

വര്‍ധിച്ചു വരുന്ന ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ചെറുകിട ആണവ വൈദ്യുത നിലയങ്ങള്‍ സ്ഥാപിക്കാന്‍ നീക്കങ്ങള്‍ ശക്തമാക്കി ഇന്ത്യന്‍ റെയില്‍വേ. 2030ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നത് ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ ഫലപ്രാപ്തിയിലെത്തിക്കാന്‍ ഈ പദ്ധതി ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.
2016ല്‍ ഇത്തരത്തിലൊരു പദ്ധതിക്കായി റെയില്‍വേ പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ചര്‍ച്ച കാര്യമായ രീതിയില്‍ മുന്നോട്ടു പോയില്ല. വലിയ മുതല്‍മുടക്ക് വേണ്ടി വരുമെന്നതായിരുന്നു പദ്ധതിയുമായി മുന്നോട്ടു പോകുന്നതില്‍ നിന്ന് റെയില്‍വേയെ പിന്നോട്ടു വലിച്ചത്.
റെയില്‍വേ ലൈനുകള്‍ വൈദ്യുതീകരിക്കുന്ന പ്രവര്‍ത്തികള്‍ അതിവേഗം മുന്നോട്ടു പോകുകയാണ്. ഊര്‍ജ്ജാവശ്യങ്ങള്‍ മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ വലിയ തോതില്‍ കൂടിയിട്ടുണ്ട്. 2030ഓടെ 10 ഗിഗാവാട്ട് വൈദ്യുതി റെയില്‍വേയ്ക്ക് ആവശ്യമായി വരും.
ആണവ നിലയങ്ങള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്തുകയെന്നത് റെയില്‍വേയെ സംബന്ധിച്ച് അത്ര പ്രയാസമല്ല. രാജ്യമെങ്ങും അനുയോജ്യമായ ഭൂമി റെയില്‍വേയുടെ കൈവശമുണ്ട്.
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ആറ്റോമിക് എനര്‍ജി (ഡി.എ.ഇ), വൈദ്യുതി മന്ത്രാലയം എന്നിവര്‍ ഉള്‍പ്പെടുന്ന സംയുക്ത സംരംഭങ്ങളായിട്ടാകും പദ്ധതി നടപ്പിലാക്കുക. ഉത്പാദിപ്പിക്കുന്ന വൈദ്യുതി വാങ്ങാമെന്ന ഉറപ്പ് റെയില്‍വേ നല്കും. പദ്ധതിക്ക് ആവശ്യമായ വലിയ ചെലവ് കണ്ടെത്താന്‍ ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പറേഷനാകും ചുമതല. റെയില്‍വേയും പൊതുമേഖല സ്ഥാപനങ്ങളും പദ്ധതിയുടെ ഭാഗമാകുമെന്നാണ് വിവരം.
കേന്ദ്ര ബജറ്റില്‍ ആണവോര്‍ജ പദ്ധതികള്‍ക്കായി 20,000 കോടി രൂപ വകയിരുത്തിയിരുന്നു. വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ആണവോര്‍ജ്ജത്തിന് സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്കുന്നുവെന്നതിന്റെ സൂചനയായിട്ടാണ് ഈ നീക്കം വിലയിരുത്തപ്പെട്ടത്. ഇന്ത്യന്‍ റെയില്‍വേക്കായി വൈദ്യുതി കണ്ടെത്താന്‍ ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യയെ സമീപിച്ചതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം രാജ്യസഭയെ അറിയിച്ചിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine