ഡല്‍ഹി ബി.ജെ.പി ഭരണത്തില്‍, രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്തു; മോടി കൂട്ടാന്‍ മോദിയും എന്‍.ഡി.എ മുഖ്യമന്ത്രിമാരും

പുതിയ സര്‍ക്കാര്‍ എടുക്കുന്ന ആദ്യ തീരുമാനം വനിതകള്‍ക്ക് പ്രതിമാസം 2,500 രൂപ വീതം ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുന്ന മഹിള സമൃദ്ധി യോജന പദ്ധതിയായിരിക്കുമെന്ന് രേഖ ഗുപ്ത
ഡല്‍ഹി ബി.ജെ.പി ഭരണത്തില്‍, രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്തു; മോടി കൂട്ടാന്‍ മോദിയും എന്‍.ഡി.എ മുഖ്യമന്ത്രിമാരും
Published on

ഡല്‍ഹിയില്‍ രേഖ ഗുപ്ത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചരിത്രപ്രസിദ്ധമായ രാംലീല മൈതാനത്ത് നടന്ന ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്‌സേന സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖര്‍ സന്നിഹിതരായിരുന്നു. എന്‍.ഡി.എ അധികാരത്തിലുള്ള 20 സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.

ഉപമുഖ്യമന്ത്രി പര്‍വേശ് വര്‍മ, ആശിഷ് സൂദ്, മഞ്ചീന്ദര്‍ സിംഗ് സിര്‍സ, രവിരാജ് ഇന്ദ്രജ് സിംഗ്, കപില്‍ മിശ്ര, പങ്കജ് കുമാര്‍ സിംഗ് എന്നിവരും രേഖ ഗുപ്തയ്ക്കാപ്പം സത്യപ്രതിജ്ഞ ചെയ്തു. പുതിയ സര്‍ക്കാര്‍ എടുക്കുന്ന ആദ്യ തീരുമാനം വനിതകള്‍ക്ക് പ്രതിമാസം 2,500 രൂപ വീതം ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുന്ന മഹിള സമൃദ്ധി യോജന പദ്ധതിയായിരിക്കുമെന്ന് രേഖ ഗുപ്ത വ്യക്തമാക്കി. ആദ്യ ഗഡു മാര്‍ച്ച് എട്ടിന് കൈമാറുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

27 വര്‍ഷത്തിനു ശേഷം തലസ്ഥാനത്ത് ബി.ജെ.പി

12 വര്‍ഷമായി ആംആദ്മി പാര്‍ട്ടിയുടെ കൈവശമായിരുന്ന ഡല്‍ഹിയില്‍ ബി.ജെ.പി സര്‍ക്കാര്‍ വന്നത് നീണ്ട 27 വര്‍ഷത്തിനുശേഷമാണ്. 70 അംഗ നിയമസഭയില്‍ 48 സീറ്റുകളും നേടിയാണ് ബി.ജെ.പി അധികാരം തിരിച്ചുപിടിച്ചത്. സുഷമസ്വരാജിന് ശേഷം ബി.ജെ.പിയില്‍ നിന്ന് ഡല്‍ഹിയില്‍ മുഖ്യമന്ത്രി പദത്തിലേക്കെത്തിയ വനിതയാണ് രേഖാ ഗുപ്ത.

ഹരിയാനയില്‍ ജനിച്ച രേഖാ ഗുപ്ത വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്ത് സജീവമാകുന്നത്. 1992-ല്‍ ഡല്‍ഹി ദൗലത്ത് റാം കോളേജിലെ പഠനകാലത്താണ് രേഖാ ഗുപ്ത എബിവിപിയിലൂടെ വിദ്യാര്‍ഥിരാഷ്ട്രീയത്തിലെത്തുന്നത്. 1996-97 കാലഘത്തില്‍ ഡല്‍ഹി സര്‍വ്വകലാശാലാ വിദ്യാര്‍ഥി യൂണിയന്റെ പ്രസിഡന്റുമായിരുന്നു. ഇത്തവണ ഷാലിമാര്‍ ബാഗില്‍ നിന്ന് 29,595 വോട്ടിനാണ് അവര്‍ ജയിച്ചു കയറിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com