

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ സര്‍വീസ് ഉടൻ ആരംഭിക്കാനിരിക്കുകയാണ്. ഇതോടെ യാത്രക്കാർ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യമാണ് ടിക്കറ്റ് റദ്ദാക്കൽ നിരക്കുകളും അവയുടെ റീഫണ്ട് നിയമങ്ങളും. ടിക്കറ്റ് റദ്ദാക്കുന്ന സമയത്തെ അടിസ്ഥാനമാക്കിയാണ് റീഫണ്ട് തുക നിശ്ചയിക്കുന്നത്.
75 ശതമാനം റീഫണ്ട്: ട്രെയിൻ പുറപ്പെടുന്നതിന് 72 മണിക്കൂറിന് മുമ്പ് റദ്ദാക്കിയാൽ, ടിക്കറ്റ് തുകയുടെ 75 ശതമാനം നിങ്ങൾക്ക് റീഫണ്ടായി ലഭിക്കും. അതായത് മൊത്തം തുകയുടെ 25 ശതമാനം റദ്ദാക്കൽ നിരക്കായി (Cancellation charge) ഈടാക്കും.
50 ശതമാനം റീഫണ്ട്: ട്രെയിൻ പുറപ്പെടുന്നതിന് 72 മണിക്കൂറിനും 8 മണിക്കൂറിനും ഇടയിൽ ടിക്കറ്റ് റദ്ദാക്കിയാൽ, ടിക്കറ്റ് നിരക്കിന്റെ പകുതി തുക മാത്രമേ തിരികെ ലഭിക്കൂ.
ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂറിനുള്ളിൽ ടിക്കറ്റ് റദ്ദാക്കിയാൽ, റീഫണ്ട് ലഭിക്കില്ല.
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിൽ പ്രധാനമായും എസി 3 ടയർ, എസി 2 ടയർ, എസി ഫസ്റ്റ് ക്ലാസ് എന്നീ വിഭാഗങ്ങളുണ്ടാകും. ഐആർസിടിസി (IRCTC) വെബ്സൈറ്റ് വഴിയോ ആപ്പ് വഴിയോ ടിക്കറ്റ് എടുത്തവർക്ക് ഓൺലൈനായി തന്നെ റീഫണ്ടിന് അപേക്ഷിക്കാം. യാത്രക്കാരുടെ സൗകര്യാർത്ഥം ദീർഘദൂര യാത്രകൾക്കായി രൂപകൽപ്പന ചെയ്ത വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഇന്ത്യൻ റെയിൽവേയുടെ മുഖച്ഛായ മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ജനുവരി 22 മുതലാണ് സര്‍വീസ് ആരംഭിക്കുക. 2019 ൽ വന്ദേ ഭാരത് ട്രെയിൻ ആരംഭിച്ച് ഏകദേശം ആറ് വർഷങ്ങൾക്ക് ശേഷമാണ് സ്ലീപ്പര്‍ ട്രെയിനുകള്‍ എത്തുന്നത്. 14 മണിക്കൂറിനുള്ളിൽ 972 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ഗുവാഹത്തി (കാമാഖ്യ)-ഹൗറ റൂട്ടിലാണ് ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകള്‍ എത്തുന്നത്. താമസിയാതെ മറ്റു റൂട്ടുകളിലും വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകള്‍ അവതരിപ്പിക്കാനുളള ഒരുക്കത്തിലാണ് റെയില്‍വേ.
Know refund rules before cancelling Vande Bharat sleeper train tickets to avoid financial loss.
Read DhanamOnline in English
Subscribe to Dhanam Magazine