വി.എസിന് പോരാട്ടം തന്നെ ജീവിതം; വിട്ടുവീഴ്ചയില്ലാത്ത സമരനൂറ്റാണ്ടിന് യവനിക

വി.എസല്ലേ, മുറി കൂടി തിരിച്ചുവരുമെന്ന് മലയാളി പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും മഴമാറി നിന്ന തിങ്കളാഴ്ച്ച വൈകുന്നേരത്ത് ആ ദുഖവാര്‍ത്തയെത്തി
V S Achuthanandan
facebook
Published on

വി.എസ് എന്ന രണ്ടക്ഷരത്തിന് അദ്ദേഹത്തിന്റെ ആത്മകഥ പോലെ സമരം തന്നെയായിരുന്നു ജീവിതം. ചിട്ടയായ ജീവിത ശീലങ്ങള്‍ക്കൊപ്പം ജീവശ്വാസമായി നിന്നതും ആ സമര പോരാട്ടങ്ങള്‍ തന്നെ. അഴിമതിയുടെ കറ പുരളാത്ത നേതാവെന്ന് പ്രതിപക്ഷത്തെക്കൊണ്ട് പോലും പറയിപ്പിച്ച വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന് ചുറ്റും എന്നും ആള്‍ക്കൂട്ടമായിരുന്നു. 2019ല്‍ പക്ഷാഘാതത്തെ തുടര്‍ന്ന് വിശ്രമത്തിലേക്ക് കടക്കുന്നത് വരെ അതില്‍ മാറ്റമില്ലാതെ തുടര്‍ന്നു.

ജൂണ്‍ 23ന് ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വി.എസ് ആശുപത്രി കിടക്കയിലും മരണത്തോട് സമരം ചെയ്തു കൊണ്ടിരുന്നു. പതിവ് പരിശോധനകള്‍ക്കിടെ ഇ.സി.ജിയില്‍ താളപ്പിഴ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച വി.എസ് രണ്ട് ഹൃദയാഘാതങ്ങളെക്കൂടി തരണം ചെയ്തു. വി.എസല്ലേ, മുറി കൂടി തിരിച്ചുവരുമെന്ന് മലയാളി പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും മഴമാറി നിന്ന തിങ്കളാഴ്ച്ച വൈകുന്നേരത്ത് ആ ദുഖവാര്‍ത്തയെത്തി. വൈകുന്നേരം 3.20ന് കേരളത്തിന്റെ സമര ജ്വാല അണഞ്ഞു. ഇനി വി.എസ് എന്ന രണ്ടക്ഷരം മലയാളിയുടെ ഓര്‍മകളില്‍ ജീവിക്കും.

ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ സാധാരണ കര്‍ഷക കുടുംബത്തില്‍ ശങ്കരന്റെയും അക്കാമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 20നാണ് ജനനം. ചെറിയ പ്രായത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടമായി. ഏഴാം ക്ലാസില്‍ പഠനം നിറുത്തിയ വി.എസ് ജ്യേഷ്ഠന്റെ തുണിക്കടയില്‍ സഹായിയായിരുന്നു. കടയിലെത്തുന്ന ആളുകളില്‍ നിന്ന് സ്വാതന്ത്ര്യ പ്രസ്ഥാനത്തെക്കുറിച്ച് കേട്ട അദ്ദേഹം 1938ലാണ് സ്റ്റേറ്റ് കോണ്‍ഗ്രസില്‍ അംഗമാകുന്നത്. 17ാം വയസില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറായി. ഇതിനിടയില്‍ ആസ്പിന്‍വാള്‍ കയര്‍ ഫാക്ടറിയില്‍ ജോലിക്ക് കയറി. തൊഴിലാളി പ്രശ്‌നങ്ങളില്‍ ഇടപെട്ട് കമ്പനിയിലെ തൊഴിലാളി നേതാവായി ഉയര്‍ന്നു. മൂന്ന് വര്‍ഷത്തിന് ശേഷം കമ്പനിയിലെ പണി വിട്ട് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി. കുട്ടനാട്ടിലെ കര്‍ഷക തൊഴിലാളികളെ സംഘടിപ്പിക്കുകയായിരുന്നു ദൗത്യം. കര്‍ഷക പ്രസ്ഥാനത്തിന്റെ വിത്തുപാകിയ സമരങ്ങള്‍ക്ക് ആലപ്പുഴയുടെ വിപ്ലവ മണ്ണ് സാക്ഷ്യം വഹിച്ചതിന് പിന്നില്‍ മെലിഞ്ഞൊട്ടിയ അച്യുതാനന്ദന്റെ ഉച്ചത്തിലുള്ള മുദ്രാവാക്യങ്ങളും ഉണ്ടായിരുന്നെന്ന് കാലം സാക്ഷി.

