Begin typing your search above and press return to search.
റേഷന്‍ കടയടപ്പ് സമരം തുടങ്ങി, രണ്ട് നാള്‍ റേഷന്‍ മുടങ്ങും
കേരളത്തില്‍ റേഷന്‍ ഡീലര്‍മാരുടെ യൂണിയനുകള്‍ ആഹ്വാനം ചെയ്ത റേഷന്‍ കടയടപ്പ് സമരം തുടങ്ങി. സംസ്ഥാനത്തെ രണ്ടായിരത്തിലേറെ വരുന്ന റേഷന്‍ കടകളില്‍ ഇന്നും നാളെയും റേഷന്‍ വിതരണം മുടങ്ങും. ഭരണപക്ഷ, പ്രതിപക്ഷ യൂണിയനുകള്‍ കൂട്ടായാണ് സമരത്തിനിറങ്ങിയിരിക്കുന്നത്. റേഷന്‍ ഡീലര്‍മാരോടുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനാ മനോഭാവമാണ് സമരത്തിന് കാരണം.
ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല
റേഷന്‍ വ്യാപാരികള്‍ നിവേദനത്തിലൂടെ സര്‍ക്കാരിന് മുന്നില്‍ വെച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ കൂട്ടാക്കിയിട്ടില്ല. ആവശ്യങ്ങളിലേറെയും സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണ് എന്നതാണ് കാരണം. റേഷന്‍ വ്യാപാരികളുടെ പ്രതിഫല തുക പരിഷ്‌കരിക്കുക,റേഷന്‍ കടകളിലെ ജീവനക്കാരുടെ ശമ്പളം സര്‍ക്കാര്‍ നല്‍കുക, ഓണക്കാലത്തെ കിറ്റ് വിതരണത്തിന്റെ കമ്മീഷന്‍ യഥാസമയം നല്‍കുക, റേഷന്‍ ക്ഷേമനിധി ബോര്‍ഡ് പുനഃസംഘടിപ്പിക്കുക, കേന്ദ്ര സര്‍ക്കാരിന്റെ അവഗണനാ നയം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സര്‍ക്കാരിന് മുന്നില്‍ വെച്ചിട്ടുള്ളത്. ഇതില്‍ ഏറെയും സര്‍ക്കാരിന് സാമ്പത്തിക ബാധ്യത വര്‍ധിപ്പിക്കുന്നതാണ്. റേഷന്‍ ഡീലര്‍മാരുടെ ആവശ്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം മന്ത്രി തലത്തില്‍ ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ ഈ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് രണ്ടു ദിവസത്തെ സമരവുമായി റേഷന്‍ വ്യാപാരികള്‍ മുന്നോട്ടു പോകുന്നത്. വേതന കാര്യത്തില്‍ ഏറെ കാലമായി സര്‍ക്കാര്‍ നിഷേധ നിലപാടാണ് സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ യൂണിയന്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തുന്നു.
ഓണത്തിന് മുമ്പുള്ള സമ്മര്‍ദ്ദ തന്ത്രം
ഓണത്തിന് മുമ്പുള്ള റേഷന്‍ വ്യാപാരികളുടെ സമ്മര്‍ദ്ദ തന്ത്രമായാണ് സര്‍ക്കാര്‍ ഈ സമരത്തെ വിലയിരുത്തുന്നത്. ഓണത്തിന് സൗജന്യ കിറ്റ് വിതരണത്തിന് റേഷന്‍ വ്യാപാരികളുടെ പിന്തുണ സര്‍ക്കാരിന് ആവശ്യമാണ്. വിതരണം അവതാളത്തിലായാല്‍ ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനെതിരായ വിമര്‍ശനം ശക്തമാകും. മുന്‍ കാലങ്ങളില്‍ ഓണക്കിറ്റുകള്‍ വിതരണം ചെയ്തതിന്റെ കമ്മീഷന്‍ ഇനിയും വ്യാപാരികള്‍ക്ക് ലഭിക്കാനുണ്ട്. വീണ്ടുമൊരു ഓണമെത്തുമ്പോള്‍, സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഈ സമരത്തിന് കഴിയും. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഓണത്തിന് മുമ്പ് അനിശ്ചിത കാല കടയടപ്പ് സമരമുണ്ടാകുമെന്നും യൂണിയനുകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Next Story
Videos