Begin typing your search above and press return to search.
സില്‍വര്‍ ലൈനില്‍ വീണ്ടും കേന്ദ്രം, അനുമതി നല്‍കാന്‍ തയാര്‍, നിബന്ധനകള്‍ ബാധകം
സാങ്കേതിക-പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടാല്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്രറെയില്‍വേ വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവ്. പദ്ധതി നടപ്പിലാക്കാന്‍ ചില തടസങ്ങളുണ്ട്. അവ പരിഹരിച്ച് സംസ്ഥാനം പുതിയ പ്രോജക്ട് സമര്‍പ്പിച്ചാല്‍ റെയില്‍വേയുടെ പിന്തുണയുണ്ടാകും. ഇക്കാര്യം ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയതാണെന്നും മന്ത്രി പറഞ്ഞു. പുതുക്കി പണിയുന്ന തൃശൂര്‍ റെയില്‍വേ സ്റ്റേഷന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എത്തിയതായിരിന്നു മന്ത്രി.
കേരളത്തിലെ 32 റെയില്‍വേ സ്റ്റേഷനുകള്‍ പൂര്‍ണമായും പുതുക്കിപ്പണിയുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന് 393 കോടി രൂപ അനുവദിച്ചു. മംഗളൂരു-ഷൊര്‍ണൂര്‍ മൂന്നും നാലും പാതകള്‍ നിര്‍മിക്കും. ഷൊര്‍ണൂര്‍-എറണാകുളം-കോട്ടയം-തിരുവനന്തപുരം, തിരുവനന്തപുരം-നാഗര്‍കോവില്‍-കന്യാകുമാരി എന്നീ റൂട്ടുകളില്‍ മൂന്നാം പാത നിര്‍മിക്കുന്നതിലും ശ്രദ്ധകേന്ദ്രീകരിക്കും. നിലവിലെ പാത ഇരട്ടിപ്പിക്കല്‍ പദ്ധതിക്ക് 460 ഏക്കര്‍ ഭൂമിയാണ് ആവശ്യം. ഇതില്‍ 63 ഏക്കറാണ് ഏറ്റെടുക്കാനായത്. കേരളത്തിനായി കൂടുതല്‍ മെമു ട്രെയിനുകള്‍ അനുവദിക്കുന്നതിനായുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു. ശബരി റെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്ര സര്‍ക്കാരുമായി റെയില്‍മന്ത്രാലയം ഉണ്ടാക്കിയ ധാരണയുടെ മാതൃകയിലാണ് ശബരിപാതയും നിര്‍മിക്കാന്‍ ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കെ-റെയില്‍ വീണ്ടും
കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ (കെ-റെയില്‍) നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡി.പി.ആര്‍ 2020 ജൂണില്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. പദ്ധതിയുടെ ഭാഗമായി കേരളത്തിലുടനീളം സര്‍വേ നടപടികള്‍ ആരംഭിച്ചതോടെ പ്രതിഷേധം കനത്തു. രാഷ്ട്രീയ വിവാദങ്ങളിലേക്ക് പദ്ധതി നീണ്ടതോടെ സംസ്ഥാന സര്‍ക്കാരും പദ്ധതിയില്‍ നിന്നും തത്കാലം പിന്‍വാങ്ങി. എന്നാല്‍ വിഴിഞ്ഞം തുറമുഖം, പാലക്കാട് വ്യവസായിക പാര്‍ക്ക് തുടങ്ങി വന്‍ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കുമ്പോള്‍ അതിവേഗ ട്രെയിന്‍ സര്‍വീസ് വ്യവസായ വളര്‍ച്ചക്ക് വേഗം കൂട്ടുമെന്നാണ് വിദഗ്ധാഭിപ്രായം. സില്‍വര്‍ ലൈന്‍ പദ്ധതിക്കായി കേരളം പുതുക്കിയ ഡി.പി.ആര്‍ സമര്‍പ്പിക്കുമോയെന്ന് വ്യക്തമല്ല.
കേരളത്തിന് പ്രതീക്ഷ
അതേസമയം, മന്ത്രിയുടെ വാക്കുകള്‍ രൂക്ഷമായ യാത്രാ ദുരിതം അനുഭവിക്കുന്ന കേരളത്തിലെ ട്രെയിന്‍ യാത്രക്കാര്‍ പ്രതീക്ഷയോടെയാണ് കേട്ടത്. ദേശീയ പാതനിര്‍മാണം നടക്കുന്നതിനാല്‍ സംസ്ഥാനത്തെ ട്രെയിനുകളില്‍ രൂക്ഷമായ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിന് പരിഹാരമായി കൂടുതല്‍ പാസഞ്ചര്‍/മെമു ട്രെയിനുകള്‍ അനുവദിക്കണമെന്ന് യാത്രക്കാര്‍ നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്. ആലപ്പുഴ വഴിയുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ വന്ദേഭാരതിന് വേണ്ടി പിടിച്ചിടാറുണ്ടെന്ന പരാതിയും വ്യാപകമാണ്. ഇത് പരിഹരിക്കുമെന്നും ആവശ്യമെങ്കില്‍ വന്ദേഭാരത് സര്‍വീസ് കോട്ടയം വഴിയാക്കുമെന്നും മന്ത്രി പറഞ്ഞു.
Next Story
Videos