സെപ്റ്റംബറില്‍ കൂടുതല്‍ മഴ ലഭിച്ചേക്കുമെന്ന് നിരീക്ഷകര്‍

കേരളത്തില്‍ സെപ്റ്റംബര്‍ രണ്ടിനു ശേഷം മഴ വ്യാപകമാകുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ മെറ്റ്ബീറ്റ് വെതര്‍. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദമാണ് മഴയ്ക്കു കാരണമാവുക. സെപ്റ്റംബര്‍ മൂന്നിന് മഴ കൂടുതല്‍ ശക്തമാവും. ആദ്യഘട്ടത്തില്‍ കേരളത്തിലെ തെക്കന്‍ ജില്ലകളിലും പിന്നീട് വടക്കന്‍ ജില്ലകളിലുമാണ് മഴ ശക്തമാവുക. സെപ്റ്റംബറില്‍ 250 മി.മീ അധികം മഴ ലഭിക്കാനാണു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.

സാധാരണയില്‍ കൂടുതല്‍ മഴയാണ് സെപ്റ്റംബറില്‍ ലഭിക്കുക. പസഫിക് സമുദ്രത്തിലെ മൂന്ന് ചുഴലിക്കാറ്റുകളാണ് ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ രൂപീകരണത്തിനു കാരണമാവുന്നത്. റെഡ് അലര്‍ട്ട് അടക്കം പ്രഖ്യാപിക്കേണ്ട സാഹചര്യമാണ് ഉണ്ടാവുകയെന്നും നിരീക്ഷകര്‍ പറയുന്നു. മലവെള്ളപ്പാച്ചിലിനു സാധ്യതയുള്ളതിനാല്‍ കിഴക്കന്‍ മലയോര മേഖലകളിലെ വെള്ളച്ചാട്ടങ്ങള്‍, നീര്‍ച്ചാലുകളിലേക്ക് പോവുന്നവര്‍ ജാഗ്രത പാലിക്കണം. ഇന്നലെ മുതല്‍ മലയോര മേഖലകളിലെ വനങ്ങളില്‍ മഴ പെയ്തുതുടങ്ങിയിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, ജില്ലകളില്‍ ശക്തമായ മഴയും കാറ്റുമുണ്ടായിരുന്നു.

ഈ മഴയിലും വെള്ളം കരുതിയില്ലെങ്കില്‍...!

കേരളത്തിലെ മഴക്കുറവ് ഈ മാസത്തോടെ 50 ശതമാനത്തിനു മേലെയാകുകയാണ്. കുടിവെള്ളക്ഷാമവും രൂക്ഷമാണ്. 2023ലെ കാലവര്‍ഷത്തേക്കാള്‍ 2024 ലെ വരള്‍ച്ചയെയാണ് കരുതേണ്ടതെന്ന് മെറ്റ്ബീറ്റ് വെതര്‍ പറയുന്നു. സെപ്റ്റംബറില്‍ പെയ്യുന്ന മഴയിലാണ് കാര്യമായി ജലം ലഭിക്കുക. ദീര്‍ഘകാല ശരാശരി പ്രകാരം 252 മി.മീ മഴയാണ് സെപ്റ്റംബറില്‍ ലഭിക്കേണ്ടത്. ഇതിനേക്കാള്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം.

കേരളത്തിനൊപ്പം ലക്ഷദ്വീപിലും ശ്രീലങ്കയിലും മഴ ലഭിക്കും. ഈ മഴ ആവശ്യത്തിന് ഡാമുകളിലും ജലസംഭരണികളിലും സൂക്ഷിക്കേണ്ടതുണ്ട്. മഴവെള്ളം ഒഴുകിപ്പോകാത്ത വിധത്തില്‍ ഭൂമിയിലേക്ക് ഇറക്കിവിട്ടില്ലെങ്കില്‍ ഭൂഗര്‍ഭ ജലത്തില്‍ കുറവുണ്ടാകും. 2024ലെ കടുത്ത വരള്‍ച്ചയെ നേരിടാന്‍ ഇപ്പോള്‍തന്നെ തയാറെടുക്കേണ്ടതുണ്ട്.

Related Articles
Next Story
Videos
Share it