പെന്‍ഷന്‍ പ്രായം ഉയര്‍ത്തണം, സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കണം, കിഫ്ബി പുനഃസംഘടിപ്പിക്കണമെന്നും ധവളപത്രം

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായത്തിന് സമാനമായി സംസ്ഥാന ജീവനക്കാരുടെയും വിരമിക്കല്‍ പ്രായം ഉയര്‍ത്തണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. വിരമിക്കല്‍ പ്രായം ഒരു വര്‍ഷം ഉയര്‍ത്തിയാല്‍ ഏകദേശം 6,000 കോടി രൂപയുടെ വിരമിക്കല്‍ ആനുകൂല്യ ബാധ്യത ഒഴിവാക്കാനാകുമെന്നാണ് സമിതിയുടെ വിലയിരുത്തല്‍
പെന്‍ഷന്‍ പ്രായം ഉയര്‍ത്തണം, സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കണം, കിഫ്ബി പുനഃസംഘടിപ്പിക്കണമെന്നും ധവളപത്രം
ChatGPT image
Published on

കേരളം നിലവിലെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറണമെങ്കില്‍ ധനകാര്യ അച്ചടക്കം ശക്തമാക്കുകയും സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുകയും നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ പുനഃസംഘടിപ്പിക്കുകയും കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡിന്റെ (KIIFB) പ്രവര്‍ത്തനരീതിയില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരുത്തുകയും വേണമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ധവളപത്രം (Kerala's Fiscal Health: A Status Report) നിര്‍ദേശിച്ചു. കേരളത്തിന്റെ സാമ്പത്തിക വെല്ലുവിളികള്‍ ഇനി ചെറിയ പരിഷ്‌കാരങ്ങളിലൂടെ മാത്രം പരിഹരിക്കാനാകില്ല. സമഗ്രമായ ധനകാര്യ, ഭരണ, സ്ഥാപനപരവും വളര്‍ച്ചാ കേന്ദ്രീകൃതവുമായ പരിഷ്‌കാരങ്ങള്‍ അനിവാര്യമാണ് -മുന്നോട്ടുള്ള വഴിയായി റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ധനകാര്യ പ്രതിസന്ധി ഗുരുതരമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി ട്രഷറി പ്രവര്‍ത്തനങ്ങളില്‍ തന്നെ പ്രകടമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. പണലഭ്യത ഉറപ്പാക്കാന്‍ റിസര്‍വ് ബാങ്കിന്റെ വേയ്സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സിനെയും ഓവര്‍ഡ്രാഫ്റ്റിനെയും കേരളം കൂടുതല്‍ ആശ്രയിക്കുന്ന സ്ഥിതിയാണുള്ളത്. 2024-ല്‍ 125 ദിവസവും 2025-ല്‍ 262 ദിവസവും കേരളം വേയ്സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സ് ഉപയോഗിച്ചെന്നും ഓവര്‍ഡ്രാഫ്റ്റ് യഥാക്രമം 67 ദിവസവും 84 ദിവസവും ഉപയോഗിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ശമ്പളം, പെന്‍ഷന്‍, പലിശ അടക്കമുള്ള നിര്‍ബന്ധിത ചെലവുകള്‍ സംസ്ഥാന വരുമാനത്തിന്റെ നാലില്‍ മൂന്ന് ഭാഗവും വിഴുങ്ങുന്ന സാഹചര്യത്തില്‍ വികസന ചെലവുകള്‍ക്കായി വളരെ കുറച്ച് തുക മാത്രമാണ് ശേഷിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. കൂടാതെ ഡിഎ, ഡിആര്‍ കുടിശ്ശികകള്‍ ഉള്‍പ്പെടെ 48,733 കോടി രൂപയുടെ കുടിശിക ബാധ്യതകളും സര്‍ക്കാര്‍ വഹിക്കേണ്ടിവരുന്നുണ്ടെന്നും സമിതി വിലയിരുത്തുന്നു.

