കേരളത്തിന് റെയില്‍വേയുടെ സര്‍പ്രൈസ് സമ്മാനം; തിരക്കേറിയ റൂട്ടില്‍ മെമു സ്‌പെഷ്യല്‍ സര്‍വീസും വൈകില്ല

യാത്രക്ലേശത്തില്‍ ബുദ്ധിമുട്ടുന്ന കൊല്ലം-എറണാകുളം റൂട്ടില്‍ പ്രത്യേക സര്‍വീസ് അനുവദിച്ച് റെയില്‍വേ. കഴിഞ്ഞ ആഴ്ച്ചകളില്‍ നാലോളം യാത്രക്കാര്‍ വേണാട് എക്‌സ്പ്രസില്‍ കുഴഞ്ഞു വീണിരുന്നു. തിരക്ക് പരിധിവിട്ടതോടെയായിരുന്നു ഇത്. സമൂഹമാധ്യമങ്ങളില്‍ അടക്കം പ്രതിഷേധം രൂക്ഷമായതോടെയാണ് റെയില്‍വേ സ്‌പെഷ്യല്‍ സര്‍വീസ് പ്രഖ്യാപിച്ചത്.
യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ സമയത്താണ് സ്‌പെഷ്യല്‍ സര്‍വീസ് നടത്തുക. ആഴ്ച്ചയില്‍ അഞ്ചുദിവസമാകും ഈ ട്രെയിന്‍ ഓടുക. തിങ്കള്‍ മുതല്‍ വെള്ളി വരെ സര്‍വീസ് നടത്തുന്ന ട്രെയിന്‍ കൊല്ലത്തു നിന്ന് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാവിലെ 6.15നും വ്യാഴം, വെള്ളി ദിവസങ്ങളില്‍ 9.35നുമാകും സര്‍വീസ് ആരംഭിക്കുക. എറണാകുളത്തു നിന്ന് ഈ ട്രെയിനിന്റെ മടക്കയാത്ര ഉച്ചയ്ക്ക് 1.30നാണ്. യാത്രക്കാര്‍ക്കും ജോലിക്കാര്‍ക്കും കൂടുതല്‍ അനുയോജ്യമായ സമയത്ത് ട്രെയിന്‍ ഓടിക്കണമെന്ന ആവശ്യം ശക്തമാണ്.

സര്‍വീസുകള്‍ ഏഴുമുതല്‍

ഈ മാസം ഏഴു മുതലാണ് സര്‍വീസുകള്‍ ആരംഭിക്കുന്നത്. പ്രവൃത്തി ദിവസങ്ങളിലുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാന്‍ പുതിയ സര്‍വീസ് സഹായിക്കുമെന്ന് റെയില്‍വേ അറിയിച്ചു. പുനലൂര്‍- എറണാകുളം മെമു സര്‍വീസും ഉടന്‍ ആരംഭിക്കുമെന്നും റെയില്‍വേ വ്യക്തമാക്കി. കോച്ചുകള്‍ തിരുവനന്തപുരം ഡിവിഷന് ലഭിക്കുന്നത് പ്രകാരം സര്‍വീസ് തുടങ്ങാനാണ് പദ്ധതി.
സംസ്ഥാനത്ത് പലയിടത്തും റോഡുപണി നടക്കുന്നതിനാല്‍ ബസ് ഒഴിവാക്കി പലരും ട്രെയിനിനെയാണ് ആശ്രയിക്കുന്നത്. ഇതാണ് യാത്രദുരിതം വര്‍ധിക്കാന്‍ ഒരു കാരണം. യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതോടെ ട്രെയിനുകളില്‍ കുഴഞ്ഞു വീഴുന്നവരുടെ സംഖ്യയും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ വേണാട് എക്‌സ്പ്രസില്‍ കൂടുതല്‍ കോച്ച് അനുവദിക്കണമെന്ന ആവശ്യവുമായി റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി വി. അബ്ദു റഹിമാന്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന് കത്തെഴുതിയിരുന്നു.
Related Articles
Next Story
Videos
Share it