
111 കിലോമീറ്റർ ദൈർഘ്യമുള്ള അങ്കമാലി-എരുമേലി ശബരി റെയിൽ പദ്ധതിക്ക് ജീവന്‍ വെക്കുന്നു. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളുടെ മലയോര മേഖലകളിലെ ബിസിനസ്, ടൂറിസം, യാത്രാ സാധ്യതകള്‍ വലിയ തോതില്‍ വര്‍ധിപ്പിക്കുന്ന പദ്ധതിയാണ് ഇത്. 1997-98 ലെ ബജറ്റിലാണ് പാതയ്ക്ക് ആദ്യമായി കേന്ദ്രത്തിന്റെ അനുമതി ലഭിക്കുന്നത്. കഴിഞ്ഞവർഷം പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 3810 കോടി രൂപയാണ് പദ്ധതിക്ക് കണക്കാക്കുന്ന ചെലവ്.
പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള കേരളത്തിന്റെ ആവശ്യത്തിന് റെയിൽവേ ബോർഡിന്റെ അനുകൂലതീരുമാനം ലഭിച്ചതിനെ തുടര്‍ന്ന് പദ്ധതിക്കുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾ അടുത്ത മാസം പുനഃരാരംഭിക്കും. പദ്ധതിക്ക് ഫണ്ട് കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം പരിഹരിച്ചതായി റെയിൽവേയുടെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹ്‌മാന്‍ അറിയിച്ചു.
അതേസമയം പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകള്‍ അടുത്തു വരുന്ന സാഹചര്യത്തില്‍ പുതിയൊരു ഇലക്ഷന്‍ സ്റ്റണ്ട് മാത്രമാണോ ശബരിപാത എന്ന ചോദ്യവും നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ നടക്കാന്‍ പോകുന്നുവെന്ന മട്ടില്‍ ശബരിപാത ചര്‍ച്ച തെരഞ്ഞെടുപ്പു കാലത്ത് പലവട്ടം ഉയര്‍ന്നു വന്നിട്ടുളളതാണ് ഈ വിമര്‍ശനത്തിന് അടിസ്ഥാനം.
റെയില്‍വേ കടന്നുചെന്നിട്ടില്ലാത്ത സംസ്ഥാനത്തിന്റെ മലയോര മേഖലകളില്‍ 14 റെയില്‍വേ സ്റ്റേഷനുകളാണ് പദ്ധതിയുടെ ഭാഗമായി ഉളളത്. അങ്കമാലി, കാലടി, പെരുമ്പാവൂര്‍, ഓടക്കാലി, കോതമംഗലം, മുവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി എന്നീ സ്‌റ്റേഷനുകളാണ് പാതയിലുളളത്.
പെരുമ്പാവൂരിലെ പ്ലൈവുഡ് വ്യവസായ യൂണിറ്റുകള്‍, കാലടിയിലെ അരിമില്ലുകള്‍, പെരുമ്പാവൂർ– ഓടക്കാലി മേഖലയിലെ നെല്ല്, വാഴ, ജാതി, റബർ കൃഷികള്‍, തൊടുപുഴയിലെ വാഴക്കുളത്തെ പൈനാപ്പിള്‍ കൃഷി തുടങ്ങിയവയ്ക്ക് ബിസിനസില്‍ വലിയ നേട്ടത്തിന് പദ്ധതി കാരണമാകും.
കോതമംഗലത്തെ സ്റ്റേഷനില്‍ നിന്ന് പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലേക്ക് 80 കിലോമീറ്റര്‍ ദൂരം മാത്രമാണ് ഉളളത്. കാഞ്ഞിരപ്പളളി റോഡ് സ്റ്റേഷനില്‍ നിന്ന് ടൂറിസ്റ്റ് കേന്ദ്രങ്ങളായ തേക്കടിയിലേക്ക് 71 കിലോമീറ്ററും വാഗമണ്ണിലേക്ക് 58 കി.മീറ്ററുമാണ് ഉളളത്. കൊച്ചി വിമാനത്താവളത്തിൽ നിന്ന് 5 കിലോമീറ്റർ മാത്രം അകലെയായാണ് കാലടി സ്റ്റേഷനുളളത്. പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയിലേക്ക് 43 കിലോമീറ്റര്‍ ദൂരമാണ് എരുമേലി സ്റ്റേഷനില്‍ നിന്നുളളത്. നിർദിഷ്ട എരുമേലി വിമാനത്താവളത്തിലേക്ക് ഇവിടെ നിന്ന് 8 കിലോമീറ്റർ ദൂരം മാത്രമാണ് ഉളളത്.
ഇത്തരത്തില്‍ സംസ്ഥാനത്തിന്റെ മലയോര മേഖലയുടെ സമഗ്ര വികസനത്തിന്റെ പ്രധാന കേന്ദ്രമായി മാറാന്‍ സാധിക്കുന്ന അങ്കമാലി-എരുമേലി റെയിൽ പദ്ധതിക്ക് ജീവന്‍ വെച്ചതില്‍ ഏറെ പ്രതീക്ഷയിലും ആഹ്ളാദത്തിലുമാണ് പ്രദേശത്തെ നാട്ടുകാരും കൃഷിക്കാരും കച്ചവടക്കാരും.
Revival of the 111 km Angamaly–Erumeli Sabarimala rail project promises major boosts to business, tourism, and connectivity in Kerala’s highland districts.
Read DhanamOnline in English
Subscribe to Dhanam Magazine