ബാങ്കുകളില്‍ ചെക്ക് ക്ലിയര്‍ ആകാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; പ്രവര്‍ത്തനം ഇങ്ങനെ

ചെക്കുകളുടെ ക്ലിയറന്‍സ് വേഗത്തിലാക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ ആര്‍.ബി.ഐ പുറത്തിറക്കുന്നതാണ്. ചെക്ക് ക്ലിയറിങ് നടത്തുന്ന പ്രക്രിയയുടെ കാര്യക്ഷമത കൂട്ടുന്നതിനും പണം കൈമാറ്റത്തിലെ റിസ്‌ക് പരമാവധി ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ടാണ് നടപടി.
നിലവില്‍ ഓരോ ബാച്ചുകളായാണ് ബാങ്കുകളില്‍ ചെക്കുകള്‍ ക്ലിയര്‍ ചെയ്യുന്ന പ്രക്രിയ നടക്കുന്നത്. അതിന് ഒരു ദിവസം മുതല്‍ രണ്ട് ദിവസം വരെ സമയമാണ് എടുക്കുന്നത്. ഈ നടപടി വേഗത്തിലാക്കാനാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തത്സമയ ചെക്ക് ക്ലിയറന്‍സ് സംവിധാനം ഏര്‍പ്പെടുത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതോടെ മണിക്കൂറുകള്‍ക്കകം ചെക്ക് മാറി പണം അക്കൗണ്ടിലെത്തുന്നതാണ്. അതായത് ബാങ്കുകളില്‍ ചെക്ക് പണമാക്കാന്‍ ഒരു ദിവസം കാത്തിരിക്കണമെന്ന അവസ്ഥയ്ക്ക് മാറ്റം വരാന്‍ പോകുകയാണ്.
നിലവില്‍ ഉളളത് ചെക്ക് ട്രങ്കേഷൻ സിസ്റ്റം
ഡെപ്പോസിറ്റ് ചെക്കുകൾ ബാങ്കുകള്‍ നിലവില്‍ ദിവസത്തിൽ നിശ്ചിത സമയ സ്ലോട്ടുകളിൽ ഗ്രൂപ്പുകളിലോ ബാച്ചുകളിലോ ശേഖരിക്കുകയും പ്രോസസ്സ് ചെയ്യുകയുമാണ് ചെയ്യുന്നത്. ഇത് രണ്ട് പ്രവൃത്തി ദിവസങ്ങൾ (T+2) വരെ സെറ്റിൽമെന്റ് സൈക്കിളിലേക്ക് ഉപയോക്താക്കളെ നയിക്കുകയാണ്. ദീർഘമായ കാത്തിരിപ്പ് കാലയളവും പ്രോസസ് പ്രക്രിയയില്‍ പങ്കെടുക്കുന്ന ചെക്ക് നല്‍കിയ ആള്‍ക്കും വാങ്ങിയ ആള്‍ക്കുമുളള ഉയർന്ന സെറ്റിൽമെന്റ് അപകട സാധ്യതയുമാണ് നിലവില്‍ ഉളളത്.
ചെക്ക് ട്രങ്കേഷൻ സിസ്റ്റം (സി.ടി.എസ്) വഴിയുള്ള ചെക്ക് ക്ലിയറിംഗ് ഒരു ബാച്ച് പ്രോസസിംഗ് മോഡിലാണ് പ്രവർത്തിക്കുന്നത്. സി.ടി.എസ് രീതിയിലുളള ബാച്ച് പ്രോസസിംഗിൽ നിന്ന് തുടർച്ചയായ ചെക്ക് ക്ലിയറിംഗ് രീതിയിലേക്ക് മാറ്റാനാണ് റിസർവ് ബാങ്ക് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്.
വരാന്‍ പോകുന്നത് തത്സമയ ക്ലിയറിംഗ്
തത്സമയ ചെക്ക് ക്ലിയറിംഗ് പ്രക്രിയയില്‍ ചെക്കുകൾ വേഗത്തില്‍ സ്കാൻ ചെയ്യുകയും അവതരിപ്പിക്കുകയും ക്ലിയർ ചെയ്യുകയും ചെയ്യുന്നു. ഇത് ഏതാനും മണിക്കൂറുകൾ മാത്രം എടുക്കുന്ന ക്ലിയറൻസ് സൈക്കിളിലേക്ക് ഉപയോക്താക്കളെ നയിക്കുന്നതാണ്.
യു.പി.ഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്), നെഫ്റ്റ് (നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ), ആര്‍.ടി.ജി.എസ് (റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ്) എന്നിവയുടെ കാലഘട്ടത്തില്‍ ചെക്കുകളുടെ പ്രാധാന്യം കുറയുന്നതായാണ് കാണുന്നത്. എന്നിരുന്നാലും അവശ്യ പേയ്‌മെന്റ് ടൂളായി ചെക്ക് സംവിധാനം തുടരുന്നുണ്ട്.
Related Articles
Next Story
Videos
Share it