കേരളത്തില്‍ സ്വപ്‌ന, കന്നഡയില്‍ രന്യ; അയല്‍ നാടുകളില്‍ സ്വര്‍ണക്കടത്തിന് ഒരേ മുഖം

കന്നഡ നടി രന്യ റാവു ഒരു വര്‍ഷം നടത്തിയത് 27 ദുബൈ യാത്രകള്‍; വിമാനത്താവളത്തിലെ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തിയെന്ന് സംശയം
Renya Rao
Renya RaoImage/Facebook/Canva
Published on

കേരളത്തെ ഞെട്ടിച്ചത് സ്വപ്ന സുരേഷ്. ഇപ്പോള്‍ കര്‍ണാടകയെ ഞെട്ടിക്കുന്നത് രന്യ റാവു. സര്‍ക്കാര്‍ സംവിധാനങ്ങളുടെ മറവില്‍ സ്വര്‍ണക്കടത്തിലൂടെ പണമുണ്ടാക്കാന്‍ ശ്രമിച്ച് പിടിയിലായ രണ്ടു പേര്‍. സ്വപ്ന സുരേഷ് കേസുകളുമായി കോടതി കയറിയിറങ്ങുമ്പോള്‍, റന്യയെ കാത്തിരിക്കുന്നത് കടുത്ത നിയമ നടപടികളാണ്.

കര്‍ണാടകയില്‍ ഡിജിപി റാങ്കിലുള്ള ഐപിഎസ് ഓഫീസറുടെ മകളും കന്നട നടിയുമായ രന്യ റാവുവിനെ 14.58 കോടി രൂപ വിലമതിക്കുന്ന 14 കിലോ സ്വര്‍ണവുമായാണ് ബംഗളുരു വിമാനത്താവളത്തില്‍ ഡിആര്‍ഐ അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ തലത്തിലെ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് യുവതി സ്വര്‍ണക്കടത്ത് നടത്തി വന്നതെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. തനിക്ക് ഇതേ കുറിച്ച് ഒന്നുമറിയില്ലെന്നാണ് രന്യയുടെ രണ്ടാനച്ഛനായ ഐപിഎസ് ഓഫീസര്‍ മാധ്യമങ്ങളോട് പറയുന്നത്.

നിരന്തരം ദുബൈ യാത്രകള്‍

33 കാരിയായ രന്യ, കഴിഞ്ഞ വര്‍ഷം ദുബൈയില്‍ പോയി വന്നത് 27 തവണയാണ്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ നാലു തവണ യാത്ര. നിരന്തരമായ ഈ യാത്രകളാണ് രന്യയെ കുറിച്ച് സംശയിക്കാന്‍ കാരണമായത്. ഡിആര്‍ഐ കുരുക്കിട്ടതോടെ തിങ്കളാഴ്ച ദുബൈയില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ ബംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ യുവതി പിടിയിലായി. കൈവശമുണ്ടായിരുന്നത് ആഭരണ രൂപത്തിലും സ്വര്‍ണക്കട്ടികളുമായി 14 കിലോ സ്വര്‍ണം. ആഭരണങ്ങള്‍ ധരിച്ചും കട്ടികള്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചുമാണ് രന്യ ദുബൈയില്‍ നിന്ന് എത്തിയത്. നടിയുടെ വീട് പരിശോധിച്ച ഡിആര്‍ഐ സ്വര്‍ണവും പണവും പിടിച്ചെടുത്തു. 2.06 കോടി വിലവരുന്ന സ്വര്‍ണാഭരണങ്ങളും 2.67 കോടിയുടെ ഇന്ത്യന്‍ കറന്‍സികളുമാണ് വീട്ടില്‍ കണ്ടെത്തിയത്.

കമ്മീഷനായി ലക്ഷങ്ങള്‍

സ്വര്‍ണക്കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണ് രന്യയെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഉയര്‍ന്ന കമ്മീഷന്‍ കൈപറ്റിയാണ് കള്ളക്കടത്ത്. ഒരു കിലോ സ്വര്‍ണം ദുബൈയില്‍ നിന്ന് ബംഗളുരിവില്‍ എത്തിച്ചാല്‍ നാല് മുതല്‍ അഞ്ച് ലക്ഷം വരെ കമ്മീഷന്‍ കൈപറ്റുന്നതായാണ് ഡിആര്‍ഐക്ക് ലഭിച്ച വിവരം. വിമാനത്താവളത്തിലുള്ള ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് രന്യ സ്വര്‍ണക്കടത്ത് നടത്തിയതെന്നും സംശയിക്കുന്നുണ്ട്. മാര്‍ച്ച് 18 വരെ യുവതിയെ പ്രത്യേക കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ആരാണ് രന്യ റാവു?

കര്‍ണാടകയിലെ ചിക്മംഗളൂര്‍ സ്വദേശിനിയായ രന്യ ബംഗളൂരിവിലെ എഞ്ചിനിയറിംഗ് പഠനം പൂര്‍ത്തിയാക്കിയ ശേഷം സിനിമാ രംഗത്തെത്തി. 2014 ല്‍ കന്നഡ സൂപ്പര്‍ സ്റ്റാര്‍ സുദീപിന്റെ നായികയായി മാണിക്യ എന്ന ചിത്രത്തിലായിരുന്നു അരങ്ങേറ്റം. 2016 ല്‍ തമിഴ്ചിത്രമായ വാഗ, 2017 ല്‍ കന്നഡ ഹാസ്യചിത്രം പതകി തുടങ്ങിയ ചിത്രങ്ങളിലും പ്രധാന വേഷമിട്ടിരുന്നു. കര്‍ണാടക പോലീസ് ഹൗസിംഗ് കോര്‍പ്പറേഷന്റെ ചുമതല വഹിക്കുന്ന ഡിജിപി റാങ്കിലുള്ള ഐപിഎസ് ഓഫീസറുടെ ആദ്യ ഭാര്യയിലെ മകളാണ് രന്യ. സ്വര്‍ണക്കടത്തിനെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും രന്യ തനിക്കൊപ്പമല്ല താമസിക്കുന്നതെന്നുമാണ് പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com