തമിഴ്‌നാട് കമ്പനിയെ ഏറ്റെടുക്കാന്‍ റിലയന്‍സ്, മത്സരിക്കുന്നത് മലയാളിയുടെ സംരംഭത്തോട്; എഫ്എംസിജി രംഗത്ത് പോരാട്ടം കടുക്കും!

ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, മലയാളിയായ പിസി മുസ്തഫ സ്ഥാപിച്ച ഐഡി ഫ്രെഷ്, എംടിആര്‍ എന്നീ കമ്പനികളുമായി മത്സരിക്കാന്‍ ഉദയംസിനെ ഏറ്റെടുക്കുന്നത് സഹായിക്കും
തമിഴ്‌നാട് കമ്പനിയെ ഏറ്റെടുക്കാന്‍ റിലയന്‍സ്, മത്സരിക്കുന്നത് മലയാളിയുടെ സംരംഭത്തോട്; എഫ്എംസിജി രംഗത്ത് പോരാട്ടം കടുക്കും!
Published on

പ്രാദേശിക കമ്പനികളെ ഏറ്റെടുത്ത് എഫ്എംസിജി രംഗത്ത് മത്സരം കടുപ്പിക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. കമ്പനിയുടെ ഉപവിഭാഗമായ ന്യൂ റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് (RCPL) വഴി തമിഴ്‌നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉദയംസ് അഗ്രോ ഫുഡ്‌സിനെ (Udhaiyams Agro Foods) ഏറ്റെടുക്കാനാണ് റിലയന്‍സിന്റെ നീക്കം.

പുതിയ കമ്പനി ആരംഭിച്ച് വിപണിയിലേക്ക് പതിയെ പ്രവേശിക്കുന്നതിന് പകരം നിലവിലുള്ള കമ്പനികളെ ഏറ്റെടുത്ത് മത്സരത്തിന്റെ ഭാഗമാകുന്ന പുതിയ കോര്‍പറേറ്റ് രീതികളാണ് റിലയന്‍സും സ്വീകരിക്കുന്നത്.

ഉദയംസ് ആഗ്രോ ഫുഡ്‌സില്‍ 668 കോടി രൂപയ്ക്ക് ഓഹരി പങ്കാളിത്തം നേടാനാണ് റിലയന്‍സ് നീക്കമെന്ന് ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദക്ഷിണേന്ത്യന്‍ വിപണിയാണ് ഇതുവഴി അവര്‍ ലക്ഷ്യമിടുന്നത്. ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, മലയാളിയായ പിസി മുസ്തഫ സ്ഥാപിച്ച ഐഡി ഫ്രെഷ്, എംടിആര്‍ എന്നീ കമ്പനികളുമായി മത്സരിക്കാന്‍ ഉദയംസിനെ ഏറ്റെടുക്കുന്നത് സഹായിക്കും.

2002ല്‍ സ്ഥാപിതമായ ശ്രീലക്ഷ്മി അഗ്രോ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹസ്ഥാപനമാണ് ഉദയംസ്. സെല്‍വരാജ് സുധാകര്‍, സെല്‍വരാജ് ദിനകര്‍ എന്നിവരാണ് സ്ഥാപകര്‍. മാര്‍ച്ച് 31 അവസാനിച്ച സാമ്പത്തികവര്‍ഷം കമ്പനിയുടെ വരുമാനം 668 കോടി രൂപയാണ്. റിലയന്‍സ് ഏറ്റെടുത്താലും സെല്‍വരാജ് സഹോദരന്മാര്‍ക്ക് ചെറിയൊരു ഓഹരിപങ്കാളിത്തം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

രണ്ടുംകല്പിച്ച് റിലയന്‍സ്

വളരെ വേഗത്തില്‍ വളരുന്ന എഫ്എംസിജി രംഗത്തേക്ക് വന്‍കിട കോര്‍പറേറ്റ് കമ്പനികളുടെ തള്ളിക്കയറ്റമാണ്. ഈ മത്സരത്തിലേക്കാണ് റിലയന്‍സും എത്തുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉപകമ്പനിയായ റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡ് (RCPL) കമ്പനി പിരിച്ചുവിട്ടിരുന്നു. ഡിസംബര്‍ ഒന്നുമുതല്‍ ന്യൂ റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡ് എന്ന പേരിലാണ് എഫ്എംസിജി വിഭാഗം പ്രവര്‍ത്തിക്കുന്നത്.

പ്രാദേശിക മാര്‍ക്കറ്റിലേക്ക് കൂടുതല്‍ സജീവമായി ഇറങ്ങി ചെല്ലുകയെന്ന നയത്തിന്റെ ഭാഗമായാണ് ഓരോ സംസ്ഥാനത്തും റിലയന്‍സ് ഏറ്റെടുക്കലുകള്‍ നടത്തുന്നത്. ഏറ്റെടുത്താലും നിലവിലുള്ള പേരില്‍ തന്നെ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നതാണ് റിലയന്‍സിന്റെ രീതി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫുഡ് നിര്‍മാണ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ 40,000 കോടി രൂപയുടെ നിക്ഷേപമാണ് റിലയന്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്. വന്‍കിട കോര്‍പറേറ്റുകളുടെ വരവ് ചെറുകിട ബ്രാന്‍ഡുകളെ ഏതുരീതിയില്‍ ബാധിക്കുമെന്നത് കണ്ടറിയേണ്ടതാണ്.

Reliance eyes Tamil Nadu-based Udhaiyams Agro Foods acquisition to expand its FMCG footprint and compete with brands like iD Fresh

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com