കേരളത്തിന്റെ രണ്ടാം വന്ദേ ഭാരതിന്റെ നിറം കാവി
കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. ഡിസൈനിലും നിറത്തിലും മാറ്റം വരുത്തിയ കാവി നിറത്തിലുള്ള റേക്കാണ് അനുവദിച്ചത്. എട്ട് കോച്ച് അടങ്ങിയ ആദ്യ റേക്ക് ഇന്ന് രാവിലെയോടെ ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെടും. പാലക്കാട് ഡിവിഷനാണ് ഈ റേക്ക് അനുവദിച്ചിരിക്കുന്നത്. ഇത് മംഗലാപുരത്തേക്കാണ് എത്തിക്കുക.
റൂട്ടുകളില്‍ തീരുമാനമായിട്ടില്ല
റൂട്ടുകളുള്‍പ്പെടെ അന്തിമതീരുമാനം ആയിട്ടില്ല. രണ്ടു റൂട്ടുകളാണ് പരിഗണനയിലുള്ളത്. ഒന്ന് മംഗലാപുരത്തു നിന്ന് തിരുവനന്തപുരത്തേക്ക്. അല്ലെങ്കില്‍ മംഗലാപുരത്തു നിന്ന് എറണാകുളത്തേക്ക്. രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് കാസര്‍കോട്ടെത്തി രാത്രി മടങ്ങിയെത്തുന്നതാണ് സര്‍വിസ്.
ഇതേ സമയത്ത് മംഗലാപുരത്ത് നിന്ന് രാവിലെ ആരംഭിക്കുന്ന സമയക്രമമാണ് പരിഗണിക്കുന്നത്. ഉച്ചയ്ക്ക് തിരുവനന്തപുരത്തെത്തി തിരിച്ച് രണ്ടുമണിയോടെ പുറപ്പെട്ടാല്‍ രാത്രി 11മണിക്കുള്ളില്‍ മംഗളൂരുവിലെത്തും.ഇതിനൊപ്പം ഗോവ-എറണാകുളം റൂട്ടും പരിഗണിക്കുന്നതായാണ് സൂചന.
പ്രധാനപ്പെട്ട രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കാമെന്ന ആശയം മുന്‍നിര്‍ത്തിയാണ് ഗോവ-എറണാകുളം റൂട്ടും പരിഗണിക്കുന്നത്. തിരുവനന്തപുരം-മംഗളൂരു റൂട്ടില്‍ ചില വണ്ടികളുടെ സമയം മാറ്റിയതും രണ്ടാം വന്ദേഭാരത് വരുന്നതിന്റെ സൂചനയാണ്. ദക്ഷിണ റെയില്‍വേ ബോര്‍ഡ് ആണ് റൂട്ട് തീരുമാനിക്കുക. കേരളത്തിന് അനുവദിച്ച ആദ്യ വന്ദേ ഭാരത് തിരുവനന്തപുരം- കാസര്‍കോട് റൂട്ടിലാണ് ഓടുന്നത്. 25 ഓളം വന്ദേ ഭാരത് ട്രെയിനുകളാണ് രാജ്യത്തുടനീളം സര്‍വിസ് നടത്തുന്നത്.