ക്രെഡിറ്റ് കാര്‍ഡിന് അധിക തുക ഈടാക്കി, ആര്‍.ബി.എല്‍ ബാങ്കിന് 1.2 ലക്ഷം രൂപ പിഴ

ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും പരാതിക്കാരന് നല്‍കണമെന്നും ഉപഭോക്തൃ കമ്മിഷന്‍
Credit card in Hand
image credit : canva
Published on

ഹിഡന്‍ ചാര്‍ജുകളോ വാര്‍ഷിക ചാര്‍ജുകളോ ഉണ്ടാവില്ലെന്ന ഉറപ്പില്‍ ക്രെഡിറ്റ് കാര്‍ഡ് വില്‍പ്പന നടത്തി വാഗ്ദാനം ലംഘിച്ച ബാങ്കിന്റെ നടപടി അധാര്‍മിക വ്യാപാര രീതിയാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. എറണാകുളം കൂവപ്പടി സ്വദേശി അരുണ്‍ എം.ആര്‍ മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍.ബി.എല്‍ ബാങ്കിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

ഹിഡന്‍ ചാര്‍ജുകളോ വാര്‍ഷിക ചാര്‍ജുകളോ ഉണ്ടാവില്ലെന്ന ഉറപ്പിലാണ് പരാതിക്കാരന്‍ ക്രെഡിറ്റ് കാര്‍ഡ് എടുത്തത്. കാര്‍ഡ് ലഭിച്ചതിന് ശേഷം 50,000 രൂപ കാര്‍ഡ് വഴി പെട്രോള്‍ പമ്പില്‍ ഉപയോഗിച്ചു. 40 ദിവസം കഴിഞ്ഞിട്ടും പെയ്‌മെന്റ് അടക്കുന്നതുമായി ബന്ധപ്പെട്ട് ഒരു സന്ദേശവും പരാതിക്കാരനു ബാങ്കില്‍ നിന്നു ലഭിച്ചില്ല. ഫോണ്‍ മുഖേന ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും മറുപടിയില്ല. തുടര്‍ന്ന് ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ പരാതിക്കാരന്‍ തീരുമാനിച്ചു.

അന്വേഷിച്ചപ്പോള്‍ 50,590 രൂപ നല്‍കാനാണ് നിര്‍ദ്ദേശിച്ചത്. ആ തുക ഫോണ്‍ പേ മുഖേന പരാതിക്കാന്‍ നല്‍കുകയും ചെയ്തു.എന്നാല്‍ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് വീണ്ടും 4,718 രൂപ കൂടി നല്‍കണമെന്ന് ബാങ്ക് ആവശ്യപ്പെട്ടു. പിന്നീട് അത് 13,153 രൂപയായി വര്‍ദ്ധിപ്പിച്ചു. അതിന് ശേഷം, അഭിഭാഷകന്‍ മുഖേന ബാങ്ക് അയച്ച നോട്ടീസില്‍ 14,859 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ നോട്ടീസില്‍ പരാമര്‍ശിക്കുന്ന നമ്പരിലുള്ള ക്രെഡിറ്റ് കാര്‍ഡ് തനിക്കു നല്‍കിയിട്ടില്ലെന്നാണ് പരാതിക്കാരന്‍ കോടതിയില്‍ വാദിച്ചത്.

ക്രെഡിറ്റ് സ്‌കോര്‍ ഇടിഞ്ഞു

സിബില്‍ സ്‌കോര്‍ 760ല്‍ നിന്നും 390 ആയി കുറഞ്ഞതായും അരുണ്‍ കോടതിയില്‍ പരാതിപ്പെട്ടു.ഇതുമൂലം ബാങ്കുകള്‍ തനിക്ക് വായ്പ നിഷേധിച്ചു. ഈ സാഹചര്യത്തിലാണ് നഷ്ടപരിഹാരം ആവശ്യപ്പെടട്ട് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. സിബില്‍ സ്‌കോറില്‍ വീഴ്ച വരുത്തിയവരുടെ പട്ടികയില്‍ നിന്നും പരാതിക്കാരന്റെ പേര് ഉടനടി നീക്കം ചെയ്യാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും കൂടാതെ, ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും പരാതിക്കാരന് നല്‍കണമെന്നും എതിര്‍കക്ഷിയായ ബാങ്കിന് ഉത്തരവ് നല്‍കി.

ഇടപാടുകളില്‍ സുതാര്യതയും വിശ്വസ്തതയും വാഗ്ദാനം ചെയ്യുന്ന ധനകാര്യ സ്ഥാപനങ്ങളില്‍ ചിലത് പിന്നീട് ഉപഭോക്താക്കളെ കബളിപ്പിക്കുകയും അവരുടെ മനസ്സമാധാനം ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയും ആയതിനാല്‍ നഷ്ടപരിഹാരം നല്‍കാന്‍ അത്തരം ബാങ്കുകള്‍ക്ക് ബാധ്യതയുണ്ടെന്നും ഡി.ബി ബിനു അധ്യക്ഷനും, വി രാമചന്ദ്രന്‍, ടി.എന്‍.ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് വ്യക്തമാക്കി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com