Begin typing your search above and press return to search.
റെയില്‍വേ സ്‌റ്റേഷനുകളില്‍ കൃത്യസമയത്ത് ജോലിക്കെത്തിയില്ലെങ്കില്‍ പണി വരുന്നു, പുതിയ സംവിധാനം ഇങ്ങനെ
ഓവര്‍ടൈം ക്ലെയിമുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സ്റ്റേഷന്‍ ജീവനക്കാര്‍ക്കായി ബയോമെട്രിക് ഹാജര്‍ മെഷീനുകളോ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനമോ സ്ഥാപിക്കാന്‍ റെയില്‍വേ ബോര്‍ഡ്. 17 സോണുകളിലെ ജനറല്‍ മാനേജര്‍മാര്‍ക്കും ഇക്കാര്യത്തില്‍ സര്‍ക്കുലര്‍ ലഭിച്ചിട്ടുണ്ട്. സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍ക്കിടയിലെ ഡ്യൂട്ടി കൈമാറ്റം, ഓവര്‍ടൈം ക്ലെയിമുകളിലെ ക്രമക്കേടുകള്‍ എന്നിവയെക്കുറിച്ച് വിജിലന്‍സ് ഡയറക്ടറേറ്റ് ആശങ്ക ഉന്നയിച്ചതോടെയാണ് മാറ്റം.
എല്ലാ സ്റ്റേഷന്‍ ജീവനക്കാരുടെയും ഹാജര്‍ രേഖകള്‍ ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് രേഖപ്പെടുത്തുകയും അവയെ ഓവര്‍ടൈം അലവന്‍സ് ക്ലെയിമുകളുമായി ബന്ധിപ്പിക്കുകയും വേണമെന്ന് കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ ശിപാര്‍ശ ചെയ്തിരുന്നു. ഇങ്ങനെ ചെയ്താല്‍ ഓവര്‍ടൈമുമായി ബന്ധപ്പെട്ട പരാതികളും തട്ടിപ്പും അവസാനിപ്പിക്കാമെന്നാണ് കരുതുന്നത്. ഭാവിയിലെ വീഴ്ചകള്‍ തടയാന്‍ ഈ ശിപാര്‍ശകള്‍ കര്‍ശനമായി പാലിക്കേണ്ടതിന്റെ ആവശ്യകത ബോര്‍ഡിന്റെ സര്‍ക്കുലറില്‍ ഊന്നിപ്പറയുന്നുണ്ട്
എതിര്‍ത്ത് ജീവനക്കാര്‍
എന്നാല്‍ ചില സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍ ഇതിനോടകം തന്നെ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. പുതിയ നടപടികള്‍ പ്രതികൂലമാകുമെന്നാണ് ഇവരുടെ വാദം.ജീവനക്കാര്‍ അവരുടെ മേലുദ്യോഗസ്ഥര്‍ തയ്യാറാക്കിയ ഫിസിക്കല്‍ റോസ്റ്ററുകളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സ്റ്റേഷനുകളില്‍ ബയോമെട്രിക് ഹാജര്‍ സംവിധാനങ്ങളും നിലവിലില്ല. ഓവര്‍ടൈം ക്ലെയിമുകള്‍ കുറവാണെന്നും ക്രമക്കേടുകള്‍ ഉണ്ടായാല്‍ അവ വ്യക്തിഗതമായി പരിഹരിക്കണമെന്നും ഒരു സ്റ്റേഷന്‍ സൂപ്പര്‍വൈസര്‍ അഭിപ്രായപ്പെട്ടു.
ഓവര്‍ടൈം ക്ലെയിമുകളുടെ കേസുകള്‍ വളരെ കുറവാണെന്നും ക്രമക്കേടുകള്‍ ഉണ്ടെങ്കില്‍ അത് ഓരോ കേസിന്റെ അടിസ്ഥാനത്തില്‍ കൈകാര്യം ചെയ്യണമെന്നും ഒരു സ്റ്റേഷന്‍ മാസ്റ്റര്‍ ദേശീയ മാധ്യമത്തോട് പറഞ്ഞു. പല സ്റ്റേഷന്‍ മാസ്റ്റര്‍മാരും എട്ട് മണിക്കൂറിലധികം ജോലി ചെയ്യുന്നുണ്ടെങ്കിലും അധിക സമയം ക്ലെയിം ചെയ്യാറില്ല. പുതിയ സംവിധാനം വഴി ഓവര്‍ടൈം ജോലി സമയം രേഖപ്പെടുത്തിയാല്‍ റെയില്‍വേ അതിന് പണം നല്‍കേണ്ടിവരും ഇത് ബോര്‍ഡിന് പ്രതികൂലമായി മാറിയേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story
Videos