Begin typing your search above and press return to search.
യു.കെ മലയാളികള്‍ക്ക് സന്തോഷവാര്‍ത്ത; സുനക് സര്‍ക്കാരിന്റെ തലതിരിഞ്ഞ നയം റദ്ദാക്കി
മുന്‍ പ്രധാനമന്ത്രി ഋഷി സുനക് കൊണ്ടുവന്ന വീസ നിയന്ത്രണങ്ങള്‍ റദ്ദാക്കി കെയിര്‍ സ്റ്റാര്‍മറിന്റെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടി സര്‍ക്കാര്‍. കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു മുന്‍ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നത്. യു.കെയിലേക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് 41.5 ലക്ഷം രൂപയെങ്കിലും വാര്‍ഷിക വരുമാനം വേണമെന്നായിരുന്നു വ്യവസ്ഥ. ഇത് മലയാളികള്‍ അടക്കമുള്ളവര്‍ക്ക് വലിയ തിരിച്ചടിയായിരുന്നു.
നിലവില്‍ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് വാര്‍ഷിക ശമ്പളമായി വേണ്ടത് 30 ലക്ഷം രൂപയാണ്. ഇതാണ് ഒറ്റയടിക്ക് 41.5 ലക്ഷത്തിലേക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. തിരഞ്ഞെടുപ്പില്‍ കുടിയേറ്റ വിരുദ്ധരുടെ വോട്ട് നേടാന്‍ വേണ്ടിയായിരുന്നു സുനക് സര്‍ക്കാര്‍ ഈ തീരുമാനം എടുത്തത്. 2025 മുതല്‍ നടപ്പിലാക്കാന്‍ തീരുമാനിച്ച പദ്ധതി നിര്‍ത്തിവച്ചതായി ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പര്‍ പറഞ്ഞു.
ആശ്വാസം മലയാളികള്‍ക്കും
സുനക് സര്‍ക്കാരിന്റെ പദ്ധതികള്‍ റദ്ദാക്കിയത് യു.കെയിലുള്ള ആയിരക്കണക്കിന് മലയാളികള്‍ക്ക് ആശ്വാസം പകരുന്നത്. എന്നാല്‍ യു.കെയില്‍ ഏഷ്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ തുടരുന്ന അതിക്രമങ്ങള്‍ ആശങ്കപരത്തുന്നതാണ്. 13 വര്‍ഷത്തിനിടെ ബ്രിട്ടന്‍ നേരിടുന്ന ഏറ്റവും വലിയ കലാപമാണ് വിവിധ പ്രവിശ്യകളില്‍ അരങ്ങേറുന്നത്.
വീസ അപേക്ഷകളില്‍ വന്‍കുറവ്
നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ യു.കെയിലേക്കുള്ള വീസ അപേക്ഷകളില്‍ ഈ വര്‍ഷം 25 ശതമാനം കുറവു വന്നിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2024ന്റെ ആദ്യപാദത്തില്‍ സ്റ്റുഡന്റ് വീസയില്‍ 30,000ത്തോളം കുറവാണ് രേഖപ്പെടുത്തിയത്. സ്റ്റുഡന്റ് ആശ്രിത വീസ അപേക്ഷയില്‍ 2023ലെ സമാന കാലയളവിനേക്കാള്‍ 79 ശതമാനം കുറവുണ്ടായെന്ന് കണക്ക്.
ഏപ്രില്‍ 11 മുതല്‍ വര്‍ക്ക് വീസയില്‍ യു.കെ പുതിയ നിയമം കൊണ്ടുവന്നിരുന്നു. ഉയര്‍ന്ന ശമ്പളത്തിലുള്ള ജോലി ഓഫര്‍ കിട്ടിയവര്‍ക്ക് മാത്രമേ വര്‍ക്ക് വീസയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. നേരത്തെ 26,200 പൗണ്ട് (27,21163 രൂപ) ആയിരുന്നു മിനിമം ശമ്പളമായി വേണ്ടിയിരുന്നത്. ഇത് 38,700 പൗണ്ടായിട്ടാണ് (40,19428 രൂപ) വര്‍ധിപ്പിച്ചത്.
Next Story
Videos