അവധിക്കാലം ആഘോഷിക്കാന്‍ ഭാരത് ഗൗരവ് ട്രെയിന്‍; പുതിയ പാക്കേജുമായി റെയില്‍വേ

അവധിക്കാലത്ത് രാജ്യത്തെ പ്രധാന വിനോദ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ പുതിയ പാക്കേജുമായി എത്തിയിരിക്കുകയാണ് റെയില്‍വേ. ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ (ഐ.ആര്‍.സി.ടി.സി) കീഴിലാണ് ഭാരത് ഗൗരവ് ട്രെയിന്‍ ടൂര്‍ പാക്കേജുമായി മുന്നോട്ടു വന്നത്.

ഗോള്‍ഡന്‍ ട്രയാംഗിള്‍

ട്രെയിനിന്റെ ആദ്യ യാത്ര കഴിഞ്ഞ ദിവസം മധുരയിലേക്ക് ആരംഭിച്ചിരുന്നു. 580 പേരാണ് ആദ്യ യാത്രയില്‍ പങ്കെടുക്കുന്നത്. രണ്ടാമത്തെ യാത്ര ഈ മാസം 19 ന് കേരളത്തില്‍ നിന്നും യാത്ര തിരിച്ച് 'ഹൈദരാബാദും ഗോവയും ഉള്‍പ്പെടുത്തിയുള്ള ഗോള്‍ഡന്‍ ട്രയാംഗിള്‍' വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് മെയ് 30ന് തിരികെ എത്തുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

യാത്ര ഇങ്ങനെ

വിനോദസഞ്ചാരികള്‍ക്ക് കൊച്ചുവേളി, കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട് ജംഗ്ഷന്‍, പോടന്നൂര്‍ ജംഗ്ഷന്‍, ഈറോഡ് ജംഗ്ഷന്‍, സേലം എന്നിവിടങ്ങളില്‍ നിന്ന് ട്രെയിന്‍ കയറാനും മടക്ക യാത്രയില്‍ കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം ടൗണ്‍, കോട്ടയം, കൊല്ലം, കൊച്ചുവേളി എന്നിവിടങ്ങളില്‍ ഇറങ്ങാനും സൗകര്യമൊരുക്കിയിട്ടുണ്ട്.

11 രാത്രിയും 12 പകലും നീണ്ടുനില്‍ക്കുന്ന യാത്രയില്‍, 6475 കിലോമീറ്ററോളം സഞ്ചാരികള്‍ക്ക് യാത്രചെയ്ത് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റി, ചാര്‍മിനാര്‍, സലര്‍ജംഗ് മ്യൂസിയം, ഗാല്‍കൊണ്ട കോട്ട, താജ് മഹലും ആഗ്ര കോട്ടയും, ചെങ്കോട്ട, രാജ് ഘട്ട്, ലോട്ടസ് ടെംപിള്‍, ഖുത്ബ് മിനാര്‍ എന്നിവയും, ജയ്പൂരിലെ സിറ്റി പാലസ്, ജന്തര്‍ മന്തര്‍, ഹവാ മഹല്‍ എന്നിവയും, ഗോവയിലെ കലന്‍ഗുട്ട് ബീച്ച്, വാഗത്തോര്‍ ബീച്ച്, ബസിലിക്ക ഓഫ് ബോം ജീസസ്, സെ കത്തീഡ്രല്‍ എന്നിവയും യാത്രയിലൂടെ സന്ദര്‍ശിക്കാം.

ബുക്കിംഗ് ഇങ്ങനെ

എസി 3 ടയര്‍, സ്ലീപ്പര്‍ ക്ലാസ് എന്നിവ ചേര്‍ന്ന് ആകെ 750 വിനോദസഞ്ചാരികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിന്‍. നോണ്‍ എ.സി ക്ലാസ്സിലെ യാത്രയ്ക്ക് സ്റ്റാന്‍ഡേര്‍ഡ് എന്ന വിഭാഗത്തില്‍ ഒരാള്‍ക്ക് 22,900 രൂപയും തേര്‍ഡ് എ.സി ക്ലാസ്സിലെ യാത്രയ്ക്ക് കംഫര്‍ട്ട് എന്ന വിഭാഗത്തില്‍ ഒരാള്‍ക്ക് 36,050 രൂപയുമാണ്.

ട്രെയിന്‍ യാത്ര, രാത്രി താമസം, യാത്രയ്ക്കുള്ള വാഹനം എന്നിവയും ഇതില്‍ ഉള്‍പ്പെടും. യാത്ര ബുക്കിംഗിനായി റെയില്‍വേ സ്റ്റേഷനുകളിലെ ഐ.ആര്‍.സി.ടി.സി കൗണ്ടറുകളില്‍ ബന്ധപ്പെടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: തിരുവനന്തപുരം 8287932095, എറണാകുളം 8287932082, കോഴിക്കോട് 8287932098, കോയമ്പത്തൂര്‍ 9003140655.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it