ഐ.പി.എല്‍ കപ്പില്‍ മുത്തമിട്ട പാടേ റോയല്‍ ചലഞ്ചേഴ്‌സ് വില്‍പനക്ക്? വിജയ് മല്യ തുടങ്ങിയ ടീമിന്റെ മൂല്യം ₹17,000 കോടി, റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ഇപ്പോഴത്തെ ഉടമകള്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കപ്പുയര്‍ത്തിയതിന് പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ വില്‍ക്കാന്‍ ഉടമകള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിലവിലെ ഉടമകളായ ഡിയാജിയോ പി.എല്‍.സി (Diageo Plc) ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുന്നുവെന്നാണ് വിവരം. പൂര്‍ണമായോ അല്ലെങ്കില്‍ ഭാഗികമായോ ഓഹരികള്‍ വില്‍ക്കാനാണ് കമ്പനി ആലോചിക്കുന്നത്. രണ്ട് ബില്യന്‍ ഡോളര്‍ (ഏതാണ്ട് 17,000 കോടി രൂപ) മൂല്യമാണ് ആര്‍.സി.ബിക്ക് ഡിയാജിയോ കണക്കാക്കുന്നതെന്നാണ് ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്നും ചര്‍ച്ചകള്‍ തുടരുകയാണെന്നും റിപ്പോര്‍ട്ട് തുടരുന്നു.
തീരുമാനമായില്ല
എന്നാല്‍ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ തെറ്റാണെന്നും ആര്‍.സി.ബിയുടെ ഓഹരി വില്‍പ്പന തീരുമാനിച്ചിട്ടില്ലെന്നും ഡിയോജിയോയുടെ ഇന്ത്യന്‍ യൂണിറ്റായ യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡ് അറിയിച്ചു. ഓഹരി വില്‍പ്പന നടത്തുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ കമ്പനിയുടെ ഓഹരി വില ഇന്ന് കുതിച്ചുയര്‍ന്നിരുന്നു. ഇതിന് പിന്നാലെ വൈകുന്നേരം ഓഹരി വിപണിയില്‍ സമര്‍പ്പിച്ച ഫയലിംഗിലാണ് കമ്പനിയുടെ വിശദീകരണം.
മല്യ തുടങ്ങി
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഫ്രാഞ്ചൈസികളില്‍ ഒന്നാണ് ആര്‍.സി.ബി. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ സ്ഥാപകനായ വിജയ് മല്യയായിരുന്നു ടീമിന്റെ ഉടമ. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട് കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് പൂട്ടിയതോടെ 2012ല്‍ മല്യയുടെ യുണൈറ്റഡ് സ്പിരിറ്റ്‌സിനെ ബ്രിട്ടീഷ് കമ്പനിയായ ഡിയാജിയോ ഏറ്റെടുത്തു. യുണൈറ്റഡ് സ്പിരിറ്റിസിന്റെ നിയന്ത്രണത്തിലുള്ള ആര്‍.സി.ബിയും ഇതോടെ ഡിയാജിയോയുടെ കീഴിലായി. നിലവില്‍ ആര്‍.സി.ബിയില്‍ ഔദ്യോഗികമായി മല്യക്ക് പങ്കൊന്നുമില്ലെന്നതാണ് സത്യം. 18 വര്‍ഷത്തിന് ശേഷം ഈ സീസണിലാണ് ആര്‍.സി.ബി ആദ്യമായി ഐ.പി.എല്‍ കിരീടം സ്വന്തമാക്കുന്നത്.
പരസ്യത്തില്‍ കടുപ്പിക്കാന്‍ ബോര്‍ഡ്
അതേസമയം, മദ്യം, പുകയില എന്നിവയുടെ പരസ്യം നിയന്ത്രിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് തീരുമാനിച്ചതിന് പിന്നാലെയാണ് ആര്‍.സി.ബിയുടെ വില്‍പ്പന സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതെന്നും ശ്രദ്ധേയം. മദ്യവും പുകയിലയും മറ്റ് പേരുകളില്‍ പരസ്യം ചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്താന്‍ ബി.സി.സി.ഐ ഒരുങ്ങുകയാണ്. തന്റെ മദ്യബ്രാന്‍ഡുകളുടെ പ്രൊമോഷന് വേണ്ടിയാണ് റോയല്‍ ചലഞ്ചേഴ്‌സ് എന്ന പേര് ടീമിന് നല്‍കിയതെന്ന് അടുത്തിടെ പുറത്തുവന്ന അഭിമുഖത്തില്‍ വിജയ് മല്യ പറഞ്ഞിരുന്നു.
ഡീല്‍ നടന്നാല്‍ ചരിത്രം
ലോകത്തില്‍ ഏറ്റവും കൂടുതല്‍ പണമുണ്ടാക്കുന്ന കായിക മത്സരങ്ങളിലൊന്നാണ് ബി.സി.സി.ഐയുടെ നിയന്ത്രണത്തിലുള്ള ഐ.പി.എല്‍. ഇതിലെ ഒരു ടീമിന്റെ വില്‍പ്പന നടക്കുന്നത് ഈ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കുമെന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്. എന്റര്‍ടെയിന്‍മെന്റ്, പരസ്യ മേഖലയില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയ ഐ.പി.എല്ലില്‍ ഒരു ടീമിന്റെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നത് ചരിത്രമാകുമെന്നും ഇവര്‍ കരുതുന്നു.
ആര്‍.സി.ബിക്ക് വിലക്ക്?
അതിനിടെ ബംഗളൂരുവില്‍ നടന്ന വിജയാഘോഷത്തിനിടെ നിരവധി പേര്‍ മരിക്കാനിടയായ സംഭവത്തില്‍ ആര്‍.സി.ബിക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഐ.പി.എല്ലില്‍ നിന്ന് ടീമിനെ ഒരുവര്‍ഷത്തേക്ക് വിലക്കാനാണ് ബി.സി.സി.ഐ ഒരുങ്ങുന്നതെന്നാണ് പ്രചാരണം. വിജയാഘോഷം ആര്‍.സി.ബിയുടെ സ്വകാര്യ ചടങ്ങാണെങ്കിലും ഇക്കാര്യത്തില്‍ നടപടിയെടുക്കുമെന്ന് ബി.സി.സി.ഐ സെക്രട്ടറി ദേവജിത്ത് സൈക്കിയ നടത്തിയ പ്രസ്താവനയാണ് അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്. ഐ.പി.എല്ലിന്റെ ഔദ്യോഗിക പേജ് ആര്‍.സി.ബിയെ അണ്‍ഫോളോ ചെയ്‌തെന്നും പ്രചാരണമുണ്ടായി. അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെയും ഔദ്യോഗികമായി പ്രതികരിക്കാന്‍ ബി.സി.സി.ഐ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ ഇത്തരം പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് വിലയിരുത്തല്‍.
RCB’s ownership may change hands as Diageo considers selling its stake after the team’s IPL 2025 title win.
Read DhanamOnline in English
Subscribe to Dhanam Magazine