ഫാസ്ടാഗില്‍ ബാലന്‍സ് ഇല്ലെങ്കില്‍ ആശങ്കപ്പെടേണ്ട; ഓട്ടോമാറ്റിക് ആയി റീചാര്‍ജ് ആകുന്ന പ്രവര്‍ത്തനം ഇങ്ങനെ

ഫാസ്ടാഗിലും നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡുകളിലും (എന്‍.സി.എം.സി) ഇനി ഓട്ടോമാറ്റിക്കായി ബാലന്‍സ് നിറയ്ക്കാന്‍ സാധിക്കുന്ന സംവിധാനം നിലവില്‍ വരും. ഇതിനായി ഇ-മാന്‍ഡേറ്റ് ചട്ടം ആര്‍.ബി.ഐ പരിഷ്‌കരിച്ചു. ബാലന്‍സ് ഉപഭോക്താവ് നിശ്ചയിച്ചിട്ടുള്ള പരിധിക്ക് താഴെ പ്രവേശിക്കുമ്പോള്‍ ഫാസ്ടാഗിലും എന്‍.സി.എം.സികളിലും ഓട്ടോമാറ്റിക്കായി ബാലന്‍സ് നിറയ്ക്കാന്‍ പുതിയ പരിഷ്കരണത്തിലൂടെ സാധിക്കും.

പ്രവര്‍ത്തനം ഇങ്ങനെ

ഉദാഹരണമായി നിങ്ങളുടെ ഫാസ്ടാഗ് അക്കൗണ്ടിൽ 1,000 രൂപയാണ് ഉളളതെങ്കില്‍ ബാലൻസ് തീരുമ്പോൾ ഓരോ തവണയും റീചാർജ് ചെയ്യേണ്ട അവസ്ഥയാണ് നിലവില്‍ ഉളളത്. ഇതിനു പകരമായി ബാലൻസ് 200 രൂപയിൽ താഴെ എത്തുമ്പോള്‍ വീണ്ടും 1,000 രൂപയ്ക്ക് റീചാർജ് ചെയ്യണമെന്ന് ഉപയോക്താവിന് ഫാസ്ടാഗില്‍ സെറ്റ് ചെയ്യാവുന്ന സംവിധാനമാണ് നിലവില്‍ വരുന്നത്.
അതായത് ബാലൻസ് കുറയുമ്പോൾ ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓട്ടോമാറ്റിക്കായി ഫാസ്ടാഗ് റീചാർജ് ചെയ്യപ്പെടുന്നതാണ്. ഇതിനാല്‍ ഫാസ്ടാഗില്‍ ബാലൻസ് എത്രയുണ്ടെന്ന് വാഹന ഉടമകള്‍ക്ക് ഇനി ആശങ്കപ്പെടേണ്ട ആവശ്യമില്ല.

പ്രീ-ഡെബിറ്റ് അറിയിപ്പ് ലഭിക്കില്ല

ഉപയോക്താക്കളുടെ അക്കൗണ്ടില്‍ നിന്ന് ഏതെങ്കിലും തുക ഡെബിറ്റ് ചെയ്യുന്നതിന് 24 മണിക്കൂര്‍ മുമ്പായി പ്രീ-ഡെബിറ്റ് അറിയിപ്പ് നല്‍കണമെന്നാണ് നിലവിലുള്ള ഇ-മാന്‍ഡേറ്റ് സംവിധാനം വ്യവസ്ഥ ചെയ്യുന്നത്. എന്നാല്‍ ഫാസ്ടാഗില്‍ ഓട്ടോമാറ്റിക്കായി ബാലന്‍സ് നിറയ്ക്കാന്‍ സാധിക്കുന്നതിനെ പ്രീ ഡെബിറ്റ് നോട്ടിഫിക്കേഷനില്‍ നിന്ന് പുതിയ പരിഷ്കാരം അനുസരിച്ച് ആര്‍.ബി.ഐ ഒഴിവാക്കി. ഏതെങ്കിലും തുക ഡെബിറ്റ് ചെയ്യുന്നതിന് 24 മണിക്കൂര്‍ മുമ്പ് കിട്ടുന്ന പ്രീ ഡെബിറ്റ് സന്ദേശം ഇക്കാര്യത്തില്‍ ബാധകമായിരിക്കില്ല.
ഓട്ടോമാറ്റിക്കായി ബാലന്‍സ് നിറയുന്ന സംവിധാനത്തെ ഇ-മാന്‍ഡേറ്റ് സിസ്റ്റവുമായി സംയോജിപ്പിക്കുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമായ സേവനം ലഭ്യമാകും. പുതിയ പരിഷ്കരണത്തിലൂടെ ഫാസ്ടാഗ്, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് ഉടമകള്‍ക്ക് കുറഞ്ഞ ബാലന്‍സിന്റെ പരിധി മുന്‍കൂട്ടി നിശ്ചയിക്കാവുന്നതാണ്. പരിധി കടക്കുമ്പോള്‍ ഓട്ടോമാറ്റിക്കായി റീചാര്‍ജ് ആകുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് ഫാസ്ടാഗില്‍ ആവശ്യത്തിന് തുകയുണ്ടോയെന്ന ആശങ്കകള്‍ ഇനി ഒഴിവാക്കാന്‍ സാധിക്കും.
മെട്രോ, സബർബൻ റെയിൽവേ, ടോൾ, പാർക്കിംഗ് ചാർജുകൾ തുടങ്ങിയ വിവിധ ഗതാഗത മാർഗങ്ങളിൽ രാജ്യവ്യാപകമായി ഒരു കാർഡ് ഉപയോഗിക്കാവുന്ന സംവിധാനമാണ് നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡുകള്‍ (എന്‍.സി.എം.സി).
Related Articles
Next Story
Videos
Share it