സ്വകാര്യ നിക്ഷേപം ദീര്‍ഘകാല പരിഹാരം

ചെലവ് ചുരുക്കല്‍ മാത്രം പോരാ. ദീര്‍ഘകാല പരിഹാരം സാമ്പത്തിക വളര്‍ച്ചയിലും തൊഴില്‍ സൃഷ്ടിയിലുമാണ്. ഉന്നത വിദ്യാഭ്യാസം, നിര്‍മിത ബുദ്ധി (AI), ക്ലൗഡ് സാങ്കേതികവിദ്യ, ഐടി സേവനങ്ങള്‍, അപൂര്‍വ ധാതുക്കളുടെ വികസനം തുടങ്ങിയ മേഖലകളെ ഭാവി വളര്‍ച്ചയുടെ പ്രധാന എഞ്ചിനുകളായി റിപ്പോര്‍ട്ട് കാണുന്നു.

സംസ്ഥാനത്തിന് ആവശ്യമായ സാമ്പത്തിക വിഭവങ്ങള്‍ ഇല്ലാത്തതിനാല്‍ സ്വകാര്യ മേഖലയുടെയും സഹകരണ മേഖലയുടെയും പങ്കാളിത്തം അനിവാര്യമാണ്. ഭൂനിയമങ്ങള്‍, തൊഴില്‍ നിയമങ്ങള്‍, ഭരണ നടപടിക്രമങ്ങള്‍ എന്നിവ പരിഷ്‌കരിച്ച് വ്യവസായ നിക്ഷേപത്തിന് അനുകൂല സാഹചര്യം സൃഷ്ടിക്കണം.

മോഡുലാര്‍ ആണവ റിയാക്ടറിനും നിര്‍ദേശം

കേരളത്തിന്റെ ഭാവി സാമ്പത്തിക വളര്‍ച്ചയ്ക്ക് വൈദ്യുതി ഉല്‍പാദന ശേഷി ഗണ്യമായി വര്‍ധിപ്പിക്കേണ്ടതുണ്ട്. ഇതിനായി 6,000 മെഗാവാട്ട് സൗരോര്‍ജവും 8,000 മെഗാവാട്ട് പമ്പ്ഡ് ഹൈഡ്രോ പദ്ധതികളും വികസിപ്പിക്കണം. ചെറുകിട മോഡുലാര്‍ ആണവ റിയാക്ടറുകള്‍ പോലുള്ള സാങ്കേതികവിദ്യകളും പരിശോധിക്കണമെന്ന് റിപ്പോര്‍ട്ട് പറയുന്നു. കെഎസ്ഇബിയുടെ സാമ്പത്തിക പരിമിതികള്‍ കണക്കിലെടുത്ത് വൈദ്യുതി മേഖലയിലേക്ക് സ്വകാര്യ മേഖലയുടെയും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയും നിക്ഷേപം അനുവദിക്കണം.

കിഫ്ബിയില്‍ സമൂല മാറ്റം വേണം

കിഫ്ബിയെക്കുറിച്ചുള്ള നിര്‍ദേശങ്ങളാണ് റിപ്പോര്‍ട്ടിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗങ്ങളില്‍ ഒന്ന്. പെട്രോളിയം സെസും വാഹന നികുതിയുടെ വിഹിതവും നേരിട്ട് കെഐഐഎഫ്ബിക്ക് നല്‍കുന്ന നിലവിലെ രീതി എല്ലാ സര്‍ക്കാര്‍ വരുമാനവും കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്ക് പോകണമെന്ന ഭരണഘടനാ തത്വത്തിന് വിരുദ്ധമാണെന്ന് സമിതി വിലയിരുത്തുന്നു.

കിഫ്ബി വായ്പകള്‍ ഇനി സംസ്ഥാനത്തിന്റെ ഔദ്യോഗിക കടബാധ്യതകളായി കണക്കാക്കപ്പെടുന്ന സാഹചര്യത്തില്‍, അതിന്റെ നിലവിലെ രൂപം തുടരുന്നതിന് അര്‍ഥമില്ല. സംസ്ഥാന സര്‍ക്കാരിനെക്കാള്‍ 1 മുതല്‍ 1.5 ശതമാനം വരെ ഉയര്‍ന്ന പലിശയ്ക്കാണ് കെഐഐഎഫ്ബി വായ്പയെടുക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കിഫ്ബിയെ പൂര്‍ണമായും ധനകാര്യ വകുപ്പിന്റെയും ഭരണ വകുപ്പുകളുടെയും നിയന്ത്രണത്തിലാക്കുകയും അടിയന്തരമായി സിഎജി പ്രകടന ഓഡിറ്റ് നടത്തുകയും വേണമെന്ന് സമിതി നിര്‍ദേശിക്കുന്നു. അതേസമയം, കിഫ്ബിയുടെ പ്രോജക്ട് നിരീക്ഷണ സംവിധാനവും സ്ഥാപന ധനകാര്യ വൈദഗ്ധ്യവും നിലനിര്‍ത്തി അവയെ സംസ്ഥാന ആസൂത്രണ ബോര്‍ഡിലോ തദ്ദേശ സ്ഥാപനങ്ങളുടെ ബോണ്ട് സമാഹരണ പ്രവര്‍ത്തനങ്ങളിലോ ഉപയോഗിക്കാം.

പൊതുമേഖലയില്‍ വന്‍ പുനഃസംഘടന

പൊതുമേഖലാ സ്ഥാപനങ്ങളാണ് സംസ്ഥാന ഖജനാവിന് വലിയ ചോര്‍ച്ച സൃഷ്ടിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കെഎസ്ഇബി, കെഎസ്ആര്‍ടിസി, കേരള വാട്ടര്‍ അതോറിറ്റി എന്നിവയെക്കുറിച്ച് പ്രത്യേക പഠനം നടത്തണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.

സമിതിയുടെ പ്രധാന നിര്‍ദേശങ്ങള്‍:

  • പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രൊഫഷണല്‍ മാനേജ്‌മെന്റ്

  • കെഎസ്ഇബിയില്‍ വൈദ്യുതി വാങ്ങലും ഉല്‍പാദനവും മെച്ചപ്പെടുത്തല്‍

  • ജലവിതരണത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം

  • തുടര്‍ച്ചയായി നഷ്ടത്തിലോടുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍

  • ഉപയോഗിക്കാത്ത ആസ്തികള്‍ വിറ്റഴിച്ച് വരുമാനം കണ്ടെത്തല്‍

  • വിജയകരമായ സ്ഥാപനങ്ങളില്‍ സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കല്‍

കെ-ഡിസ്‌ക്, കെ-റെയില്‍, കെഫോണ്‍ തുടങ്ങിയ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം പുനഃപരിശോധിക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു.

വിരമിക്കല്‍ പ്രായം ഉയര്‍ത്തണമെന്ന് നിര്‍ദേശം

സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ ഏകദേശം 80% ശമ്പളത്തിനും പെന്‍ഷനും പലിശയ്ക്കുമായി ചെലവഴിക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയമായി ബുദ്ധിമുട്ടുള്ള തീരുമാനങ്ങള്‍ പോലും സര്‍ക്കാര്‍ എടുക്കേണ്ടിവരുമെന്ന് സമിതി പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായത്തിന് സമാനമായി സംസ്ഥാന ജീവനക്കാരുടെയും വിരമിക്കല്‍ പ്രായം ഉയര്‍ത്തണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. വിരമിക്കല്‍ പ്രായം ഒരു വര്‍ഷം ഉയര്‍ത്തിയാല്‍ ഏകദേശം 6,000 കോടി രൂപയുടെ വിരമിക്കല്‍ ആനുകൂല്യ ബാധ്യത ഒഴിവാക്കാനാകുമെന്നാണ് സമിതിയുടെ വിലയിരുത്തല്‍. കൂടാതെ, ശമ്പള കമ്മിഷനുകള്‍ 10 വര്‍ഷത്തിലൊരിക്കല്‍ മാത്രമാക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു.

തൊഴിലവസരങ്ങളും ഉന്നത വിദ്യാഭ്യാസവും

വിദ്യാഭ്യാസമുള്ള യുവാക്കളുടെ തൊഴിലില്ലായ്മ കേരളത്തിന്റെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കൃഷി, വ്യവസായം, ടൂറിസം, ഐടി, എഐ മേഖലകളില്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. സ്വകാര്യ, വിദേശ സര്‍വകലാശാലകള്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുകയും ഉപയോഗിക്കപ്പെടാത്ത കെട്ടിടങ്ങളും എസ്റ്റേറ്റുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളാക്കി മാറ്റുകയും ചെയ്യണം.

ജിഎസ്ടി പരിഷ്‌കാരവും തദ്ദേശ സ്ഥാപനങ്ങളുടെ പങ്കും

ജിഎസ്ടി വരുമാനം വര്‍ധിപ്പിക്കാന്‍ പ്രത്യേക പഠനം നടത്തണമെന്നും റിപ്പോര്‍ട്ട് പറയുന്നു. തദ്ദേശ സ്ഥാപനങ്ങള്‍ മുനിസിപ്പല്‍ ബോണ്ടുകള്‍ വഴി പണം സമാഹരിക്കുന്നതിന് പ്രോത്സാഹനം നല്‍കണമെന്നും നിര്‍ദേശിക്കുന്നു. സംസ്ഥാന ആസൂത്രണ ബോര്‍ഡിനെ നയരൂപീകരണ കേന്ദ്രമായും ചിന്താവേദിയായും പ്രോജക്ട് നിരീക്ഷണ ഏജന്‍സിയായും മാറ്റണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

ക്ഷേമപെന്‍ഷന്‍ വിതരണം നേരിട്ട് അക്കൗണ്ടിലേക്ക്

നിലവിലെ കെഎസ്എസ്പിഎല്‍ മാതൃകയ്ക്ക് പകരം ആധാര്‍ ബന്ധിപ്പിച്ച ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (DBT) സംവിധാനം വഴി ക്ഷേമപെന്‍ഷന്‍ വിതരണം നടത്തണമെന്ന് സമിതി നിര്‍ദേശിക്കുന്നു. ഇത് ചെലവ് കുറയ്ക്കുകയും കാര്യക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.

കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധത്തില്‍ ആശങ്ക

കേന്ദ്ര നികുതികളിലെ സെസുകളും സര്‍ചാര്‍ജുകളും വര്‍ധിക്കുന്നതും സംസ്ഥാനങ്ങളുടെ വായ്പാ പരിധികള്‍ കര്‍ശനമാക്കുന്നതും കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഈ വിഷയങ്ങളില്‍ സമാന പ്രശ്നങ്ങള്‍ നേരിടുന്ന മറ്റ് സംസ്ഥാനങ്ങളുമായി ചേര്‍ന്ന് കേരളം കേന്ദ്രവുമായി ചര്‍ച്ചകള്‍ നടത്തണമെന്നും സമിതി നിര്‍ദേശിക്കുന്നു.

ഈ ശുപാര്‍ശകള്‍ അന്തിമമല്ലെന്നും സാമ്പത്തിക പരിഷ്‌കാരം തുടര്‍ച്ചയായ പ്രക്രിയയാണെന്നും സമിതി വ്യക്തമാക്കുന്നു. ധനകാര്യ സ്ഥിരതയും നിക്ഷേപവും തൊഴില്‍ സൃഷ്ടിയും അടിസ്ഥാനമാക്കിയുള്ള ഒരു 'പുതിയ കേരളം' സൃഷ്ടിക്കുന്നതിന് ഈ നിര്‍ദേശങ്ങള്‍ അടിത്തറയാകുമെന്ന് റിപ്പോര്‍ട്ട് പ്രത്യാശ പ്രകടിപ്പിക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com