

പ്രമുഖ ടെലികോം ഓപ്പറേറ്ററായ റിലയന്‍സ് ജിയോ അവരുടെ എന്‍ട്രി ലെവല്‍ പ്ലാനുകള്‍ പിന്‍വലിച്ചു. പ്രതിദിനം ഒരു ജി.ബി ഡേറ്റ വീതം ലഭിക്കുന്ന 22 ദിവസത്തെ 209 രൂപ പ്ലാന്‍, 28 ദിവസത്തേക്കുള്ള 249 രൂപ പ്ലാന്‍ എന്നിവയാണ് കമ്പനി പിന്‍വലിച്ചത്. അധികം ഇന്റര്‍നെറ്റ് ആവശ്യമില്ലാതിരുന്ന ഉപയോക്താക്കള്‍ക്ക് വലിയ തിരിച്ചടിയാണ് ജിയോയുടെ പുതിയ നീക്കം.
കുറഞ്ഞ നിരക്കിലുള്ള പ്ലാന്‍ പിന്‍വലിക്കപ്പെട്ടതോടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന പ്ലാന്‍ 299 രൂപയുടേതായി മാറി. പ്രതിദിനം 1.5 ജി.ബിയാണ് ഈ പ്ലാനില്‍ ലഭ്യമാകുന്നത്. കൂടുതല്‍ വരുമാനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ജിയോ അടിസ്ഥാന പ്ലാനുകളില്‍ മാറ്റംവരുത്തിയത്.
ടെലികോം കമ്പനികള്‍ അടുത്ത ആറുമാസത്തിനുള്ളില്‍ വീണ്ടും താരിഫ് വര്‍ധന പ്രഖ്യാപിക്കുമെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ടെലികോം കമ്പനികള്‍ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. ജിയോ, വൊഡാഫോണ്‍ ഐഡിയ, എയര്‍ടെല്‍ കമ്പനികള്‍ 19 മുതല്‍ 21 ശതമാനം വരെയാണ് നിരക്ക് വര്‍ധിപ്പിച്ചത്.
ജിയോ പ്രീപെയ്ഡ് താരിഫില്‍ വര്‍ധന വരുത്തിയെന്ന വാര്‍ത്ത പുറത്തുവന്നത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ക്ക് ഉണര്‍വായി. മൂന്നു ശതമാനത്തിനടുത്ത് ഓഹരികള്‍ ഉയര്‍ന്നു. ജിയോയുടെ പ്രാഥമിക ഓഹരി വില്പന ഈ വര്‍ഷം നടത്താന്‍ പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ വിപണിയുടെ അസ്ഥിരത പരിഗണിച്ച് കമ്പനി തീരുമാനം മാറ്റുകയായിരുന്നു.
രാജ്യത്ത് ടെലികോം കമ്പനികള്‍ തമ്മില്‍ ഇപ്പോള്‍ വലിയ മത്സരങ്ങളില്ല. ഓഫര്‍ നല്കി ഉപയോക്താക്കളെ പിടിച്ചു നിര്‍ത്താനോ ആകര്‍ഷിക്കാനോ കമ്പനികള്‍ ശ്രമിക്കുന്നില്ല. ഒരുകാലത്ത് ടെലികോം മേഖലയില്‍ കടുത്ത മത്സരം നിലനിന്നിരുന്നു. എന്നാല്‍ പല കമ്പനികള്‍ക്കും പിടിച്ചു നില്‍ക്കാന്‍ സാധിക്കാതെ അടച്ചുപൂട്ടേണ്ടി വന്നു. പൊതുമേഖ സ്ഥാപനമായ ബി.എസ്.എന്‍.എല്‍ നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കിലും ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ സാധിക്കുന്നില്ല.
Read DhanamOnline in English
Subscribe to Dhanam Magazine