‌റോസ്‌പേസ് രംഗം എത്രത്തോളം വളര്‍ന്നുവെന്നതിന്റെ തെളിവാണ് കരാറെന്ന് ടാറ്റ അഡ്വാന്‍സ് സിസ്റ്റംസ് ലിമിറ്റഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുകരന്‍ സിംഗ് പറഞ്ഞു. ആഗോള വിതരണ ശൃംഖലയിലെ പ്രധാനപ്പെട്ട സാന്നിധ്യമാകാന്‍ ഇന്ത്യയ്ക്ക് സാധിക്കുന്ന തരത്തിലേക്ക് വളരാനാണ് തങ്ങളുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1929ല്‍ സ്ഥാപിതമായ കമ്പനിയാണ് ദസോ ഏവിയേഷന്‍. മിലിട്ടറി എയര്‍ക്രാഫ്റ്റുകളും ബിസിനസ് ജെറ്റുകളുമായിരുന്നു തുടക്കം മുതല്‍ കമ്പനി നിര്‍മിച്ചിരുന്നത്. പലകുറി ഉടമകള്‍ മാറുന്നതിനനുസരിച്ച് പേരിലും പലപ്പോഴായി മാറ്റം സംഭവിച്ചു. 1979ല്‍ ഫ്രഞ്ച് സര്‍ക്കാരും 20 ശതമാനം ഓഹരി പങ്കാളിത്തം കമ്പനിയില്‍ നേടി.
പാരീസ് സ്റ്റോക് എക്സ്ചേഞ്ചില്‍ (Paris Stock Exchange) ലിസ്റ്റ് ചെയ്തിട്ടുള്ള ദസോ ഏവിയേഷന്റെ ഓഹരിവില ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷത്തിന് ശേഷം വലിയ തോതില്‍ ഉയര്‍ന്നിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine