

കഴിഞ്ഞ വര്‍ഷം ആഗോള വിപണിയില്‍ സ്വര്‍ണ വില ഇടിഞ്ഞപ്പോള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കരുതല്‍ ശേഖരത്തിലേക്ക് വാങ്ങിയത് 72.6 ടണ്‍ സ്വര്‍ണം. ആഗോള സാമ്പത്തിക പ്രതിസന്ധിയെയും ഇന്ത്യന്‍ കറന്‍സിയുടെ വിലയിടിവിനെയും പ്രതിരോധിക്കാനുള്ള തന്ത്രമെന്ന നിലയിലാണ് റിസര്‍വ് ബാങ്ക് സ്വര്‍ണശേഖരം വര്‍ധിപ്പിച്ചത്. ഇതോടെ ഡിസംബറിലെ കണക്ക് പ്രകാരം റിസര്‍വ് ബാങ്കിന്റെ കയ്യിലുള്ള സ്വര്‍ണം 876.18 ടണ്‍ ആയി വര്‍ധിച്ചു. 6620 കോടി ഡോളര്‍ ( 57,000 കോടി രൂപ) വിലമതിക്കുന്നതാണിത്. 2021 ശേഷം ഏറ്റവുമധികം സ്വര്‍ണം വാങ്ങിയത് കഴിഞ്ഞ വര്‍ഷമാണ്.
കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം സ്വര്‍ണം വാങ്ങിയ സെന്‍ട്രല്‍ ബാങ്കുകളില്‍ റിസര്‍വ് ബാങ്ക് രണ്ടാം സ്ഥാനത്താണെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്നാം സ്ഥാനത്ത് പോളണ്ടാണ്. 90 ടണ്‍ സ്വര്‍ണമാണ് കഴിഞ്ഞ വര്‍ഷം വാങ്ങിയത്. ഉസ്ബകിസ്ഥാന്‍, ഖസാക്കിസ്ഥാന്‍, ചൈന, ജോര്‍ദാന്‍, തുര്‍ക്കി, ചെക്ക് റിപ്പബ്ലിക്, ഖാന എന്നിവരും മുന്‍നിരക്കാരുടെ പട്ടികയിലുണ്ട്. സിംഗപ്പൂര്‍ അഞ്ചു ടണ്‍ സ്വര്‍ണം വില്‍ക്കുകയാണ് ചെയ്തത്. ഇന്ത്യയുള്‍പ്പടെയുള്ള സാമ്പത്തികമായി വളര്‍ന്നു വരുന്ന രാജ്യങ്ങളാണ് 2024 ല്‍ സ്വര്‍ണശേഖരം വര്‍ധിപ്പിച്ചെതെന്ന് ഗോള്‍ഡ് കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.
അമേരിക്കന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ നവംബറില്‍ സ്വര്‍ണവില ചാഞ്ചാടിയപ്പോഴാണ് മിക്ക രാജ്യങ്ങളും സ്വര്‍ണം വാങ്ങാന്‍ ഇറങ്ങിയത്. ഈ സമയത്ത് മാത്രം ഇന്ത്യ വാങ്ങിയത് 8 ടണാണ്. ഒന്നാം സ്ഥാനത്തുള്ള പോളണ്ട് 21 ടണ്‍ വാങ്ങിക്കൂട്ടി. പോളണ്ടിന്റെ മൊത്തം സ്വര്‍ണ ശേഖരം 448 ടണ്‍.
സ്വര്‍ണം വാങ്ങലില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യക്കൊപ്പം എത്തിയില്ലെങ്കിലും മൊത്തം സ്വര്‍ണ ശേഖരത്തില്‍ ചൈന ഏറെ മുന്നിലാണ്. 2,264 ടണാണ് പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയുടെ കയ്യിലുള്ളത്. വിവിധ രാജ്യങ്ങളുടെ സ്വര്‍ണ ശേഖരത്തിന്റെ 5 ശതമാനമാണ് ചൈനയിലുള്ളത്. കഴിഞ്ഞ വര്‍ഷം അവര്‍ വാങ്ങിയത് 34 ടണാണ്.
കഴിഞ്ഞ വര്‍ഷം സ്വര്‍ണം വിറ്റ രാജ്യങ്ങളില്‍ സിംഗപ്പൂരാണ് മുന്നില്‍. 7 ടണ്‍ കഴിഞ്ഞ വര്‍ഷം വിറ്റഴിച്ചു. 223 ടണ്‍ സ്വര്‍ണമാണ് സിംഗപ്പൂര്‍ മോണിറ്ററി അതോറിറ്റിയുടെ കൈവശമുള്ളത്.
Read DhanamOnline in English
Subscribe to Dhanam Magazine