1964ലെ ഇറങ്ങിപ്പോക്ക്

1964 ഏപ്രില്‍ 11ന് നടന്ന അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിനടന്ന വി.എസും 32 പേരുമാണ് ഇന്നത്തെ സി.പി.(ഐ)എം രൂപീകരിച്ചത്. കമ്യൂണിസ്റ്റ് പാര്‍ട്ടി വലതുപക്ഷ കോണ്‍ഗ്രസിനോട് അടുക്കുന്നതിലെ വിയോജിപ്പായിരുന്നു കാരണം. ആ കഥകള്‍ പുതുതലമുറയോട് പറയാന്‍ ബാക്കിയുണ്ടായിരുന്ന അവസാനത്തെയാളായിരുന്നു വി.എസ്.

മന്ത്രിയാകാതെ മുഖ്യമന്ത്രി

ഒരു തവണ പോലും മന്ത്രിയാകാതെയാണ് 2016ല്‍ അദ്ദേഹം മുഖ്യമന്ത്രി പദവിയിലെത്തുന്നത്. പാര്‍ട്ടി ജയിക്കുമ്പോള്‍ വി.എസ് തോല്‍ക്കും, വി.എസ് ജയിക്കുമ്പോള്‍ പാര്‍ട്ടി തോല്‍ക്കും - ഇതായിരുന്നു അന്നുവരെയുണ്ടായിരുന്ന ചരിത്രം. 1996ല്‍ മാരാരിക്കുളത്തെ ഉറച്ച ഇടതുകോട്ടയില്‍ പോലും അദ്ദേഹത്തിന് തോല്‍വി അറിയേണ്ടിവന്നത് പാര്‍ട്ടിയിലെ വിഭാഗീയതയുടെ ബാക്കി പത്രമായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കേട്ടുകേള്‍വിയില്ലാത്ത വിധത്തില്‍ പരസ്യ പ്രതികരണത്തിലേക്ക് വളര്‍ന്ന രാഷ്ട്രീയ വൈരം കേരളത്തിലെ സി.പി.എമ്മിനെ രണ്ടുധ്രുവങ്ങളില്‍ എത്തിച്ചു. വി.എസ് പക്ഷവും പിണറായി പക്ഷവും. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വി.എസിന് സീറ്റ് നല്‍കില്ലെന്ന പാര്‍ട്ടി തീരുമാനം ജനകീയ സമരങ്ങളെ തുടര്‍ന്ന് മാറ്റേണ്ടി വന്നതും ചരിത്രം.

ജനങ്ങളായിരുന്നു ശരി

ഒട്ടും ആകര്‍ഷകമല്ലാത്ത പ്രസംഗ ശൈലിയെന്ന് തോന്നിപ്പിക്കുമെങ്കിലും ജനലക്ഷങ്ങളെ പിടിച്ചിരുത്താനുള്ള വല്ലാത്തൊരു ശക്തി ആ വാക്കുകള്‍ക്കുണ്ടായിരുന്നു. വി.എസ് പ്രസംഗിക്കാന്‍ വരുന്നുവെന്ന് അറിഞ്ഞാല്‍ കിലോമീറ്ററുകള്‍ക്ക് അപ്പുറത്ത് നിന്നുവരെ ആളുകള്‍ ഒഴുകിയെത്തിയിരുന്നു. മൈക്കിന് മുന്നില്‍ നിന്ന് വി.എസ് ഊന്നിപ്പറഞ്ഞൊരു കാര്യം ജനങ്ങളാണ് എന്റെ ശക്തി, അവരാണ് എന്റെ ശരിയെന്നാണ്. തനിക്ക് യോജിക്കാന്‍ കഴിയാത്ത പാര്‍ട്ടി തീരുമാനങ്ങളെ പരസ്യമായി എതിര്‍ക്കാന്‍ ധൈര്യം കാണിച്ച അദ്ദേഹം അതിന്റെ പേരിലുള്ള നടപടികള്‍ സ്വയം ഏറ്റുവാങ്ങി. ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ നേരിട്ടെത്തി കെ.കെ.രമയെ ആശ്വസിപ്പിച്ചതും ബെര്‍ലിന്‍ കുഞ്ഞനന്തനെ സന്ദര്‍ശിച്ചതും പാര്‍ട്ടി സംവിധാനങ്ങളെ വെല്ലുവിളിച്ചായിരുന്നു. ഒടുവില്‍ 2021ലെ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മന്ത്രിസഭയില്‍ ഇടം നല്‍കാതെ അദ്ദേഹത്തെ ഭരണപരിഷ്‌ക്കാര കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മാറ്റിയതും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ വേളയിലുണ്ടായ കത്തുവിവാദമൊക്കെ മലയാളി മറന്നുകാണില്ല.

ഒരു നൂറ്റാണ്ടിന്റെ സമര ജീവിതം അവസാനിച്ച് കാലയവനികക്കുള്ളില്‍ മറഞ്ഞാലും മലയാള മണ്ണ് പ്രിയ സഖാവിനെ ഓര്‍ക്കുന്നത് അദ്ദേഹത്തിന്റെ സമര പോരാട്ടങ്ങളുടെ പേരിലായിരിക്കും. ആശയങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് ഊന്നിപ്പറഞ്ഞ വി.എസ് തൊഴിലാളിയുടെ സമര മുഖം കൂടിയായിരുന്നു. വ്യവസായ കേരളത്തിന് അദ്ദേഹം നല്‍കിയ സേവനങ്ങളും നിസ്തുലം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com