മന്ത്രിയുമായുള്ള ചര്‍ച്ച പരാജയം, റേഷന്‍ കടകള്‍ അടച്ചിടും

സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി ജി.ആര്‍ അനിലുമായി റേഷന്‍ ഡീലര്‍മാരുടെ സംഘടനാ നേതാക്കള്‍ നടത്തിയ ചര്‍ച്ച അലസി പിരിഞ്ഞു. സംഘടനകള്‍ മുന്നോട്ടു വെച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ പെട്ടെന്ന് കഴിയില്ലെന്ന് മന്ത്രി അറിയിച്ചതോടെയാണ് ചര്‍ച്ച തീരുമാനമാകാതെ അവസാനിച്ചത്. ഇതോടെ തിങ്കളാഴ്ച മുതല്‍ രണ്ടു ദിവസത്തേക്ക് സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും.
സിവില്‍ സപ്ലെസ് വകുപ്പു മന്ത്രി ജി.ആര്‍ അനിലിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാലും വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. വിവിധ യുണിയന്‍ നേതാക്കളായ ജോണി നെല്ലൂര്‍, കാടാമ്പുഴ മൂസ തുടങ്ങിയവരും ചര്‍ച്ചയില്‍ ഉണ്ടായിരുന്നു.
ഭരണകക്ഷി യൂണിയനുകളും സമരത്തിന്
തിങ്കളാഴ്ച തുടങ്ങുന്ന സമരത്തില്‍ ഭരണകക്ഷി യുണിയനുകളും പങ്കെടുക്കും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സി.ഐ.ടി.യു,എ.ഐ.ടി.യു,സി തുടങ്ങിയ ഭരണ പക്ഷ യൂണിയനുകളും യു.ഡി.എഫ് യൂണിയനുകളും ചേര്‍ന്നാണ് മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നത്. റേഷന്‍ ഡീലര്‍മാരുടെ സാമ്പത്തിക പ്രതിഫലത്തില്‍ വര്‍ധനവ് വരുത്തുന്നത് ബന്ധപ്പെട്ടായിരുന്നു പ്രധാന ആവശ്യങ്ങള്‍.
റേഷന്‍ കടകള്‍ നടത്തുന്നവര്‍ക്ക് പ്രതിഫലം നല്‍കുന്നതിന് നിലവിലുള്ള നിബന്ധനകളില്‍ മാറ്റം വരുത്തുക, റേഷന്‍ കടകളിലെ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുക, ക്ഷേമനിധി ബോര്‍ഡ് പുനസംഘടിപ്പിക്കുക തുടങ്ങി ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിച്ചത്.
സമരം സൂചനയെന്ന് മുന്നറിയിപ്പ്
തിങ്കളാഴ്ച ആരംഭിക്കുന്ന റേഷന്‍ കടയടപ്പ് സമരം സൂചനയാണെന്ന് യൂണിയന്‍ നേതാക്കള്‍. രണ്ടു ദിവസം സൂചനാ സമരം നടത്തും. തുടര്‍ന്നും റേഷന്‍ ഡീലര്‍മാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെങ്കില്‍ ഓണത്തിന് മുമ്പായി അനിശ്ചിതകാല കടയടപ്പ് സമരം ആരംഭിക്കുമെന്നും സംഘടനാ നേതാക്കള്‍ പറഞ്ഞു.
Related Articles
Next Story
Videos
Share it