Begin typing your search above and press return to search.
ഇന്ത്യന്‍ സ്‌പോര്‍ട്‌സില്‍ അംബാനി 'കുത്തക'; ലോക്കല്‍ മുതല്‍ അന്താരാഷ്ട്രം വരെ റിലയന്‍സിന്റെ കൈവെള്ളയില്‍
ഇന്ത്യന്‍ കായികലോകത്തെ പ്രധാനപ്പെട്ട സ്‌പോര്‍ട്‌സ് ലീഗുകളുടെയും അന്താരാഷ്ട്ര മല്‍സരങ്ങളുടെയും ആധിപത്യം റിലയന്‍സിന്റെ കൈകളിലേക്ക്. ഡിസ്‌നി ഹോട്ട്‌സ്റ്റാറുമായുള്ള ലയനത്തില്‍ മേധാവിത്വം ലഭിച്ചതോടെ ടി.വി, ഓണ്‍ലൈന്‍ രംഗത്ത് പ്രധാന ഇവന്റുകളുടെയെല്ലാം മീഡിയ റൈറ്റ്‌സ് റിലയന്‍സിന് ലഭിച്ചു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ നടത്തിപ്പും ഉടമസ്ഥാവകാശവും മുമ്പേ റിലയന്‍സിന്റെ അധീനതയിലാണ്. ഇതിനൊപ്പമാണ് പുതിയ പുതിയ സ്‌പോര്‍ട്‌സ് ചാനലുകളുമായി അംബാനി കരുത്തു കാട്ടുന്നത്.
പ്രധാനപ്പെട്ട ഇവന്റുകള്‍ സ്വന്തം
ലോക ക്രിക്കറ്റിലെ തന്നെ പണംകായ്ക്കുന്ന ലീഗായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സംപ്രേക്ഷണാവകാശം ഇനി റിലയന്‍സിന്റെ പുതിയ കമ്പനിക്കാണ്. കഴിഞ്ഞ വര്‍ഷം നടന്ന ലേലത്തില്‍ ഒ.ടി.ടി റൈറ്റ്‌സ് ജിയോ സിനിമ സ്വന്തമാക്കിയിരുന്നു. ടി.വി സംപ്രേക്ഷണം സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിനായിരുന്നു. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകള്‍ റിലയന്‍സ് ഏറ്റെടുത്തതോടെ ടി.വി സംപ്രേക്ഷണാവകാശവും അംബാനിക്ക് തന്നെയായി.കോടികളുടെ വരുമാനമാണ് ഓരോ സീസണിലും ഐ.പി.എല്ലിലൂടെ ലഭിക്കുന്നത്. കഴിഞ്ഞ സീസണില്‍ ജിയോ സിനിമയിലൂടെ സൗജന്യമായിട്ടായിരുന്നു ഐ.പി.എല്‍ സംപ്രേക്ഷണം ചെയ്തത്. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ കളി കണ്ടിരുന്ന പ്രേക്ഷകരെ സ്വന്തമാക്കാനായിരുന്നു ഈ നീക്കം. ടി.വി സംപ്രേക്ഷണവും കൈവശമായതോടെ അടുത്ത സീസണ്‍ മുതല്‍ സൗജന്യ സംപ്രേക്ഷണം റിലയന്‍സ് അവസാനിപ്പിക്കാന്‍ സാധ്യതയുണ്ട്.
ഫിഫ ഫുട്‌ബോള്‍ ലോകകപ്പ്, പ്രൊ കബഡി ലീഗ്, സ്പാനിഷ് ലാലിഗ, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ഐഎസ്എല്‍, കേരള സൂപ്പര്‍ ലീഗ് തുടങ്ങി പ്രധാനപ്പെട്ട ലീഗുകളുടെയെല്ലാം അവകാശം അടുത്ത സീസണോടെ റിലയന്‍സിന്റെ സ്വന്തമാകും. മറ്റ് സ്‌പോര്‍ട്‌സ് ചാനലുകളെ ബഹുദൂരം പിന്നിലാക്കി വിപണിയില്‍ ഒന്നാമതെത്താന്‍ ഇത് റിലയന്‍സിനെ സഹായിക്കും.
സ്‌പോര്‍ട്‌സ് വിപണിയില്‍ കുത്തക
മുമ്പ് ആറോളം വ്യത്യസ്ത സ്‌പോര്‍ട്‌സ് ചാനലുകള്‍ ഇന്ത്യയിലുണ്ടായിരുന്നു. എന്നാലിപ്പോള്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കും റിലയന്‍സും നേരിട്ടുള്ള മല്‍സരത്തിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുകയാണ്. ഇത് കുത്തകവല്‍ക്കരണത്തിലേക്ക് നയിക്കുമോയെന്ന ഭയം സ്‌പോര്‍ട്‌സ് പ്രേമികള്‍ക്കും കായിക സംഘടനകള്‍ക്കുമുണ്ട്.മുമ്പ് വലിയ തുകയ്ക്കായിരുന്നു മീഡിയ റൈറ്റ്‌സ് വിറ്റുപോയിരുന്നത്. റിലയന്‍സ് മാത്രമുള്ള അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറുന്നതോടെ സംപ്രേക്ഷണാവകാശം വില്‍ക്കുമ്പോള്‍ കനത്ത നഷ്ടം നേരിട്ടേക്കും. കായിക സംഘടനകളെ സംബന്ധിച്ച് മീഡിയ റൈറ്റ്‌സ് വില്പനയാണ് പ്രധാന വരുമാന മാര്‍ഗം. ഇതില്‍ കുറവു വരുന്നത് കായിക വികസനത്തിന് മുടക്കുന്ന തുകയില്‍ ഇടിവുണ്ടാകാന്‍ ഇടയാക്കും.
Next Story
Videos