ദുരന്തമലയില്‍ നോവിന്റെ വിങ്ങല്‍; കാണാതായവരില്‍ വിദേശികളുമെന്ന് സംശയം

തകര്‍ന്നടിഞ്ഞ വീടുകളും കെട്ടിടങ്ങളും, ചുറ്റും ചിതറിക്കിടക്കുന്ന കൂറ്റന്‍പാറകള്‍, ഉറ്റവരുടെ മൃതദേഹങ്ങള്‍ ചളിയില്‍ പൂഴ്ന്ന് കിടക്കുന്നത് കണ്ട് മരവിച്ച മനുഷ്യമനസ്സുകള്‍, കാണാതായവര്‍ക്കായുള്ള ആര്‍ത്തനാദങ്ങള്‍...വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ തകര്‍ത്തെറിഞ്ഞ മുണ്ടക്കൈ,ചൂരല്‍മല പ്രദേശങ്ങളിലെ കാഴ്ചകള്‍ ഞെട്ടലുണ്ടാക്കുന്നതും കരളലിയിപ്പിക്കുന്നതുമാണ്. ഇതുവരെ 93 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. പരിക്കേറ്റ് നിരവധി പേര്‍ വിവിധ ആശുപത്രികളില്‍ ഉണ്ട്. കാണാതായവരുടെ എണ്ണം ഇനിയും തിട്ടപ്പെടുത്താനായിട്ടില്ല. വിദേശ ടൂറിസ്റ്റുകളെയും കാണാതായതായി സംശയിക്കുന്നുണ്ട്. നിരവധി റിസോര്‍ട്ടുകള്‍ ഉള്ള പ്രദേശമാണിത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മന്ത്രിമാരും ജനപ്രതിനിധികളും ദുരന്തസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പി.എ മുഹമ്മദ് റിയാസ്, കെ.രാജന്‍, ഒ.ആര്‍ കേളു എന്നിവരാണ് ഇവിടെ എത്തിയിട്ടുള്ളത്. വയനാട് മുന്‍ എം.പി രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും വൈകീട്ടോട്ടെ എത്തും. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശപ്രകാരം കേന്ദ്രസഹ മന്ത്രി ജോർജ് കുര്യനും ഇവിടേക്ക് തിരിച്ചിട്ടുണ്ട്.

മൃതദേഹങ്ങള്‍ മണത്തെടുക്കാന്‍ പോലീസ് നായ്ക്കളും

ദുരന്തഭൂമിയില്‍ മണ്ണിനടിയില്‍ പെട്ടവരെ കണ്ടെത്താന്‍ വിദഗ്ദ പരിശീലനം ലഭിച്ച പോലീസ് നായ്ക്കളെയും എത്തിക്കുന്നുണ്ട്. മണ്ണിനടിയില്‍ നിന്നും മനുഷ്യശരീരം കണ്ടെത്തുന്നതിനുള്ള വിദഗ്ദ്ധ പരിശീലനം ലഭിച്ച മായ,മര്‍ഫി എന്നീ നായ്ക്കളെയാണ് എത്തിക്കുന്നത്. 40 അടി താഴെ വരെ ആഴത്തില്‍ കിടക്കുന്ന മനുഷ്യശരീരങ്ങള്‍ മണത്തു കണ്ടെത്താനുള്ള കഴിവ് ഇവക്കുണ്ട്. തൃശൂരിലെ കേരള പോലീസ് അക്കാദമിയില്‍ നിന്നാണ് ഇവയെ വയനാട്ടിലെ ദുരന്തസ്ഥലത്ത് എത്തിക്കുക. ബല്‍ജിയന്‍ മലിനോയ്‌സ് ഇനത്തില്‍പ്പെട്ടവയാണ് ഇവ. നേരത്തെ കേരളത്തില്‍ പല ഭാഗങ്ങളിലും ഉരുള്‍പൊട്ടല്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം ഈ നായ്ക്കളും സജീവമായിരുന്നു.

അഭയകേന്ദ്രമായി റിസോര്‍ട്ടുകള്‍

ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവരെ മാറ്റിപാര്‍പ്പിക്കാന്‍ റിസോര്‍ട്ടുകളെയും സ്‌കൂളുകളെയുമാണ് അധികൃതര്‍ ആശ്രയിക്കുന്നത്. വീടുകള്‍ നഷ്ടപ്പെട്ട കുടുംബങ്ങളെ താമസിപ്പിക്കാന്‍ പ്രദേശത്തെ റിസോര്‍ട്ട് ഉടമകളും മുന്നോട്ടു വന്നിട്ടുണ്ട്. ഉരുള്‍പൊട്ടലില്‍ ചില റിസോര്‍ട്ടുകളും തകര്‍ന്നിട്ടുണ്ട്. അതിസാഹസികമാണ് ദുരന്തമേഖലയില്‍ നടന്നു കൊണ്ടിരിക്കുന്ന രക്ഷാ പ്രവര്‍ത്തനം. ദേശീയ ദുരന്തനിവാരണ സേനക്കൊപ്പം കരസേനയും കോഴിക്കോട് നിന്നുള്ള ടെറിട്ടോറിയല്‍ ആര്‍മി ബറ്റാലിയനും സ്ഥലത്തെത്തിയിട്ടുണ്ട്. മോശം കാലാവസ്ഥ കാരണം രക്ഷാ പ്രവര്‍ത്തനങ്ങള്‍ കഠിനമാണ്. മുണ്ടക്കൈക്കടുത്ത് തകര്‍ന്ന പാലത്തിന് സമീപം താല്‍കാലിക പാലമുണ്ടാക്കിയാണ് ദൗത്യസംഘം മുന്നോട്ട് പോയത്. മഴ തുടരുന്നതിനാല്‍ വെളിച്ചക്കുറവ് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. വൈകീട്ട് നേരത്തെ ഇരുട്ട് പരക്കുന്ന പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ഇന്ന് അധിക നേരം തുടരാനാകില്ലെന്ന ആശങ്കയുമുണ്ട്. ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് പ്രത്യേക കണ്‍ടോള്‍ റൂം തുറന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലേക്ക് പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കാനും അറിയാനും കഴിയും. ഫോണ്‍-9497900402, 0471 2721566.

Related Articles

Next Story

Videos

Share it