വരുമാനം കൂട്ടാന്‍ സ്ലീപ്പര്‍ കോച്ചുകള്‍ വെട്ടിക്കുറച്ച് റെയില്‍വേ; പകരം തേര്‍ഡ് എ.സി

വരുമാനം കൂട്ടാനുള്ള നടപടികളുടെ ഭാഗമായി വിവിധ ട്രെയിനുകളുടെ സ്ലീപ്പര്‍ കോച്ചുകള്‍ വെട്ടിക്കുറച്ച് പകരം അതിനേക്കാള്‍ കൂടുതല്‍ ടിക്കറ്റ് നിരക്കുള്ള തേര്‍ഡ് എ.സി ഏര്‍പ്പെടുത്താന്‍ റെയില്‍വേയുടെ നീക്കം. ജനങ്ങള്‍ ഏറെ ആശ്രയിക്കുന്നതും എപ്പോഴും തിരക്കുള്ളതുമായ മാവേലി എക്‌സ്പ്രസ്, മംഗലാപുരം-ചെന്നൈ മെയില്‍, മംഗലാപുരം-ചെന്നൈ വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസ്, മലബാര്‍ എക്‌സ്പ്രസ് എന്നിവയുടെ ഓരോ സ്ലീപ്പര്‍ കോച്ച് വീതം കുറച്ച് പകരം 3-ടിയര്‍ എ.സി ഏര്‍പ്പെടുത്തുന്ന തീരുമാനം പ്രാബല്യത്തിലായി കഴിഞ്ഞു.

വൈകാതെ കൂടുതല്‍ ട്രെയിനുകളിലേക്കും ഈ തീരുമാനം നടപ്പാകുമെന്നാണ് സൂചനകള്‍. ഒരു സ്ലീപ്പര്‍ കോച്ച് തേര്‍ഡ് എ.സി കോച്ചായി മാറ്റുന്നതിലൂടെ 72 സീറ്റുകള്‍ക്കാണ് മാറ്റം വരുന്നത്. ജനറല്‍ കോച്ചുകളുടെ എണ്ണവും കുറയ്ക്കാന്‍ നീക്കമുണ്ട്.
ലക്ഷ്യം ഉയര്‍ന്ന വരുമാനം
നേരത്തേ മംഗലാപുരം-തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസിലെ ഒരു ജനറല്‍ കോച്ച് നിറുത്തലാക്കി, പകരം തേര്‍ഡ് എ.സി കൊണ്ടുവന്നിരുന്നു. ജനറല്‍, സ്ലീപ്പര്‍ കോച്ചുകളേക്കാള്‍ വരുമാനം കൂടുതല്‍ എ.സി കോച്ചുകളില്‍ നിന്നാണെന്ന് ചൂണ്ടിക്കാട്ടിയാണ് റെയില്‍വേയുടെ നീക്കം. ഓരോ സ്ലീപ്പര്‍ കോച്ചും എ.സിയായി മാറ്റുമ്പോള്‍ ഇരട്ടിയോളം വരുമാനം റെയില്‍വേക്ക് കിട്ടും. ജനറല്‍, സ്ലീപ്പര്‍ കോച്ചുകള്‍ കുറയുന്നതോടെ ട്രെയിന്‍ യാത്രയ്ക്ക് യാത്രക്കാര്‍ കൂടുതല്‍ പണം ചെലവാക്കേണ്ട സ്ഥിതിയും വരും.
വരുമാനത്തില്‍ മാത്രമാണ് റെയില്‍വേയുടെ നോട്ടമെന്നും സ്ലീപ്പറുകള്‍ വെട്ടിക്കുറയ്ക്കുന്നതിനെതിരെ പരാതിപ്പെട്ടാലും റെയില്‍വേ അധികൃതര്‍ ചെവിക്കൊള്ളാന്‍ പോകുന്നില്ലെന്നും തിരുകൊച്ചി റെയില്‍ കമ്മ്യൂട്ടേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍
ധനംഓണ്‍ലൈന്‍.കോമിനോട്
പറഞ്ഞു.
റെയില്‍വേയെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമായാണ് സ്ലീപ്പര്‍ കോച്ചുകള്‍ വെട്ടിക്കുറയ്ക്കുന്നതും മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഇളവുകള്‍ വെട്ടിക്കുറച്ചതും ഉള്‍പ്പെടെയുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കുന്നതെന്ന് ഇടത് യുവസംഘടനയായ ഡി.വൈ.എഫ്.ഐ കുറ്റപ്പെടുത്തി.
പാസഞ്ചറുകളെ എക്‌സ്പ്രസാക്കി
കൊവിഡ് പശ്ചാത്തലത്തില്‍ പാസഞ്ചര്‍ സര്‍വീസുകളെ റെയില്‍വേ സ്‌പെഷ്യല്‍ എക്‌സ്പ്രസുകളാക്കി മാറ്റിയിരുന്നു. പാസഞ്ചറുകളായി തന്നെയാണ് സര്‍വീസെങ്കിലും ഈടാക്കുന്നത് എക്‌സ്പ്രസിന്റെ നിരക്കാണ്. കൊവിഡ് പ്രതിസന്ധികള്‍ മാഞ്ഞ് വര്‍ഷം രണ്ട് കഴിഞ്ഞിട്ടും ഇവയെ തിരികെ പാസഞ്ചറുകളാക്കി മാറ്റാന്‍ റെയില്‍വേ തയ്യാറായിട്ടില്ല. വരുമാനം കുറയുമെന്ന് കാട്ടിയാണിത്.
പാസഞ്ചറിനെ സ്‌പെഷ്യല്‍ എക്‌സ്പ്രസ് ആക്കിയപ്പോള്‍ 15 രൂപ മാത്രമായിരുന്ന കോട്ടയം-എറണാകുളം ടിക്കറ്റ് നിരക്ക് ഒറ്റയടിക്ക് 40 രൂപയായാണ് ഉയര്‍ന്നത്. ഇതിനെതിരെ വിവിധ പാസഞ്ചര്‍ അസോസിയേഷനുകള്‍ പരാതിപ്പെട്ടിട്ടും ഫലമുണ്ടായിട്ടില്ല.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it