അടുത്ത റിസര്‍വ് ബാങ്ക് ഗവര്‍ണറെക്കുറിച്ച് ഒന്നും ഉരിയാടാതെ കേന്ദ്രം; മോദിയുടെ വിശ്വസ്തന്‍ തുടരുമോ?

റിസര്‍വ് ബാങ്കിന് പുതിയ ഗവര്‍ണര്‍ വരുമോ? അതോ ശക്തികാന്ത ദാസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വിശ്വാസം അര്‍പ്പിക്കുമോ? നിലവിലെ ആര്‍.ബി.ഐ ഗവര്‍ണറുടെ കാലാവധി അവസാനിക്കാന്‍ മൂന്നാഴ്ച മാത്രമാണ് ബാക്കിയുള്ളത്. കേന്ദ്രസര്‍ക്കാരോ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ഇക്കാര്യത്തില്‍ ഇതുവരെ മനസുതുറന്നിട്ടില്ല.

വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ശക്തികാന്ത ദാസ് തുടര്‍ന്നേക്കാന്‍ സാധ്യതയുണ്ടെന്നാണ്. 2018ലാണ് ദാസ് ആര്‍.ബി.ഐയുടെ തലപ്പത്തെത്തുന്നത്. ഡിസംബര്‍ പത്തുവരെയാണ് അദ്ദേഹത്തിന്റെ കാലാവധി. പദവിയില്‍ വീണ്ടും ഒരവസരം കൂടി നല്‍കിയാല്‍ ഏറ്റവും കാലം റിസര്‍വ് ബാങ്കിന്റെ തലപ്പത്തിരുന്ന വ്യക്തിയെന്ന നേട്ടം ദാസിനെ തേടിയെത്തും.

മോദിയുടെ മനസിലെന്ത്?

റിസര്‍വ് ബാങ്ക് ഗവര്‍ണറെ തീരുമാനിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ കൂടി അടങ്ങുന്ന കേന്ദ്രമന്ത്രിസഭയുടെ നിയമനകാര്യ സമിതിയാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ പ്രധാനപ്പെട്ട നിയോഗമായതിനാല്‍ വിശ്വസ്തരെ മാത്രമേ ഈ റോളിലേക്ക് സര്‍ക്കാരുകള്‍ നിയോഗിക്കാറുള്ളൂ. മോദി സര്‍ക്കാരിന്റെ തുടക്കത്തില്‍ ഡോ. രഘുറാം രാജനും പിന്നീട് ഡോ. ഊര്‍ജിത് പട്ടേലും കേന്ദ്രസര്‍ക്കാരിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. ഇരുവരും കേന്ദ്രവുമായി കലഹിച്ചാണ് കളംവിട്ടത്. എന്നാല്‍ നേരെ മറിച്ചായിരുന്നു ദാസിന്റെ ശൈലി.

കേന്ദ്രസര്‍ക്കാരുമായി കലഹിക്കാന്‍ നിന്നില്ലെന്ന് മാത്രമല്ല യോജിച്ച് പ്രവര്‍ത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു. ദാസിന്റെ തീരുമാനങ്ങളില്‍ ഒട്ടുമിക്കതും സമ്പദ് രംഗത്തിന് ഊര്‍ജമേകി. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തിലെ അധികവരുമാനത്തില്‍ നിന്ന് 1.75 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാരിന് കൈമാറിയതും മോദിയുടെ പ്രീതി പിടിച്ചു പറ്റാന്‍ ഇടയാക്കി. 2016ലെ നോട്ടുനിരോധന കാലത്ത് സാമ്പത്തികകാര്യ സെക്രട്ടറിയായിരുന്നു ശക്തികാന്ത ദാസ്.
Related Articles
Next Story
Videos
Share it