ഈ ബൈപാസ് കൊച്ചിയുടെ മുഖം മാറ്റും, ഏറ്റെടുക്കുന്നത് 290.58 ഹെക്ടർ ഭൂമി, വരുന്നത് വന്‍ വികസനം

നെട്ടൂരിൽ നിന്ന് ആരംഭിച്ച് അങ്കമാലിക്കു സമീപമുളള കരയാംപറമ്പിൽ അവസാനിക്കുന്ന രീതിയിലാണ് ബൈപാസ് വിഭാവനം ചെയ്തിരിക്കുന്നത്.
Edappally
Image Courtesy: bharatpedia.org
Published on

നെട്ടൂരിനും കരയാംപറമ്പിനുമിടയിൽ ദേശീയപാത വികസന അതോറിറ്റി നിര്‍ദേശിച്ച 44 കിലോമീറ്റർ നീളമുളള കൊച്ചി ബൈപാസിനായി സ്ഥലമേറ്റെടുക്കൽ നടപടികൾ ആരംഭിക്കാന്‍ തുടങ്ങുന്നു. അരൂർ-ഇടപ്പള്ളി എൻ.എച്ച് 66 ബൈപാസിന്റെയും ഇടപ്പള്ളി-അങ്കമാലി എൻ.എച്ച് 544 പാതയുടെയും തിരക്ക് കുറയ്ക്കാൻ ഉദ്ദേശിച്ചാണ് പുതിയ പാത ദേശീയപാത അതോറിറ്റി നിര്‍ദേശിച്ചിട്ടുളളത്.

റവന്യൂ വകുപ്പിന് മുന്നിലുളളത് ബൃഹത്ത് ദൗത്യം

ഈ ബൈപ്പാസിനായി മൊത്തം 290.58 ഹെക്ടർ ഭൂമി ഏറ്റെടുക്കുക എന്ന ബൃഹത്തായ ദൗത്യമാണ് റവന്യൂ വകുപ്പിന് മുന്നിലുളളത്. ആറുവരി നിര്‍ദിഷ്ട കൊച്ചി ബൈപാസ് ഇടപ്പള്ളി-അരൂർ എന്‍.എച്ച് 66 ബൈപാസിലെ നെട്ടൂരിൽ നിന്ന് ആരംഭിച്ച് എന്‍.എച്ച് 544 ലെ അങ്കമാലിക്ക് വടക്ക് സ്ഥിതി ചെയ്യുന്ന കരയാംപറമ്പിൽ അവസാനിക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.

ആലുവ (ആറ് വില്ലേജുകൾ), കുന്നത്തുനാട് (എട്ട് വില്ലേജുകൾ), കണയന്നൂർ (നാല് വില്ലേജുകൾ) താലൂക്കുകളിലെ 18 വില്ലേജുകളിൽ നിന്നായാണ് നിർദിഷ്ട ദേശീയപാത ഇടനാഴിക്കായി ഭൂമി ഏറ്റെടുക്കുന്നത്.

ഭൂവുടമകളുടെ സംശയങ്ങള്‍ അധികൃതരുമായി പങ്കുവെക്കാം

സ്ഥലമേറ്റെടുക്കൽ നടപടികൾ ആരംഭിക്കുന്നതിനായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ 3(എ) പ്രാഥമിക വിജ്ഞാപനം ഇതിനോടകം പുറപ്പെടുവിച്ചു കഴിഞ്ഞു. ഗ്രൗണ്ട് ലെവൽ സർവേ, സർവേ നമ്പരുകളുടെ പരിശോധന, സ്കെച്ചും മറ്റ് വിശദാംശങ്ങളും തയ്യാറാക്കൽ എന്നിവ പൂര്‍ത്തിയാക്കിയ ശേഷമാണ് അന്തിമ 3(എ) വിജ്ഞാപനം പുറപ്പെടുവിക്കുക.

തുടര്‍ന്ന് സർവേ കല്ലുകൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലങ്ങൾ നിശ്ചയിച്ചുളള 3(സി) വിജ്ഞാപനം പുറപ്പെടുവിക്കുന്നതാണ്. അതിനു ശേഷമാണ് 3(ഡി), 3(ജി), 3(എച്ച്) വിജ്ഞാപനങ്ങൾ പുറപ്പെടുവിക്കുന്നത്. ഈ പ്രക്രിയകള്‍ക്കിടയില്‍ ഭൂവുടമകൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ അത് അധികൃതരുമായി പങ്കുവെച്ച് വ്യക്തത വരുത്താവുന്നതാണ്.

വിവിധ വില്ലേജുകളിൽ നിന്നുള്ള 100 ഓളം സർവേയർമാരാണ് ഭൂമി ഏറ്റെടുക്കൽ പ്രക്രിയ നിര്‍വഹിക്കുക. ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഓരോ ഭൂവുടമയ്ക്കും ഒരു ഫയൽ വീതം തയ്യാറാക്കും. മുന്‍കൂട്ടി ആസൂത്രണം ചെയ്തതുപോലെ നടന്നാൽ ഏകദേശം ഒരു വർഷത്തിനുള്ളിൽ ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയകള്‍ പൂർത്തിയാക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com