Begin typing your search above and press return to search.
പഴയ തീവണ്ടി കോച്ചില്‍ ആഡംബര റെസ്‌റ്റോറന്റ്; ക്ലിക്കായി റെയില്‍വേയുടെ ന്യൂജന്‍ ഐഡിയ
ടിക്കറ്റ്, ചരക്കുനീക്കം എന്നിവയ്‌ക്കൊപ്പം മറ്റു മേഖലകളില്‍ നിന്ന് വരുമാനം കണ്ടെത്താനുള്ള ശ്രമത്തിലാണ് റെയില്‍വേ. ഇത്തരത്തില്‍ റെയില്‍വേ നടത്തിയൊരു നവീന ആശയം ഇപ്പോള്‍ ഹിറ്റായി മാറിയിരിക്കുകയാണ്. കാലാവധി പൂര്‍ത്തിയാക്കിയ ബോഗികളില്‍ ആഡംബര റെസ്‌റ്റോറന്റുകള്‍ തുറന്നതാണ് വലിയ വിജയമായി മാറിയത്.
നിലവില്‍ ഡല്‍ഹി. ബംഗളൂരു, ഹൈദരാബാദ് സ്‌റ്റേഷനുകളില്‍ ഇത്തരം കോച്ച് റെസ്‌റ്റോറന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 20 വര്‍ഷം പഴക്കമുള്ള ബോഗികളാണ് സ്വകാര്യ കമ്പനികള്‍ക്ക് വിട്ടുകൊടുക്കുന്നത്. ലേലത്തിലൂടെ ആര്‍ക്കും ബോഗികള്‍ സ്വന്തമാക്കാം. ബോഗികള്‍ കിടക്കുന്ന ഭൂമിയും അഞ്ചുവര്‍ഷത്തേക്ക് പാട്ടത്തിന് കൊടുക്കും.
ഒരേസമയം 40 പേര്‍ക്ക് ഭക്ഷണം കഴിക്കാം
റെയില്‍വേ ആവശ്യപ്പെടുന്ന സൗകര്യങ്ങള്‍ അനുസരിച്ചായിരിക്കണം റെസ്‌റ്റോറന്റ് നടത്തേണ്ടത്. ഡല്‍ഹിയിലും ബംഗളൂരുവിലും ആരംഭിച്ച ബോഗി റെസ്‌റ്റോറന്റുകള്‍ ഇതിനകം ഹിറ്റായിട്ടുണ്ട്. പുറമേ നിന്ന് നോക്കുമ്പോള്‍ ചെറുതെന്ന് തോന്നുമെങ്കിലും അകത്ത് വലിയ സൗകര്യങ്ങളും ആഡംബരവും സമന്വയിപ്പിച്ചാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഒരേസമയം 40 പേര്‍ക്കിരുന്ന് ഭക്ഷണം കഴിക്കാന്‍ സാധിക്കും.
യാത്രക്കാര്‍ക്ക് മാത്രമല്ല ഈ ഹോട്ടലുകളില്‍ പ്രവേശനം. താല്പര്യമുള്ള ആര്‍ക്കും ഇവിടെ കയറി ഭക്ഷണം കഴിക്കാം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ജനപ്രിയ വിഭവങ്ങളും ലഭ്യമാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതിനാല്‍ യാത്രക്കാര്‍ക്കും ഗുണമാണ്.
ഹൈദരാബാദ് കച്ചിഗുഡ, ബംഗളൂരു മജസ്റ്റിക്, ബൈപ്പിനഹള്ളി എസ്.എം.ബി.ടി സ്റ്റേഷന്‍, ഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് നിലവില്‍ ഹോട്ടലുകളുള്ളത്. അധികം താമസിയാതെ പ്രധാന സ്റ്റേഷനുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാന്‍ റെയില്‍വേയ്ക്ക് ആലോചനയുണ്ട്.
Next Story
Videos