മുൻവർഷങ്ങളെ കടത്തിവെട്ടി കൊച്ചി മെട്രോ; വാട്ടർ മെട്രോയ്ക്കും മെട്രോ റെയിലിനും റെക്കോർഡ് തിളക്കം

കൃത്യനിഷ്ഠയുള്ള സർവീസുകൾ, ശുചിത്വം, സ്റ്റേഷനുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇലക്ട്രിക് ഫീഡർ ബസുകൾ തുടങ്ങിയവ യാത്രക്കാരെ വലിയ തോതില്‍ ആകർഷിക്കുന്നു
kochi metro trains
Kochi Metro Railimage credit : facebook.com/ KochiMetroRail
Published on

കൊച്ചിയുടെ പൊതുഗതാഗത ചരിത്രത്തിൽ നാഴികക്കല്ലായി മാറിയ വർഷമാണ് 2025. കൊച്ചി മെട്രോ റെയിൽ, വാട്ടർ മെട്രോ, ഇലക്ട്രിക് ഫീഡർ ബസുകൾ എന്നിവയുൾപ്പെടെയുള്ള സംയോജിത ഗതാഗത ശൃംഖല യാത്രക്കാരുടെ എണ്ണത്തിൽ എക്കാലത്തെയും വലിയ റെക്കോർഡുകൾ സൃഷ്ടിച്ചാണ് വർഷം പൂർത്തിയാക്കിയത്.

നാലിരട്ടി വർധന

2025 ൽ മാത്രം 3.65 കോടിയിലധികം യാത്രക്കാരാണ് കൊച്ചി മെട്രോ റെയിൽ ഉപയോഗിച്ചത്. ഇത് 2024 നെ അപേക്ഷിച്ച് 4.2 ശതമാനം വർധനവ് രേഖപ്പെടുത്തുന്നു. സർവീസ് ആരംഭിച്ച 2017 ലെ ആദ്യ വർഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം നാലിരട്ടി വർധനയാണിത്.

ജലഗതാഗത രംഗത്തും വലിയ മുന്നേറ്റമാണ് ഉണ്ടായത്. 2025 ൽ 23.26 ലക്ഷം പേർ വാട്ടർ മെട്രോ ഉപയോഗിച്ചു. ഇത് മുൻവർഷത്തേക്കാൾ 15 ശതമാനം കൂടുതലാണ്. ഹൈക്കോടതി - ഫോർട്ട് കൊച്ചി റൂട്ടിലായിരുന്നു ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. കൊച്ചി-മുസിരിസ് ബിനാലെയും വാട്ടർ മെട്രോയില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിച്ചു.

ഡിസംബർ മാസം ഈ നേട്ടങ്ങളിൽ നിർണായകമായി. 2025 ഡിസംബറിൽ മാത്രം 32.68 ലക്ഷം പേർ മെട്രോയിൽ യാത്ര ചെയ്തു. ഡിസംബർ 30 ന് 1,24,639 യാത്രക്കാരും പുതുവത്സരാഘോഷത്തിൽ 1.39 ലക്ഷത്തിലധികം യാത്രക്കാരും മെട്രോയിൽ യാത്ര ചെയ്തു. ജനുവരി ഒന്നിന് മാത്രം മെട്രോ ട്രെയിനുകളിൽ 1.39 ലക്ഷം പേരും വാട്ടർ മെട്രോയിൽ 15,000 ത്തോളം പേരും യാത്ര ചെയ്തത് പുതിയ റെക്കോർഡായി.

ഫീഡർ ബസുകൾ

കൃത്യനിഷ്ഠയുള്ള സർവീസുകൾ, ശുചിത്വം, ജീവനക്കാരുടെ മാന്യമായ പെരുമാറ്റം, സ്റ്റേഷനുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇലക്ട്രിക് ഫീഡർ ബസുകൾ എന്നിവയാണ് യാത്രക്കാരെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ. മെട്രോ സ്റ്റേഷനുകളെയും വാട്ടർ മെട്രോ ടെർമിനലുകളെയും ബന്ധിപ്പിക്കുന്ന 15 ഇ-ഫീഡർ ബസുകൾ വിന്യസിച്ചത് ഫസ്റ്റ്-ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുകയും, ഇത് കൂടുതൽ ദൈനംദിന യാത്രക്കാരെ ആകർഷിക്കാൻ സഹായിക്കുകയും ചെയ്തു. 2025 ലെ ഈ മുന്നേറ്റം കൊച്ചി ഒരു സുസ്ഥിര നഗര ഗതാഗത സംവിധാനത്തിലേക്ക് അതിവേഗം മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ്.

Kochi Metro and Water Metro marked record-breaking ridership in 2025, establishing Kochi as a model for integrated and sustainable urban transport.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com