21 ശതമാനം ടിക്കറ്റുകളും ക്യാന്‍സലാവുന്നു, ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് രീതികളില്‍ മാറ്റം വരുത്തി ഇന്ത്യന്‍ റെയില്‍വേ

ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി ഇന്ത്യന്‍ റെയില്‍വേ. മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ചു. ഇനി മുതല്‍ യാത്രയുടെ 60 ദിവസം മുന്‍പ് മാത്രമായിരിക്കും ടിക്കറ്റ് ബുക്ക് ചെയ്യാനാവുക. നേരത്തെ ഇത് 120 ദിവസമായിരുന്നു. പുതിയ രീതി നവംബര്‍ ഒന്ന് മുതല്‍ നിലവില്‍ വരും. ഒക്ടോബര്‍ 31 വരെ 120 ദിവസത്തേക്കുള്ള അഡ്വാന്‍സ് ബുക്കിംഗ് സൗകര്യം ലഭ്യമാകുമെന്നും റെയില്‍വേ അറിയിച്ചു.

ഈ ട്രെയിനുകളില്‍ പരിധിയില്ല

എല്ലാ ട്രെയിനുകളിലും മുന്‍കൂട്ടിയുള്ള ടിക്കറ്റ് ബുക്കിംഗിന് പരിധി നിശ്ചയിച്ചിട്ടില്ലെന്നും റെയില്‍വേ പറയുന്നു. വിദേശ വിനോദ സഞ്ചാരികള്‍ക്ക് യാത്രാ തീയതിയുടെ 365 ദിവസം മുന്‍പ് വരെ ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ടാകും. പകല്‍ സമയത്ത് മാത്രം യാത്ര ചെയ്യുന്ന ചില എക്‌സ്പ്രസ് ട്രെയിനുകളിലും നിലവിലെ രീതി തുടരും.

21 ശതമാനം ക്യാന്‍സലേഷന്‍

120 ദിവസം മുമ്പ് അഡ്വാന്‍സ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതില്‍ 21 ശതമാനം പേരും യാത്രയ്ക്ക് മുമ്പ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതായി റെയില്‍വേ കണ്ടെത്തിയിരുന്നു. കൂടാതെ 5 ശതമാനം യാത്രക്കാർ ടിക്കറ്റ് എടുത്ത ശേഷം യാത്ര ഉപേക്ഷിക്കുന്നു. ഇവർ ടിക്കറ്റ് ക്യാൻസൽ ചെയ്യാറുമില്ല. ഇതുമൂലം അവസാന നിമിഷം മറ്റൊരാള്‍ക്ക് ടിക്കറ്റ് നല്‍കാന്‍ കഴിയാതെ വരികയും സീറ്റ് ഒഴിച്ചിട്ട് സര്‍വീസ് നടത്തേണ്ടി വരുന്നതായും റെയില്‍വേ വൃത്തങ്ങള്‍ പറയുന്നു.ഇതൊഴിവാക്കാനാണ് അഡ്വാന്‍സ് ടിക്കറ്റിംഗ് പരിധി കുറച്ചതെന്നും റെയില്‍വേ വിശദീകരിക്കുന്നു. അതേസമയം, കൂട്ടത്തോടെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്ന പ്രവണത ഉത്തരേന്ത്യയില്‍ മാത്രമാണെന്നും മലയാളികള്‍ കൂടുതല്‍ സഞ്ചരിക്കുന്ന റൂട്ടുകളില്‍ ഈ പതിവില്ലെന്നും മലയാളി യാത്രക്കാരുടെ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

നേരത്തെ യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് തിരിച്ചടി

റെയില്‍വേയുടെ നടപടി മുന്‍കൂട്ടി യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് തിരിച്ചടിയാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ഉത്സവ സീസണുകളിലും തിരക്കുള്ള മറ്റ് സമയത്തും നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്താലും റിസര്‍വേഷന്‍ ലഭിക്കാറില്ല. അവധി കണക്കാക്കി മാസങ്ങള്‍ക്ക് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്താണ് മിക്കവരും ഇതിനെ മറികടക്കുന്നത്. മുൻകൂട്ടി ടിക്കറ്റ് ബുക്ക്‌ ചെയ്യാനുള്ള പരിധി കുറച്ചതോടെ ഈ സൗകര്യം ലഭിക്കില്ല. എന്നാൽ പരിധി കുറച്ചതോടെ ടിക്കറ്റ് ബുക്കിംഗ് കൂടുതൽ കാര്യക്ഷമമാകുമെന്നാണ് റെയിൽവേ പറയുന്നത്.

Related Articles
Next Story
Videos
Share it