Begin typing your search above and press return to search.
അംബാനി അടച്ച നികുതി ₹1.86 ലക്ഷം കോടി; റിലയന്‍സിന്റെ ലാഭം അറിയേണ്ടേ?
ഇന്ത്യയിലെ കോര്‍പറേറ്റ് അതികായരായ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഖജനാവിന് നല്‍കിയത് 1,86,440 കോടി രൂപ. ബുധനാഴ്ച കമ്പനി പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടാണ് ഇക്കാര്യം വിശദീകരിച്ചത്. നികുതി, തീരുവ ഇനങ്ങളിലാണ് ഇത്രയും തുക സര്‍ക്കാറിലേക്ക് അടച്ചത്.
നടപ്പു സാമ്പത്തിക വര്‍ഷം കേന്ദ്രസര്‍ക്കാറിന്റെ ബജറ്റ് ചെലവിനങ്ങള്‍ 48.21 ലക്ഷം കോടി രൂപയുടേതാണ്. അതിന്റെ 3.86 ശതമാനമെന്ന് അംബാനി നല്‍കിയ നികുതിയെ കണക്കാക്കാം. കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക ബജറ്റ് 1.52 ലക്ഷം കോടിയുടേതാണ്. അതിനേക്കാള്‍ ഉയര്‍ന്ന തുകയാണ് അംബാനിയുടെ നികുതിപ്പണം. അംബാനിയുടെ നികുതി അടവ് ഒരു ലക്ഷം കോടി കടന്നത് തുടര്‍ച്ചയായ ആറാം വര്‍ഷമാണ്. 2017-18 സാമ്പത്തിക വര്‍ഷം മുതല്‍ ഏഴു വര്‍ഷം കൊണ്ട് അംബാനി നല്‍കിയ നികുതിപ്പണം 10 ലക്ഷം കോടിയില്‍പരം രൂപയാണ്.
റിലയന്‍സിന്റെ വിപണി മൂല്യം 20 ലക്ഷം കോടി
ഇന്ത്യന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളില്‍ 20 ലക്ഷം കോടി വിപണി മൂല്യമുള്ള ആദ്യത്തെ കമ്പനിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 2024 മാര്‍ച്ച് 31ലെ കണക്കു പ്രകാരം വിപണി മൂല്യം 20.01 ലക്ഷം കോടി രൂപയാണ്. സഞ്ചിത വരുമാനം 10 ലക്ഷം കോടി കവിഞ്ഞ ആദ്യ ഇന്ത്യന്‍ കമ്പനിയും റിലയന്‍സ് തന്നെ. മാർച്ച് 31ന് അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അറ്റാദായമാകട്ടെ, സര്‍വകാല റെക്കോര്‍ഡാണ് -79,020 കോടി രൂപ.
ജീവനക്കാരില്‍ പകുതിയും 30നു താഴെ പ്രായമുള്ളവര്‍; വനിതകള്‍ 21 ശതമാനം
റിലയന്‍സ് ജീവനക്കാരില്‍ പകുതിയും 30ന് താഴെ പ്രായമുള്ളവര്‍. ആകെ ജീവനക്കാരില്‍ 21 ശതമാനവും വനിതകളാണ്. ആകെ ജീവനക്കാരുടെ എണ്ണം 3,47,362. സ്ത്രീകള്‍ 74,317. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനിയില്‍ പുതുതായി ചേര്‍ന്നവരില്‍ 41,092 ശതമാനം വനിതകളാണ്. പുതുതായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി റിക്രൂട്ട് ചെയ്തവര്‍ 1,71,116 പേര്‍. ഓരോ വര്‍ഷവും ഇത്രത്തോളം പേരെ എടുക്കുന്നുവെന്ന കണക്കിനപ്പുറം, പിരിഞ്ഞു പോകുന്നവരുടെയോ പിരിച്ചു വിടുന്നവരുടെയോ കണക്ക് ലഭ്യമല്ല. ആകെയുള്ള ജീവനക്കാരില്‍ ഭിന്നശേഷിക്കാര്‍ 1,723 പേര്‍.
മുടക്കുമുതല്‍ കുറച്ചു
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂലധന ചെലവ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏഴു ശതമാനം കണ്ട് കുറഞ്ഞതായും വാര്‍ഷിക റിപ്പോര്‍ട്ട് വെളിപ്പെടുത്തി. 1.42 ലക്ഷം കോടി രൂപയില്‍ നിന്ന് 1.32 ലക്ഷം കോടിയായി. ഡിജിറ്റല്‍ സേവന മേഖലയില്‍ നെറ്റ്‌വര്‍ക്ക് വിപുലപ്പെടുത്താന്‍ കമ്പനി വലിയ തുക ചെലവിട്ടു.
Next Story
Videos