
സംസ്ഥാനത്തെ പുതുക്കിയ മോട്ടോർ വാഹന നികുതി നിരക്കുകൾ ഇന്ന് (ഏപ്രിൽ 1) മുതൽ പ്രാബല്യത്തിൽ. ഇലക്ട്രിക് വാഹനങ്ങളെയും 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങളെയുമാണ് നിരക്ക് വര്‍ധന പ്രധാനമായും ബാധിക്കുക.
ഇലക്ട്രിക് വാഹനങ്ങൾക്ക് അവയുടെ വിലയുടെ 5 ശതമാനം നികുതിയാണ് മുമ്പ് ചുമത്തിയിരുന്നത്. പുതുക്കിയ നിരക്ക് അനുസരിച്ച് 15 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് 5 ശതമാനം നികുതി തുടരുന്നതാണ്. എന്നാൽ 15 ലക്ഷം മുതൽ 20 ലക്ഷം വരെയുള്ളവയ്ക്ക് 8 ശതമാനം നികുതി ഈടാക്കും. 20 ലക്ഷത്തിന് മുകളിലുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് 10 ശതമാനമാണ് നികുതി.
ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കും മുച്ചക്ര വാഹനങ്ങൾക്കും നികുതി 5 ശതമാനം ആയി തുടരുന്നതാണ്. പെട്രോള്‍, ഡീസല്‍ വില വര്‍ധന മൂലം ആളുകള്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്ന പ്രവണത വര്‍ധിച്ചു കൊണ്ടിരിക്കുമ്പോള്‍, ഇ.വി കള്‍ക്ക് നികുതി നിരക്ക് വര്‍ധിപ്പിച്ചത് വാഹന ഉടമകളില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.
15 വർഷത്തിൽ കൂടുതല്‍ പഴക്കമുളള മോട്ടോര്‍ സൈക്കിളുകളുടെയും സ്വകാര്യ മുച്ചക്ര വാഹനങ്ങളുടെയും നികുതി 400 രൂപ വർദ്ധിപ്പിച്ചു. 750 കിലോഗ്രാം വരെയുള്ള കാറുകള്‍ക്ക് 3,200 രൂപയും 750 കിലോഗ്രാം മുതൽ 1,500 കിലോഗ്രാം വരെയുള്ളവയ്ക്ക് 4,300 രൂപയും 1,500 കിലോഗ്രാമില്‍ കൂടുതലുളളവയ്ക്ക് 5,300 രൂപയും നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. അഞ്ച് വർഷത്തേക്കാണ് രജിസ്ട്രേഷൻ പുതുക്കലിന് സാധുതയുള്ളത്.
Read DhanamOnline in English
Subscribe to Dhanam Magazine