രജനികാന്തിന്റെ നീക്കം: ബിജെപിയുടെ സ്വപ്‌നങ്ങളില്‍ കരിനിഴല്‍?
ആരോഗ്യ കാരണങ്ങളാല്‍ രാഷ്ട്രീയ പ്രവേശത്തില്‍ നിന്ന് പിന്മാറിയ സൂപ്പര്‍ രജനികാന്തിന്റെ തീരുമാനം തമിഴ്‌നാട്ടില്‍ കാലുറപ്പിക്കാനുള്ള ഭാരതീയ ജനതാ പാര്‍ട്ടിയുടെ സ്വപ്‌നങ്ങള്‍ക്ക് ഇരുട്ടടിയാകുമോ? ഏറെ കാലമായി ബി ജെ പിയുടെ നയങ്ങളോട് രജനികാന്ത് മൃദുസമീപനമായിരുന്നു സ്വീകരിച്ചിരുന്നത്. പുതിയ പാര്‍ട്ടി രൂപീകരിച്ചാലും എന്‍ ഡി എയുടെ ഭാഗമായി രജനികാന്ത് നിലകൊണ്ടേക്കുമെന്ന അനുമാനമായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടേത്.
തമിഴ്‌നാടിന്റെ മനസ്സ് കീഴടക്കാന്‍, അവരുടെ ഇഷ്ടദേവനായ വേല്‍മുരുകന്റെ ക്ഷേത്രങ്ങളെ തമ്മില്‍ ബന്ധിച്ച് വേല്‍ യാത്ര വരെ സംഘടിപ്പിച്ച ബി ജെ പിക്ക് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനായിരുന്നില്ല. ഏത് വിധേനയും തമിഴ്‌നാട്ടിലും കേരളത്തിലും സാന്നിധ്യം ശക്തമാക്കാന്‍ ശ്രമിക്കുന്ന ബി ജെ പി സംബന്ധിച്ചിടത്തോളം രജനികാന്ത് പ്രതീക്ഷയുടെ പച്ചതുരുത്തായിരുന്നു. 'ക്രൗഡ്പുള്ളറാ'യ രജനികാന്ത് വന്നാല്‍ രാഷ്ട്രീയ മോഹങ്ങള്‍ പൂവണിയും എന്നുതന്നെയായിരുന്നു ബി ജെ പിയുടെ കണക്കുകൂട്ടല്‍. ജയിലില്‍ നിന്ന് പുറത്തിറങ്ങുന്ന, ശശികലയും തമിഴ്‌നാട് രാഷ്ട്രീയത്തില്‍ അലയൊലി സൃഷ്ടിച്ചേക്കാം. അതിനിടെ കമലഹാസനും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കളം നിറഞ്ഞ് കളിച്ചേക്കും. ഇതെല്ലാം മുന്നില്‍ കണ്ടാണ് ബി ജെ പി, രജനികാന്തില്‍ പ്രതീക്ഷയര്‍പ്പിച്ചതും.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് പ്രതിപക്ഷത്തുള്ള ഡി എം കെയ്ക്കും നിര്‍ണായകമാണ്. രജനികാന്ത് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാല്‍ ഡി എം കെയ്ക്ക് തിരിച്ചടിയായേക്കുമെന്നും നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്തായാലും രജനികാന്തിന്റെ യു ടേണ്‍ ഡി എം കെ ക്യാമ്പിന് ആശ്വാസമാകും.
രണ്ടുവര്‍ഷങ്ങള്‍ക്കുമുമ്പാണ് രജനി മക്കള്‍ മന്‍ട്രം രൂപീകരിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന ശക്തമായ സൂചന രജനികാന്ത് നല്‍കിയത്. അധ്യാത്മികതയുടെ രാഷ്ട്രീയമായിരിക്കുമെന്നും രജനികാന്ത് വ്യക്തമാക്കിയിരുന്നു. ഡിസംബര്‍ 31ന് പാര്‍ട്ടി പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.
വൃക്കമാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായിട്ടുള്ള രജനികാന്ത് കോവിഡ് 19 മഹാമാരിക്കാലത്ത് രാഷ്ട്രീയ പാര്‍ട്ടി നീക്കവുമായി മുന്നോട്ട് പോയാല്‍ ആരോഗ്യത്തെ ബാധിക്കുമെന്ന ആശങ്ക പലരും പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അത് രജനികാന്ത് ഇതുവരെ ഗൗനിച്ചിരുന്നില്ല. പക്ഷേ രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനത്തെ തുടര്‍ന്ന് മൂന്നു ദിവസം ആശുപത്രിയില്‍ കഴിയേണ്ടി വന്നതാകാം തീരുമാനം പുനഃപരിശോധിക്കാന്‍ രജനികാന്തിനെ പ്രേരിപ്പിച്ചത്. കോവിഡ് പിടിപെടാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഡോക്ടര്‍മാരും രജനികാന്തിനോട് നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine

