വരുമാനം പോരെന്ന്! ട്രെയിന്‍ ടിക്കറ്റ് നിരക്ക് കൂട്ടാന്‍ നിര്‍ദ്ദേശം, ഇന്ത്യന്‍ റെയില്‍വേ നിര്‍ണായക തീരുമാനത്തിന്

എ.സി കോച്ചുകളിലെ ടിക്കറ്റ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാണ് പാര്‍ലമെന്ററി സമിതി നിര്‍ദ്ദേശം
Image Courtesy: x.com/RailMinIndia
Image Courtesy: x.com/RailMinIndia
Published on

ഇന്ത്യന്‍ റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. റെയില്‍വേക്ക് പാസഞ്ചര്‍ സെഗ്‌മെന്റില്‍ (യാത്രാ വിഭാഗം) നിന്നും ലഭിക്കുന്ന വരുമാനം കുറവാണെന്ന റെയില്‍വേ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ക്ക് തുടക്കമിട്ടത്. ചരക്കുനീക്കത്തില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ വളരെ കുറവ് വരുമാനമാണ് യാത്രാ വിഭാഗത്തില്‍ നിന്നുള്ളതെന്ന് കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഇത് മറികടക്കാന്‍ എ.സി കോച്ചുകളിലെ ടിക്കറ്റ് നിരക്ക് പുനപരിശോധിക്കണമെന്നാണ് ആവശ്യം. വിവിധ ക്ലാസുകളിലെയും ട്രെയിനുകളിലെയും ടിക്കറ്റ് നിരക്കില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  ടിക്കറ്റ് നിരക്ക് വര്‍ധനയെക്കുറിച്ച് റെയില്‍വേ വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല.

അതേസമയം, ജനറല്‍ ഓര്‍ഡിനറി ക്ലാസുകളിലെ ടിക്കറ്റ് നിരക്ക് സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിലയില്‍ തുടരണമെന്നും കമ്മിറ്റിയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു. കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ രാജ്യത്തെ ട്രെയിന്‍ യാത്രക്ക് ചെലവേറുമെന്ന് ഉറപ്പാണ്. ഡോ.സി.ആര്‍ രമേശ് അധ്യക്ഷനായ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വച്ചു. 2024-25 വര്‍ഷത്തെ യാത്രാവിഭാഗത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന വരുമാനം 80,000 കോടി രൂപയാണ്. എന്നാല്‍ ചരക്കുനീക്കത്തിലൂടെ 1,80,000 കോടി രൂപ ലഭിക്കുമെന്നും റിപ്പോർട്ടില്‍ പറയുന്നു.

സ്വകാര്യ പങ്കാളിത്തം കൂട്ടണം

റെയില്‍വേ അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാക്കാന്‍ കൂടുതല്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാന്‍ റെയില്‍ മന്ത്രാലയം ശ്രദ്ധിക്കണമെന്നും കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്. പരസ്യവരുമാനം വര്‍ധിപ്പിക്കാന്‍ ആവശ്യമെങ്കില്‍ ബാഹ്യ ഏജന്‍സികളുടെ സഹായം തേടാവുന്നതാണ്. നിലവിലുള്ള ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറി (ഐ.സി.എഫ്) കോച്ചുകള്‍ക്ക് പകരം ലിങ്കെ-ഹോഫ്മാന്‍-ബുഷ് (എല്‍.എച്ച്.ബി) കോച്ചുകളിലേക്ക് മാറണം. സുരക്ഷിതമായ യാത്രക്ക് എല്‍.എച്ച്.ബി കോച്ചുകളാണ് നല്ലത്. നിലവിലെ ഐ.സി.എഫ് കോച്ചുകള്‍ ചരക്കുനീക്കത്തിന് വേണ്ടി ഉപയോഗിക്കാവുന്നതാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കോച്ച് നിര്‍മാണത്തിലെ ലക്ഷ്യത്തിലെത്താന്‍ ഇന്ത്യന്‍ റെയില്‍വേക്ക് കഴിഞ്ഞില്ലെന്നും സമിതി കുറ്റപ്പെടുത്തി. റെയില്‍ വികസനത്തിന് തടസം നില്‍ക്കുന്നത് ഭൂമിയേറ്റെടുക്കല്‍ നടപടികളിലെ കാലതാമസമാണെന്നും ഇത് പരിഹരിക്കണമെന്നും കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, പാര്‍ലമെന്ററി കമ്മിറ്റിയുടെ എല്ലാ നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ അംഗീകരിക്കണമെന്നില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com