പാമ്പന്‍ പാലം 'അപകട'ത്തില്‍; റെയില്‍വേ സുരക്ഷ കമീഷണറുടെ റിപ്പോര്‍ട്ടില്‍ ആശങ്ക; അന്വേഷണത്തിന് സമിതി

രാമേശ്വരത്തെ പുതിയ പാമ്പന്‍പാലത്തെക്കുറിച്ച് സുരക്ഷാ ആശങ്കകള്‍. നിര്‍മാണം പൂര്‍ത്തിയായി ഏറെ വൈകാതെ കമീഷന്‍ ചെയ്യാനിരിക്കേ, റെയില്‍വേ സേഫ്ടി കമീഷണറുടെ റിപ്പോര്‍ട്ടാണ് ആശങ്ക ഉയര്‍ത്തുന്നത്. റിപ്പോര്‍ട്ടിലെ ആശങ്കകളെക്കുറിച്ച് പഠിക്കാന്‍ റെയില്‍വേ അഞ്ച് അംഗ പ്രത്യേക സമിതിയെ നിയോഗിച്ചു. അതേസമയം, പുതിയ പാമ്പന്‍പാലം എഞ്ചിനീയറിംഗ് മികവിന്റെ ഏറ്റവും നല്ല ഉദാഹരണമാണെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.
രാമേശ്വരവുമായി വന്‍കരയെ ബന്ധിപ്പിക്കുന്ന പാമ്പന്‍ പാലത്തിന് 2.05 കിലോമീറ്ററാണ് നീളം. രാജ്യത്ത് മറ്റൊരിടത്തുമില്ലാത്ത 72 മീറ്റര്‍ ലിഫ്റ്റ് സ്പാന്‍ മറ്റൊരു പ്രത്യേകത. കപ്പലുകള്‍ പാലത്തിനടിയിലൂടെ നിര്‍ബാധം കടന്നു പോകുന്ന വിധമാണ് പുതിയ പാലത്തിന്റെ ഉയരം.

എഞ്ചിനീയറിംഗ് മികവ് പഴയ പാലത്തിനെന്ന് കമീഷണര്‍

മണ്ഡപത്തു നിന്ന് പാമ്പന്‍ സ്‌റ്റേഷന്‍ വരെയുള്ള പാലം ഗതാഗത യോഗ്യമാണെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ടു തന്നെയാണ് പാലത്തിലെ നിര്‍മാണ പിഴവുകള്‍ റെയില്‍ സുരക്ഷ കമീഷണര്‍ എ.എം ചൗധരി ചൂണ്ടിക്കാട്ടിയത്. ആസൂത്രണ ഘട്ടം മുതല്‍ നിര്‍മാണം വരെ വിവിധ പിഴവുകള്‍ നിറഞ്ഞതാണ് പാമ്പന്‍ പുതിയ പാലമെന്ന് കമീഷണര്‍ പറഞ്ഞു. 1914ല്‍ ബ്രിട്ടീഷുകാരുടെ കാലത്ത് പണികഴിപ്പിച്ച് 2022ല്‍ ഡീകമീഷന്‍ ചെയ്ത പഴയ പാലത്തിനു പകരമാണ് പുതിയ പാലം. കപ്പലുകള്‍ക്ക് കടന്നു പോകാന്‍ പ്രത്യേക റോളിംഗ് ലിഫ്റ്റ് പഴയ പാലത്തിലുണ്ട്. ഇത് രണ്ടുപേര്‍ ചേര്‍ന്ന് ഉയര്‍ത്തിയാല്‍ കപ്പലിന് കടന്നു പോകാം. സാങ്കേതിക വിദ്യയില്‍ 110 കൊല്ലം പഴക്കമുണ്ടെങ്കിലും പഴയ പാലത്തിന്റെ നിര്‍മാണമാണ് കുറ്റമറ്റതെന്ന് കമീഷണര്‍ വിശദീകരിച്ചു.

വിശദീകരണവുമായി റെയില്‍വേ

അതേസമയം, പാലത്തിന്റെ ഡിസൈന്‍ ഇന്ത്യ, യൂറോപ്യന്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് അന്താരാഷ്ട്ര കണ്‍സള്‍ട്ടന്റുമാര്‍ രൂപപ്പെടുത്തിയതാണെന്നും ചെന്നൈ, മുംബൈ ഐ.ഐ.ടികള്‍ വിശദ പരിശോധന നടത്തിയതാണെന്നും റെയില്‍വേ മന്ത്രാലയം വിശദീകരിച്ചു.
പുതിയ പാമ്പന്‍ പാലത്തിന്റെ സവിശേഷതയും കെട്ടുറപ്പും എടുത്തുകാട്ടി റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് വെള്ളിയാഴ്ച രംഗത്തുവന്നു. സമുദ്ര നിരപ്പില്‍ നിന്ന് 19 മീറ്റര്‍ ഉയരത്തിലാണ് പഴയ പാലമെങ്കില്‍ പുതിയ പാലത്തിന് 22 മീറ്ററാണ് ഉയരം. 535 കോടി രൂപ ചെലവില്‍ റെയില്‍ വികാസ് നിഗം ലിമിറ്റഡ് നിര്‍മിച്ച പുതിയ പാലം വൈകാതെ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി 'എക്‌സി'ല്‍ കുറിച്ചു.
Related Articles
Next Story
Videos
Share it