Begin typing your search above and press return to search.
രക്ഷകനായി രത്തന്‍ ടാറ്റ, നൂറിലധികം പേരുടെ പിരിച്ചുവിടല്‍ നോട്ടീസ് പിന്‍വലിച്ചു
അധ്യാപക-അനധ്യാപക ജീവനക്കാരായ 115 പേരെ പിരിച്ചുവിടാനുള്ള തീരുമാനം ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് (Tata institute of social science -TISS) പിന്‍വലിച്ചു. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ടാറ്റ എഡ്യൂക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ ഉറപ്പുനല്‍കിയതോടെയാണ് തീരുമാനം. 1936ല്‍ ആരംഭിച്ച ഇന്ത്യയിലെ മികച്ച ഗവേഷണ സ്ഥാപനങ്ങളിലൊന്നായ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര പണം അനുവദിക്കുന്നില്ലെന്ന ആരോപണത്തിനിടെയാണ് പിരിച്ചുവിടല്‍ വാര്‍ത്തയെത്തിയത്. തീരുമാനത്തിനെതിരെ നിരവധി പേരാണ് രംഗത്തുവന്നത്. ഇന്ത്യയുടെ അഭിമാനമായ സ്ഥാപനത്തെ കേന്ദ്രസര്‍ക്കാരിനൊപ്പം നിന്ന് തകര്‍ക്കാനാണോ രത്തന്‍ ടാറ്റയുടെ ശ്രമമെന്ന് മുന്‍ധനമന്ത്രി തോമസ് ഐസക്ക് അടക്കമുള്ളവര്‍ ചോദിച്ചിരുന്നു.
55 അധ്യാപകരെയും 60 അനധ്യാപകരെയും ജോലിയില്‍ നിന്ന് പിരിച്ചുവിട്ടുകൊണ്ട് ജൂണ്‍ 28നാണ് സ്ഥാപനാധികാരികള്‍ കത്തുനല്‍കിയത്. ടാറ്റ ട്രസ്റ്റിന്റെ ധനസഹായത്തില്‍ വിവിധ പ്രോജക്ടുകള്‍ക്ക് കീഴിലാണ് ഇവരെ നിയമിച്ചതെന്ന് വൈസ് ചാന്‍സലര്‍ പ്രൊ.മനോജ് കുമാര്‍ പറഞ്ഞു. എന്നാല്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഈ പ്രോജക്ടുകള്‍ക്കുള്ള ധനസഹായം ട്രസ്റ്റ് നിറുത്തലാക്കി. ഇവര്‍ക്ക് ശമ്പളം നല്‍കാനുള്ള സാമ്പത്തികാവസ്ഥ നിലവില്‍ സ്ഥാപനത്തിന് ഇല്ലാത്തതിനെ തുടര്‍ന്നാണ് പിരിച്ചുവിടല്‍. ധനസഹായം വീണ്ടും ലഭിച്ചു തുടങ്ങുമ്പോള്‍ ജീവനക്കാരെ തിരിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം വലിയ പ്രതിഷേധത്തിന് ഇടയാക്കി. സ്ഥാപനത്തിലെ വിദ്യാര്‍ത്ഥി കൂട്ടായ്മയായ പ്രോഗ്രസീവ് സ്റ്റുഡന്റ്‌സ് ഫോറം തീരുമാനത്തിനെതിരെ ശക്തമായി രംഗത്തുവന്നു. 90 വര്‍ഷത്തെ പാരമ്പര്യമുള്ള ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് രാജ്യത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച സ്ഥാപനമാണെന്നും അതിനെ നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും അവര്‍ പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷമാണ് സ്ഥാപനത്തെ പൊതുജനങ്ങളുടെ ധനസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലേക്ക് കേന്ദ്രസര്‍ക്കാര്‍ മാറ്റിയത്. ഈ തീരുമാനം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട ധനസഹായത്തെ വൈകിപ്പിക്കുകയും പിന്നാക്ക വിദ്യാര്‍ത്ഥികളെ സാമ്പത്തിക ബാധ്യതയിലേക്ക് തള്ളിവിടുകയും ചെയതുവെന്നും സംഘടന ആരോപിച്ചു.
രൂക്ഷവിമര്‍ശനവുമായി ഐസക്
ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനത്തിനെതിരെ തോമസ് ഐസക് രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ദേവാലയങ്ങള്‍ക്ക് വേണ്ടി 659 കോടി രൂപയാണ് രത്തന്‍ ടാറ്റ കൊടുത്തതെന്നും അതില്‍ വിരോധമില്ലെന്നും തോമസ് ഐസക് സാമൂഹ്യമാധ്യമമായ എക്‌സില്‍ കുറിച്ചു. എന്നാല്‍ താങ്കളുടെ പേരില്‍ അറിയപ്പെടുന്ന ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് നൂറോളം ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ അഭിമാനമായ സ്ഥാപനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന നരേന്ദ്ര മോദിക്കൊപ്പം താങ്കളും ചേര്‍ന്നിരിക്കുകയാണോയെന്നും അദ്ദേഹം ചോദിച്ചു.
Next Story
Videos