
ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനില്‍ കയറി അവിടുത്തെ ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണം നിമിഷനേരം കൊണ്ട് ആഗോള തലത്തില്‍ തന്നെ വലിയ വാര്‍ത്തയായി മാറിയിരുന്നു. ലോകത്തിലെ ഒട്ടുമിക്ക മാധ്യമങ്ങളുടെയും പ്രധാന വാര്‍ത്ത ഓപ്പറേഷന്‍ സിന്ദൂര്‍ ആയിരുന്നു. ഇന്ത്യയുടെ ആക്രമണം പോലെ ഈ പേരും നിമിഷനേരം കൊണ്ട് വൈറലായി.
ഇപ്പോഴിതാ, ഈ പേരില്‍ ട്രേഡ് മാര്‍ക്ക് സ്വന്തമാക്കാനായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് അടക്കം രംഗത്തു വന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. സൈന്യം നടത്തിയ ആക്രമണത്തിന്റെ വാര്‍ത്ത പുറത്തുവന്ന് മണിക്കൂറുകള്‍ക്കകമാണ് റിലയന്‍സ് അടക്കം ഈ പേരില്‍ ട്രേഡ് മാര്‍ക്ക് സ്വന്തമാക്കാനായി അപേക്ഷ നല്കിയത്. ട്രേഡ് മാര്‍ക്കിനായുള്ള നീക്കത്തിനെതിരേ സോഷ്യല്‍മീഡിയയില്‍ വലിയ തോതില്‍ വിമര്‍ശനമേല്‍ക്കേണ്ടി വന്നതോടെ റിലയന്‍സ് അപേക്ഷയില്‍ നിന്ന് പിന്മാറി.
വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനുള്ള ട്രേഡ് മാര്‍ക്കിനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. സിനിമ, വെബ്‌സീരിസ് എന്നിവയെല്ലാം വാണിജ്യ ആവശ്യങ്ങളിലാണ് പെടുന്നത്. വിദ്യാഭ്യാസ, വിനോദ, സാംസ്‌കാരിക, മാധ്യമ സേവന രംഗങ്ങളില്‍ ഇത് പ്രയോജനപ്പെടുത്താനുള്ള സവിശേഷ അധികാരം കിട്ടാനാണിത്.
കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ട്രേഡ് മാര്‍ക്ക് സെര്‍ച്ച് പോര്‍ട്ടലില്‍ നിന്നുള്ള വിവരം അനുസരിച്ച് റിലയന്‍സിനെ കൂടാതെ മൂന്ന് അപേക്ഷകള്‍ കൂടി ഈ ട്രേഡ് മാര്‍ക്കിനായി ലഭിച്ചിട്ടുണ്ട്. മുംബൈ സ്വദേശി മുകേഷ് അഗര്‍വാള്‍, റിട്ടയര്‍ഡ് എയര്‍ഫോഴ്‌സ് ഗ്രൂപ്പ് ക്യാപ്റ്റന്‍ കമല്‍സിംഗ് ഒബ്ര, ഡല്‍ഹിയില്‍ നിന്നുള്ള അഭിഭാഷകന്‍ അലോക് കോത്താരി എന്നിവരാണ് മറ്റ് അപേക്ഷകര്‍. 2019ലെ പുല്‍വാമ ആക്രമണത്തിനുശേഷം ഇത്തരത്തില്‍ ട്രേഡ് മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു.
ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ത്തയ്ക്ക് ലോക മാധ്യമങ്ങളില്‍ വലിയ പ്രാധാന്യമാണ് ലഭിച്ചത്. ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനില്‍ കടന്നുകയറി തീവ്രവാദ കേന്ദ്രങ്ങള്‍ ആക്രമിച്ചെന്ന രീതിയിലാണ് ഭൂരിപക്ഷ മാധ്യമങ്ങളും സംഭവത്തെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കശ്മീര്‍ ആക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനില്‍ മിസൈല്‍ ആക്രമണം നടത്തി ഇന്ത്യ എന്നായിരുന്നു ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ തലക്കെട്ട്.
എല്ലാ മാധ്യമങ്ങളും ഇന്ത്യ ഉപയോഗിച്ച മിസൈലുകളെക്കുറിച്ചും പാക്കിസ്ഥാനിലെ തീവ്രവാദ ക്യാംപുകളെക്കുറിച്ചും വലിയ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine