

മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് രാജ്യത്ത് 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നു. പെട്രോകെമിക്കല്‍, ന്യൂ എനര്‍ജി എന്നീ മേഖലകളിലാണ് 75,000 കോടി രൂപ വീതം നിക്ഷേപിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ 19,407 കോടി രൂപയുടെ മൊത്തലാഭം നേടിയതിന് പിന്നാലെയാണ് കമ്പനിയുടെ നിര്‍ണായക നീക്കം. 10 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള ഇന്ത്യന്‍ കമ്പനിയായി മാറിയ റിലയന്‍സ് നിക്ഷേപകര്‍ക്ക് ഓഹരിയൊന്നിന് 5.50 രൂപയുടെ ലാഭവിഹിതവും പ്രഖ്യാപിച്ചിരുന്നു.
തൊട്ടുമുന്‍ വര്‍ഷത്തേക്കാള്‍ കഴിഞ്ഞ തവണ (2024-25) 7.1 ശതമാനം വര്‍ധനയോടെ 10,71,714 കോടി രൂപയുടെ മൊത്ത വരുമാനം നേടാന്‍ കമ്പനിക്ക് കഴിഞ്ഞിരുന്നു. പുനരുപയോഗ ഊര്‍ജ (Renewable Energy), ബാറ്ററി മേഖലകളില്‍ കമ്പനി മികച്ച അടിസ്ഥാനമുണ്ടാക്കാനും കമ്പനിക്ക് കഴിഞ്ഞു. അധികം താമസിയാതെ പുതിയ ബിസിനസ് മേഖലകളിലും വലിയ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് മുകേഷ് അംബാനിയുടെ പ്രതീക്ഷ.
നിലവില്‍ ഒരു ഗിഗാവാട്ട് ഹെട്രോജംഗ്ഷന്‍ സോളാര്‍ മൊഡ്യൂള്‍ നിര്‍മാണ യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ച റിലയന്‍സ് അടുത്ത വര്‍ഷത്തോടെ ഇതിന്റെ ശേഷി 10 മെഗാവാട്ടാക്കി ഉയര്‍ത്താനുള്ള പദ്ധതിയിലാണ്. ഇത് കമ്പനിയുടെ നികുതിക്കും ലാഭത്തിനും മുമ്പുള്ള വരുമാനത്തില്‍ (Ebidta) 6,000 കോടി രൂപയുടെ അധിക നേട്ടമുണ്ടാക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ 2029-2021 സാമ്പത്തിക വര്‍ഷമാകുമ്പോള്‍ ഓയില്‍-കെമിക്കല്‍ ബിസിനസില്‍ നിന്ന് ലഭിക്കുന്ന സമാന നേട്ടം ന്യൂ എനര്‍ജി ബിസിനസില്‍ നിന്നും നേടാനും കമ്പനി ലക്ഷ്യമിടുന്നു. ഇതിനായുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ഇക്കൊല്ലം അവസാനമോ അടുത്ത കൊല്ലത്തിന്റെ തുടക്കത്തിലോ ഇതുമായി ബന്ധപ്പെട്ട ഫാക്ടറികളെല്ലാം കമ്മിഷന്‍ ചെയ്യാനാകുമെന്നാണ് റിലയന്‍സ് സി.എഫ്.ഒ വി.ശ്രീകാന്ത് പറയുന്നത്. ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം അടിസ്ഥാനമാക്കി കൂടുതല്‍ നിക്ഷേപം നടത്താനും കമ്പനിക്ക് പദ്ധതിയുണ്ട്.
വലിയ തോതില്‍ ഊര്‍ജം സംഭരിക്കാന്‍ കഴിയുന്ന ലിഥിയം അയണ്‍ ഫോസ്‌ഫേറ്റ് അടിസ്ഥാനമാക്കിയ പ്രിസ്മാറ്റിക്ക് സെല്ലുകളുടെ നിര്‍മാണത്തിനാണ് കമ്പനി ഊന്നല്‍ നല്‍കുന്നത്. ഇതുമായി ബന്ധപ്പെട്ട ഗവേഷണത്തില്‍ കമ്പനി ഏറെ മുന്നോട്ട് പോയെന്നും അടുത്ത കൊല്ലത്തോടെ നിര്‍മാണം ആരംഭിക്കാന്‍ കഴിയുമെന്നുമാണ് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അധികം വൈകാതെ തന്നെ 30 ഗിഗാവാട്ട് ശേഷിയുള്ള ബാറ്ററി നിര്‍മാണ യൂണിറ്റ് ആരംഭിക്കും. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിര്‍മാണ യൂണിറ്റ് ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീസ് (പി.എല്‍.ഐ) പദ്ധതി പ്രകാരം 2022 മാര്‍ച്ചില്‍ 18,100 കോടി രൂപയുടെ സഹായം കമ്പനിക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നു. ബാറ്ററി സാങ്കേതിക വിദ്യ രംഗത്ത് വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നതിന് പകരം തദ്ദേശീയ സാങ്കേതിക വിദ്യയിലേക്ക് മാറുന്നതിന് ശക്തി പകരുന്നതാണ് റിലയന്‍സിന്റെ നീക്കമെന്നാണ് വിലയിരുത്തല്‍.
അതേസമയം, പാദഫലങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെ ഇന്ന് (ഏപ്രില്‍ 28) ഓഹരി വിപണിയിലും റിലയന്‍സ് ഇന്‍ഡസ്ട്രീസിന് മുന്നേറ്റമാണ്. നിലവില്‍ 4.12 ശതമാനം നേട്ടത്തിലാണ് കമ്പനിയുടെ ഓഹരി വ്യാപാരം നടക്കുന്നത്.
Reliance Industries commits ₹1.5 trillion to bolster its new energy and petrochemical sectors, marking a significant stride in India's green energy transition
Read DhanamOnline in English
Subscribe to Dhanam Magazine