സഞ്ജയ് മല്‍ഹോത്ര പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍
റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി സഞ്ജയ് മല്‍ഹോത്രയെ നിയമിച്ചു. മൂന്നു വര്‍ഷത്തേക്കാണ് കാലാവധി. നിലവില്‍ റവന്യു സെക്രട്ടറിയാണ് സഞ്ജയ്. രാജസ്ഥാന്‍ കേഡറില്‍ 1990 ബാച്ച് ഐ.എ.എസ് ഓഫീസറാണ് സഞ്ജയ് മല്‍ഹോത്ര. നിലവിലെ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ ചുമതല നാളെ അവസാനിക്കാനിരിക്കേയാണ് പുതിയ നിയമനം വന്നിരിക്കുന്നത്. ബുധനാഴ്ച പുതിയ ഗവര്‍ണര്‍ ചുമതലയേല്‍ക്കും.
ഫിനാന്‍സ്, നികുതി, ഐ.ടി, ഖനനം തുടങ്ങിയ സുപ്രധാന വകുപ്പുകളിലായി 33 വര്‍ഷത്തെ അനുഭവ സമ്പത്തുള്ള ഉദ്യോഗസ്ഥനാണ് സഞ്ജയ്. കാണ്‍പൂര്‍ ഐ.ഐ.ടിയില്‍ നിന്ന് ബിരുദം നേടിയ അദ്ദേഹം പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്റ്റേഴ്‌സ് ഡിഗ്രിയും സ്വന്തമാക്കി. റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പറേഷന്‍ (ആര്‍.ഇ.സി) ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ എന്ന നിലയില്‍ ഈ പൊതുമേഖല സ്ഥാപനത്തെ ഉയരങ്ങളിലേക്ക് നയിക്കാന്‍ സഞ്ജയ്ക്ക് സാധിച്ചിരുന്നു.
റിസര്‍വ് ബാങ്ക് ഗവര്‍ണറെ തീരുമാനിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ കൂടി അടങ്ങുന്ന കേന്ദ്രമന്ത്രിസഭയുടെ നിയമനകാര്യ സമിതിയാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ പ്രധാനപ്പെട്ട നിയോഗമായതിനാല്‍ വിശ്വസ്തരെ മാത്രമേ ഈ റോളിലേക്ക് സര്‍ക്കാരുകള്‍ നിയോഗിക്കാറുള്ളൂ.
മോദി സര്‍ക്കാരിന്റെ തുടക്കത്തില്‍ ഡോ. രഘുറാം രാജനും പിന്നീട് ഡോ. ഉർജിത് പട്ടേലും കേന്ദ്രസര്‍ക്കാരിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. ഇരുവരും കേന്ദ്രവുമായി കലഹിച്ചാണ് കളംവിട്ടത്. എന്നാല്‍ നേരെ മറിച്ചായിരുന്നു ദാസിന്റെ ശൈലി. ദാസിന് മൂന്നാമൂഴം നല്‍കിയേക്കുമെന്ന് ഇടയ്ക്ക് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ തീരുമാനം മറിച്ചായിരുന്നു.