യു.പി.ഐ ഓട്ടോ പേ പോക്കറ്റടിക്കും! ഒടുവില്‍ റിസര്‍വ് ബാങ്ക് ഇടപെടല്‍, പുലിവാല്‍ പിടിച്ചവരുടെ കാര്യമോ?

യുപിഐ ഓട്ടോപേ സബ്സ്‌ക്രിപ്ഷന്‍ ഇന്ന് ഇന്‍ഷുറന്‍സ് പ്രീമിയം, EMI, OTT സേവനങ്ങള്‍, വരിസംഖ്യ അടയ്ക്കല്‍ തുടങ്ങി ആവര്‍ത്തിച്ചുള്ള പേയ്‌മെന്റുകള്‍ക്കായി ഉപയോഗിക്കപ്പെടുന്നു
RBI logo. UPI logo, Man looks at mobilephone
Image : Canva,RBI,NPCI
Published on

ബില്‍ പേയ്‌മെന്റുകളും സബ്സ്‌ക്രിപ്ഷനുകളും എളുപ്പമാക്കാന്‍ കൊണ്ടുവന്ന യുപിഐ ഓട്ടോപേ (UPI AutoPay) ഉപയോക്താക്കളെ വെട്ടിലാക്കുന്നതായി വ്യാപകമായ പരാതികള്‍. ഉപയോക്താക്കള്‍ക്ക് വിശദീകരണം നല്‍കാതെ അക്കൗണ്ടില്‍നിന്ന് പണം പിടിക്കുന്നുവെന്നാണ് പരാതി. ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (Reserve Bank of India) ഇടപെട്ടു. ദേശീയ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയോട് (National Payments Corporation of India) ഓട്ടോപേ സംവിധാനം പുനഃപരിശോധിക്കാന്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്.

എന്താണ് പ്രശ്‌നം?

2025 അവസാനത്തോടെ ചില ഉപയോക്താക്കള്‍ വിവിധ തരത്തിലുള്ള പരാതികള്‍ ഉന്നയിച്ചു എന്നാണ് വിവരം. ഒരിക്കല്‍ മാത്രം നല്‍കിയ പേയ്‌മെന്റ് പിന്നീട് റിക്കറിംഗ് മാന്‍ഡേറ്റായി മാറി. ആപ്പ് വഴി മാന്‍ഡേറ്റ് കണ്ടെത്താനും റദ്ദാക്കാനും ബുദ്ധിമുട്ട്. അക്കൗണ്ടില്‍നിന്ന് എന്തുകൊണ്ട് പണം പോയെന്ന വ്യക്തമായ നോട്ടിഫിക്കേഷന്‍ ലഭിക്കുന്നില്ല. യുപിഐ ഇടപാടുകളുടെ വേഗം കൂടുകയും ഓട്ടോപേ വ്യാപകമായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരം പരാതികള്‍ ഗൗരവമായി പരിഗണിക്കപ്പെടുന്നത്.

ഓട്ടോപേയുടെ വളര്‍ച്ച

2020ല്‍ ആരംഭിച്ച യുപിഐ ഓട്ടോപേ സബ്സ്‌ക്രിപ്ഷന്‍ ഇന്ന് ഇന്‍ഷുറന്‍സ് പ്രീമിയം, EMI, OTT സേവനങ്ങള്‍, വരിസംഖ്യ അടയ്ക്കല്‍ തുടങ്ങി ആവര്‍ത്തിച്ചുള്ള പേയ്‌മെന്റുകള്‍ക്കായി ഉപയോഗിക്കപ്പെടുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയിലധികം വളര്‍ച്ചയാണ് റിക്കറിംഗ് യുപിഐ പേയ്‌മെന്റുകളില്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍നിര ബാങ്കുകള്‍ മാത്രം ചേര്‍ന്ന് മാസത്തില്‍ നൂറു കോടിയിലധികം ഓട്ടോപേ ഇടപാടുകള്‍ പ്രോസസ് ചെയ്യുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വളര്‍ച്ച കൂടുമ്പോള്‍ സുതാര്യതയും ഉപഭോക്തൃ സംരക്ഷണവും അത്ര തന്നെ നിര്‍ണായകമാകുന്നുവെന്ന സന്ദേശമാണ് ആര്‍ബിഐയുടെ ഇടപെടല്‍ നല്‍കുന്നത്.

എന്‍പിസിഐ നടപടികള്‍

ഓട്ടോപേ മാന്‍ഡേറ്റുകള്‍ വിവിധ ആപ്പുകളില്‍ കാണാനും നിയന്ത്രിക്കാനും കഴിയുന്ന വിധത്തില്‍ ഇന്റര്‍ ഓപ്പറബിലിറ്റി സംവിധാനം ശക്തിപ്പെടുത്താന്‍ എന്‍പിസിഐ മുന്‍പ് നിര്‍ദേശം നല്‍കിയിരുന്നു. കൂടാതെ, മാന്‍ഡേറ്റ് എക്‌സിക്യൂഷന്‍ സമയം സംബന്ധിച്ച നിയന്ത്രണങ്ങളും API ഉപയോഗത്തിന് പുതിയ മാര്‍ഗനിര്‍ദേശങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം സിസ്റ്റത്തിന്റെ സ്ഥിരത ഉറപ്പാക്കുന്നതിനൊപ്പം ഉപയോക്താക്കളുടെ പരാതികള്‍ കുറയ്ക്കാനുമാണ് ലക്ഷ്യമിടുന്നത്.

ഉപയോക്താക്കള്‍ ശ്രദ്ധിക്കേണ്ടത്

യുപിഐ ആപ്പിലെ AutoPay / Mandates വിഭാഗം പരിശോധിക്കുക. അനാവശ്യമായ മാന്‍ഡേറ്റുകള്‍ ഉടന്‍ റദ്ദാക്കുക. വിശദീകരണം ലഭിക്കാത്ത ഡെബിറ്റുകള്‍ കണ്ടാല്‍ ബാങ്കിനെ ഉടന്‍ അറിയിക്കുക. ആവശ്യമായാല്‍ ബാങ്കിന്റെ പരാതി പരിഹാര സെല്ലിലൂടെയോ ആര്‍ബിഐയുടെ ഉപഭോക്തൃ പരാതി സംവിധാനത്തിലൂടെയോ പരാതി നല്‍കുക.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com