ക്രിപ്‌റ്റോ തട്ടിപ്പില്‍ നഷ്ടപ്പെട്ടത് ₹ 2.52 കോടി, ക്രിപ്റ്റോ വ്യാപാരം ഇന്ത്യയില്‍ സുരക്ഷിതമോ?, ആർ‌.ബി‌.ഐയുടെ മുന്നറിയിപ്പുകൾ നിക്ഷേപകർ എന്തുകൊണ്ട് ശ്രദ്ധിക്കണം?

ഏറ്റവും ശക്തമായ നിയമങ്ങള്‍ കൊണ്ട് ഇതിനെ നിയന്ത്രിക്കണം എന്ന ആവശ്യമാണ് പൊതുവെ ഉയരുന്നത്
crypto currency
crypto currencycanva
Published on

കാൺപൂരിൽ നിന്നുള്ള വിരമിച്ച ബാങ്കറായ അനിൽ സിംഗ് ചൗഹാന് 2.52 കോടി രൂപയാണ് ക്രിപ്‌റ്റോ തട്ടിപ്പില്‍ ഈയടുത്ത് നഷ്ടപ്പെട്ടത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ സമ്പാദ്യം, വായ്പകൾ, കുടുംബ ആഭരണങ്ങള്‍ തുടങ്ങിയവ പോലും തട്ടിപ്പില്‍ നഷ്ടപ്പെട്ടു. ടെക്സ്റ്റ് സന്ദേശങ്ങൾ വഴിയാണ് തട്ടിപ്പുകാരന്‍ ഇദ്ദേഹത്തെ പരിചയപ്പെടുന്നത്. പെട്ടെന്ന് പണമുണ്ടാക്കാമെന്നുളള വാഗ്ദാനവുമായി ഇയാള്‍ ചാറ്റുകളും വീഡിയോ കോളുകളും നടത്തി. ഒരു തട്ടിപ്പ് ആപ്പിനെ വിശ്വസിച്ചാണ് ചൗഹാന് തിരിച്ചടിയായത്.

ക്രിപ്‌റ്റോ നിയന്ത്രണ ചട്ടക്കൂട് ഇല്ലാത്ത ഇന്ത്യയില്‍ ചൗഹാനെപ്പോലുള്ള നിക്ഷേപകർക്ക് കാര്യമായ നിയന്ത്രണ ഓപ്ഷനുകൾ ഇല്ലാത്ത സാഹചര്യമാണ് ഉളളത്. പക്ഷെ നിയന്ത്രണങ്ങളുടെ അഭാവം ചൗഹാനെപ്പോലുള്ള നിക്ഷേപകരെ പിന്തിരിപ്പിക്കുന്നില്ലെന്നാണ് ഈ അനുഭവം വ്യക്തമാക്കുന്നത്. ക്രിപ്‌റ്റോ ഇപ്പോഴും വലിയ തോതില്‍ വ്യാപാരം നടത്തപ്പെടുന്നു. വലിയ നഗരങ്ങളിൽ മാത്രം ഇത് ഒതുങ്ങി നിൽക്കുന്നില്ല. ടിയർ 2 ഉം 3 ഉം പോലുളള ചെറിയ പട്ടണങ്ങളില്‍ പോലും ഇതിന് പ്രചാരം ലഭിക്കുന്നു. ബിറ്റ്‌കോയിൻ, എഥേറിയം (ethereum), സോളാന (solana) തുടങ്ങിയ ക്രിപ്റ്റോ കറന്‍സികളില്‍ ലക്ഷക്കണക്കിന് ആളുകളാണ് വ്യാപാരം നടത്തുന്നത്.

ക്രിപ്‌റ്റോയെ പണത്തിന്റെ ഭാവി എന്നു പറഞ്ഞാണ് തട്ടിപ്പുകാര്‍ വിൽക്കുന്നത്. എന്നാല്‍ ഇത് പണംകൊണ്ടുളള ഊഹക്കച്ചവടമാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ധനസഹായം, നികുതി വെട്ടിപ്പ് തുടങ്ങിവയിൽ ക്രിപ്റ്റോയുടെ പങ്കിനെക്കുറിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) വർഷങ്ങളായി മുന്നറിയിപ്പ് നൽകുന്നുണ്ട്. ഒരു കേന്ദ്ര ബാങ്കിനും നിയന്ത്രണമില്ലാത്ത ഒരു സംവിധാനത്തെ സംരക്ഷിക്കാൻ കഴിയില്ലെന്നും ആര്‍ബിഐ ഓർമ്മപ്പെടുത്തുന്നു. ഏകദേശം രണ്ട് കോടിയിലധികം ഇന്ത്യക്കാർ (അവരിൽ പലരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ്) ക്രിപ്റ്റോ വ്യാപാരവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് കണക്കാക്കുന്നത്.

2022-ൽ സർക്കാർ ഏർപ്പെടുത്തിയ 30 ശതമാനം നികുതിയും ഒരു ശതമാനം ടിഡിഎസും ക്രിപ്‌റ്റോയ്ക്ക് ഔദ്യോഗിക അനുമതിയുടെ ഒരു പുറംചട്ട നൽകി. എന്നാല്‍ നിക്ഷേപക സംരക്ഷണങ്ങള്‍ക്ക് വ്യവസ്ഥകളൊന്നുമില്ല എന്നതും ശ്രദ്ധേയമാണ്. ക്രിപ്റ്റോ എക്‌സ്‌ചേഞ്ചുകൾക്ക് ലൈസൻസ് ഇല്ല, കൃത്യമായ കെവൈസി ഇല്ല. ഒരു എഫ്‌ഐആറിനപ്പുറം ഇരകൾക്ക് യാതൊരു നടപടിയും സ്വീകരിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഉളളത്.

അതേസമയം ആഗോളതലത്തിൽ സ്ഥിതി വ്യത്യസ്ഥമാണ്. ക്രിപ്റ്റോ വെളിപ്പെടുത്തൽ, കരുതൽ ശേഖരം സംബന്ധിച്ച് അറിയിക്കുക, കള്ളപ്പണം വെളുപ്പിക്കാതിരിക്കുക തുടങ്ങിയവ നിർബന്ധമാക്കുന്നതാണ് യൂറോപ്യൻ യൂണിയന്റെ ക്രിപ്റ്റോ സംബൂന്ധമായ നിയമ ചട്ടക്കൂട്. യുഎസ് പോലും ക്രിപ്റ്റോ ഇടനിലക്കാര്‍ക്ക് കേസുകളും പിഴകളും ചുമത്തുന്നുണ്ട്.

ഇന്ത്യ ക്രിപ്റ്റോയെ ഒന്നുകില്‍ പൂർണമായും നിരോധിക്കണം അല്ലെങ്കിൽ ഏറ്റവും ശക്തമായ നിയമങ്ങള്‍ കൊണ്ട് ഇതിനെ നിയന്ത്രിക്കണം എന്ന ആവശ്യമാണ് പൊതുവെ ഉയരുന്നത്.

Retired banker loses ₹2.52 crore in crypto scam, raising questions on investor awareness and regulatory lapses.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com