

ഇന്ത്യയില്‍ ചില്ലറ വില്‍പന മേഖലയില്‍ വിലക്കയറ്റം മിക്കവാറും നിയന്ത്രണത്തില്‍ തന്നെ. എന്നാല്‍ കേരളത്തില്‍ ഉയര്‍ന്ന തോത് സൃഷ്ടിക്കുന്ന സമ്മര്‍ദം തുടരുന്നതായി പുതിയ കണക്കുകള്‍. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഫെബ്രുവരിയിലെ ഉപഭോക്തൃ വില സൂചിക (CPI) കണക്കുകള്‍ പ്രകാരം ദേശീയ പണപ്പെരുപ്പ് നേരിയ തോതില്‍ ഉയര്‍ന്നു- 3.21 ശതമാനം. കേരളം വീണ്ടും ദേശീയ ശരാശരിയെക്കാള്‍ ഉയര്‍ന്ന നിലയില്‍ -3.5 ശതമാനം.
ജനുവരിയില്‍ 2.74 ശതമാനമായിരുന്നു ദേശീയ ശരാശരി. ഭക്ഷ്യവസ്തുക്കളുടെ വിലയും ചില സേവന മേഖലകളിലെ ചെലവും കൂടിയതാണ് ഉയര്‍ച്ച്ക്ക് പ്രധാന കാരണം. പുതിയ കണക്കുകള്‍ 2024 = 100 എന്ന അടിസ്ഥാന വര്‍ഷത്തെ അടിസ്ഥാനമാക്കിയുള്ള പുതുക്കിയ CPI സീരീസിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഇത് നിലവിലെ ഉപഭോക്തൃ ചെലവ് രീതികളെ കൂടുതല്‍ കൃത്യമായി പ്രതിഫലിപ്പിക്കുന്നതിന് രൂപകല്‍പ്പന ചെയ്തതാണ്.
പുതിയ CPI കണക്കുകള്‍ പ്രകാരം ഫെബ്രുവരിയില്‍ ഗ്രാമീണ മേഖലകളിലെ പണപ്പെരുപ്പം ഏകദേശം 3.37%. ഭക്ഷ്യവില പണപ്പെരുപ്പം 3.46% എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്. ഭക്ഷ്യവിലകള്‍ നേരിയ തോതില്‍ ഉയര്‍ന്നതാണ് മൊത്തത്തിലുള്ള പണപ്പെരുപ്പ നിരക്ക് ഉയരാന്‍ കാരണമായ പ്രധാന ഘടകം.
സംസ്ഥാനതല കണക്കുകള്‍ പരിശോധിക്കുമ്പോള്‍, കേരളത്തിലെ റീട്ടെയില്‍ പണപ്പെരുപ്പ് ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന നിലയിലാണ്. ഫെബ്രുവരിയില്‍ കേരളത്തിലെ പണപ്പെരുപ്പ് ഏകദേശം 3.5% ആണ്. ഇത് രാജ്യത്തെ ഉയര്‍ന്ന നിരക്കുകളില്‍ ഒന്നാണ്. ഉപഭോക്തൃ വില സൂചിക 105.44.
കേരളത്തില്‍ ഭക്ഷ്യവസ്തുക്കള്‍, വാടക, സേവനച്ചെലവ് എന്നിവയില്‍ താരതമ്യേന കൂടുതലുള്ള വിലവര്‍ധനയാണ് സംസ്ഥാനത്തെ പണപ്പെരുപ്പ് നിരക്ക് ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്തുന്നതായി സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പശ്ചിമേഷ്യയിലെ സംഘര്‍ഷവും എണ്ണവില വര്‍ധിക്കാനുള്ള സാധ്യതയും അടുത്ത മാസങ്ങളിലെ പണപ്പെരുപ്പത്തെ ബാധിക്കാമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇത് തുടരുകയാണെങ്കില്‍ റിസര്‍വ് ബാങ്കിന്റെ പലിശനിരക്ക് കുറയ്ക്കല്‍ തീരുമാനം വൈകാനിടയുണ്ടെന്നാണ് വിലയിരുത്തല്‍.
തക്കാളിക്കും കോളിഫ്‌ളവറിനും പീസ് പരിപ്പിനും ഫെബ്രുവരിയില്‍ വില കുറഞ്ഞു. അതേസമയം, സ്വര്‍ണ-വെള്ളി ആഭരണങ്ങള്‍, നാളികേരം എന്നിവ കേരളത്തിലെ ഉയര്‍ന്ന നാണയപ്പെരുപ്പത്തിന് കാരണങ്ങളായി തുടരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine