ഫ്ലാറ്റ് ഉടമകൾക്ക് ആശ്വാസം, ലോണ്‍ എടുക്കുമ്പോള്‍ നേരിട്ടിരുന്ന പ്രശ്നം ഒഴിവായി, ഇനി സ്വന്തം പേരിൽ ഭൂനികുതി രസീത് ലഭ്യമാകും
വായ്പയ്ക്കായി ബാങ്കുകളെയോ മറ്റ് ധനകാര്യ സ്ഥാപനങ്ങളെയോ സമീപിക്കുമ്പോൾ ഫ്ലാറ്റ് ഉടമകൾ ഭൂനികുതി സംബന്ധിച്ച പ്രശ്നം നേരിടുന്നത് പതിവാണ്. ലോണ്‍ നല്‍കുന്നവർ ഭൂനികുതി രസീത് ആവശ്യപ്പെടുമ്പോൾ, അതില്‍ ഫ്ലാറ്റ് ഉടമകളുടെ പേരുകൾ പരാമര്‍ശിച്ചിരുന്നില്ല എന്നതായിരുന്നു അവര്‍ നേരിട്ടിരുന്ന പ്രശ്നം. ഇതുസംബന്ധിച്ച് നിരവധി പരാതികളാണ് റവന്യൂ വകുപ്പിന് ലഭിച്ചിരുന്നത്.
ഇതിന് പരിഹാരമെന്ന നിലയില്‍ ഫ്ലാറ്റ് ഉടമകൾക്ക് ഭൂനികുതി രസീതുകൾ നൽകാൻ റവന്യൂ വകുപ്പ് തീരുമാനിച്ചു. ഇതുവരെ ഭൂമി വ്യക്തിഗതമായി വിഭജിക്കപ്പെട്ടിട്ടില്ലെങ്കിൽ, ഭൂവുടമയാണ് നികുതി അടച്ചിരുന്നത്. ഭൂമി ഓരോ ഫ്ലാറ്റ് ഉടമയ്ക്കും വ്യക്തിഗതമായി വിഭജിക്കാത്തതിനാൽ ഭൂവുടമയുടെ പേര് മാത്രമാണ് രേഖയില്‍ പരാമർശിച്ചിരുന്നത്. ഫ്ലാറ്റ് ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യാൻ ഭൂമിയുടെ ഉടമസ്ഥാവകാശവും കൃത്യമായി കൈമാറ്റം ചെയ്യണമെന്ന് റവന്യൂ വകുപ്പ് നിർദ്ദേശിച്ചു.
ഉടമസ്ഥാവകാശ രേഖ പരിശോധിച്ച് ഭൂമി കൈമാറ്റം നടന്നിട്ടുണ്ടോ എന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കേണ്ടതുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ, ഫ്ലാറ്റ് ഉടമയുടെ പേരിലായിരിക്കണം രേഖ നല്‍കേണ്ടത്. ഉദാഹരണമായി 'എക്സ്' എന്ന വ്യക്തിയും 'വൈ' എന്ന വ്യക്തിയും '100' എന്ന തണ്ടപ്പേരിൽ ഫ്ലാറ്റുകൾ വാങ്ങുകയാണെങ്കിൽ, 'എക്സ്' എന്ന വ്യക്തിക്ക് തണ്ടപ്പർ നമ്പർ 100/1 ഉം 'വൈ' എന്ന വ്യക്തിക്ക് തണ്ടപ്പേർ നമ്പർ 100/2 ഉം എന്ന രീതിയിലായിരിക്കും നൽകുക. യഥാർത്ഥ തണ്ടപ്പേരിൽ ഉൾപ്പെടുത്തിയിട്ടുള്ള സർവേ നമ്പറുകൾ സബ് തണ്ടപ്പേരിലും രേഖപ്പെടുത്തണം. പുതിയ സബ് തണ്ടപ്പേരുകൾ സൃഷ്ടിക്കുമ്പോൾ, യഥാർത്ഥ തണ്ടപ്പേരിൽ നിന്ന് ഭൂവിസ്തൃതി കുറയ്ക്കണമെന്നും റവന്യൂ വകുപ്പ് നിര്‍ദേശിക്കുന്നു.
Revenue department enables flat owners to get land tax receipts in their own names, resolving a major loan-related issue.
Read DhanamOnline in English
Subscribe to Dhanam Magazine