

ഉപഭോഗം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒട്ടേറെ നടപടികളാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ അവതരിപ്പിച്ചിരിക്കുന്നത്. മധ്യവർഗത്തിന്റെ ഉപഭോഗം വർദ്ധിപ്പിക്കുന്നതിനാണ് ബജറ്റ് ലക്ഷ്യമിടുന്നത്. വ്യക്തിഗത ആദായനികുതിയിൽ വലിയ കുറവ് വരുത്തിയ നീക്കം ഇതിന്റെ ഭാഗമാണ്.
വ്യക്തികളുടെ വാർഷിക വരുമാനം 12 ലക്ഷം രൂപ വരെ നികുതി രഹിതമാക്കിയത് ഉപഭോഗം വര്‍ധിപ്പിക്കും. ടിഡിഎസ്/ടിസിഎസ് പരിധികളും സ്ലാബുകളും യുക്തിസഹമാക്കിയത് ചെറുകിട, സൂക്ഷ്മ സംരംഭകർക്ക് ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കും. ഈ അവസരത്തിലാണ് ഫെബ്രുവരിയിലെ ആര്‍.ബി.ഐ യുടെ പണനയ തീരുമാനം ശ്രദ്ധേയമാകുന്നത്.
പുതിയ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര വെളളിയാഴ്ചയാണ് പണനയം പ്രഖ്യാപിക്കുന്നത്. ഉപഭോഗം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫെബ്രുവരിയിലും ഏപ്രിലിലും പലിശ നിരക്ക് കുറയ്ക്കുമെന്നാണ് വിലയിരുത്തലുകളുളളത്. രണ്ട് തവണയായി ആര്‍.ബി.ഐ 75 ബേസിസ് പോയിൻറ് (ബി.പി.എസ്) കുറയ്ക്കുമെന്നാണ് കരുതുന്നത്. ഇതിന്റെ ഭാഗമായി മറ്റന്നാള്‍ പ്രഖ്യാപിക്കുന്ന പണനയത്തില്‍ പലിശ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചേക്കും.
റിപ്പോ നിരക്ക് കുറയ്ക്കുന്നത് ഏറ്റവും കൂടുതല്‍ ആശ്വാസമേകുക ഭവന വായ്പ എടുക്കുന്നവര്‍ക്കാണ്. റിപ്പോ നിരക്ക് വർദ്ധിക്കുമ്പോൾ ആര്‍.ബി.ഐ യില്‍ നിന്ന് ബാങ്കുകൾ കടം വാങ്ങുന്നതിന് കൂടുതല്‍ പണം നല്‍കേണ്ടതായി വരും. ബാങ്കുകള്‍ ഇത് ഉയർന്ന പലിശ നിരക്കുകളായി ഉപഭോക്താക്കളിലേക്ക് കൈമാറും. ഭവനവായ്പ പലിശ നിരക്കുകൾ വർദ്ധിക്കാൻ ഇത് ഇടയാക്കും. അതിനാല്‍ റിപ്പോ നിരക്ക് കുറയ്ക്കുമ്പോള്‍ സ്വാഭാവികമായും ഭവനവായ്പ പലിശ നിരക്കുകളിലും കുറവുണ്ടാകും.
കുറഞ്ഞ റിപ്പോ നിരക്ക് ഭവനവായ്പകൾ കൂടുതൽ താങ്ങാനാവുന്നതാക്കും. കൂടുതൽ ആളുകളെ വീടുകൾ വാങ്ങാനും റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാനും പ്രോത്സാഹിപ്പിക്കുന്ന സാഹചര്യം ഇത് ഒരുക്കും.
Read DhanamOnline in English
Subscribe to Dhanam Magazine