ഒ.ടി.ടിയില്‍ ഇനി റിലയന്‍സിന്റെ 'കുത്തക'; ഹോട്ട്‌സ്റ്റാറിന്റെ പടിയിറക്കത്തില്‍ മലയാള സിനിമയ്ക്കും തിരിച്ചടി

കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചതോടെ ഡിസ്‌നി ഹോട്ട്‌സ്റ്റാറും റിലയന്‍സും തമ്മിലുള്ള ലയനം പൂര്‍ണതയിലേക്ക്. ഈ വര്‍ഷം അവസാനമോ 2025 ആദ്യമോ ലയന നടപടികള്‍ പൂര്‍ത്തിയാകും. ഇതോടെ ഡിസ്‌നി ഹോട്ട്‌സ്റ്റാര്‍ എന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോം ഇന്ത്യന്‍ വിനോദ രംഗത്ത് നിന്നും അപ്രത്യക്ഷമാകും.

റിലയന്‍സിന്റെ ആധിപത്യം

ഇന്ത്യയിലെ ഏറ്റവും പ്രേക്ഷകരുള്ള ഒ.ടി.ടി പ്ലാറ്റ്‌ഫോമിനെ ഒപ്പംകൂട്ടുന്നതിലൂടെ റിലയന്‍സിന് വിനോദ വ്യവസായത്തില്‍ മേധാവിത്വം ലഭിക്കും. ഐ.പി.എല്‍ ക്രിക്കറ്റ്, ഐ.എസ്.എല്‍ ഫുട്‌ബോള്‍ അടക്കമുള്ള സ്‌പോര്‍ട്‌സ് ഇവന്റുകളുടെയും സംപ്രേക്ഷണ അവകാശം റിലയന്‍സാണ് സ്വന്തമാക്കിയിരിക്കുന്നത്. പരസ്യ നിരക്കും സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനും അടക്കമുള്ള കാര്യങ്ങള്‍ റിലയന്‍സ് ഏകപക്ഷീയമായി തീരുമാനിച്ചേക്കുമെന്ന ഭയം കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്കുണ്ട്. അവര്‍ ലയനത്തിനെതിരേ രംഗത്തു വരാന്‍ കാരണവും ഇതായിരുന്നു.

പ്രാദേശിക കണ്ടന്റുകള്‍ക്ക് ആശങ്ക

പ്രാദേശിക ഭാഷകളില്‍ വലിയ നിക്ഷേപം നടത്തിയിരുന്ന പ്ലാറ്റ്‌ഫോം ആയിരുന്നു ഡിസ്‌നി ഹോട്ട്‌സ്റ്റാര്‍. ജിയോ സിനിമ ആകട്ടെ ഹിന്ദി കണ്ടന്റുകള്‍ക്കായിരുന്നു പ്രാധാന്യം നല്‍കിയിരുന്നത്. ജിയോ സിനിമയുടെ എതിരാളികളായിരുന്ന ഹോട്ട്‌സ്റ്റാര്‍ ലയിച്ച് ഇല്ലാതാകുന്നതോടെ പ്രാദേശിക ഭാഷ കണ്ടന്റുകള്‍ക്ക് പഴയ പ്രാധാന്യം കിട്ടില്ലെന്ന ആശങ്ക ശക്തമാണ്.

സോണി ലിവ്, ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയ കമ്പനികളുമായിട്ടാകും ഡിസ്‌നി-റിലയന്‍സിന്റെ മല്‍സരം. ഡിസ്‌നിയുടെ കണ്ടന്റുകള്‍ കൂടി ലഭിക്കുന്നതോടെ എതിരാളികളെ ബഹുദൂരം പിന്നിലാക്കാന്‍ റിലയന്‍സിന് സാധിക്കും. മലയാളത്തില്‍ മാത്രം 100ലധികം സിനിമകളുടെ അവകാശം ഹോട്ട്‌സ്റ്റാറിനുണ്ട്.

ലയനശേഷം ഡയറക്ടര്‍ ബോര്‍ഡില്‍ 10 പേരാകും ഉണ്ടാകുക. ഇതില്‍ അഞ്ചുപേര്‍ റിലയന്‍സില്‍ നിന്നും ഡിസ്‌നിയില്‍ നിന്ന് മൂന്ന് പ്രതിനിധികളുമാകും വരിക. രണ്ടുപേര്‍ സ്വതന്ത്ര ഡയറക്ടര്‍മാരാകും. 46.82 ശതമാനം ഓഹരികള്‍ റിലയന്‍സിനും 36.84 ഓഹരികള്‍ ഡിസ്‌നിക്കുമായിരിക്കും പുതിയ കമ്പനിയില്‍ ലഭിക്കുക. 70,350 കോടി രൂപയുടേതാണ് ലയനം. സ്റ്റാര്‍ സ്‌പോര്‍ട്‌സ്, കളേഴ്‌സ്, അടക്കം 120 ഓളം ചാനലുകള്‍ പുതിയ കമ്പനിക്കു കീഴിലുണ്ടാകും.

Related Articles
Next Story
Videos
Share it