

യു.കെ വിട്ട് ദുബായിലേക്ക് ചേക്കേറുന്ന അതിസമ്പന്നരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. സ്റ്റീല്‍ വ്യവസായ ലോകത്തെ അതികായനും ഇന്ത്യന്‍ വംശജനുമായ ലക്ഷ്മി എന്‍. മിത്തലാണ് ഒടുവിലത്തെയാള്‍. മൂന്ന് പതിറ്റാണ്ടുകാലത്തെ യു.കെ ജീവിതം അവസാനിപ്പിച്ചാണ് അദ്ദേഹത്തിന്റെ മടക്കം. അതിസമ്പന്നരെ ലക്ഷ്യമിട്ടുള്ള ലേബര്‍ പാര്‍ട്ടിയുടെ നികുതി പരിഷ്‌കാരങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്റ്റീല്‍ നിര്‍മ്മാതാക്കളായ ആഴ്‌സലര്‍ മിത്തലിന്റെ (Arcelor Mittal) സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമാണ് 75കാരനായ മിത്തല്‍.
നികുതി പരിഷ്‌ക്കാരങ്ങള്‍ക്ക് പുറമെ നയങ്ങളിലെ വ്യക്തതയില്ലായ്മയും കൂടുതല്‍ നികുതി ചുമത്തുമെന്ന ആശങ്കയുമാണ് അതിസമ്പന്നരെ രാജ്യം വിടാന്‍ പ്രേരിപ്പിക്കുന്നത്. വിദേശത്ത് നിന്നുള്ള വരുമാനത്തിന് നികുതി ഇളവ് നല്‍കിയിരുന്ന നോണ്‍-ഡോമിസൈല്‍ഡ് പദവി നിര്‍ത്തലാക്കിയതും, പൈതൃക നികുതി കര്‍ശനമാക്കിയതുമാണ് മുഖ്യകാരണം. വിദേശികള്‍ക്ക് ഇതുവരെ യുകെയില്‍ ലഭിക്കുന്ന വരുമാനത്തിന് മാത്രം നികുതി നല്‍കിയാല്‍ മതിയായിരുന്നു. എന്നാല്‍, പുതിയ നിയമം അനുസരിച്ച് ലോകമെമ്പാടുമുള്ള ആസ്തികള്‍ക്ക് 40% വരെ നികുതി ബാധമായേക്കുമെന്നാണ് ആശങ്ക.
നിലവില്‍ മിത്തല്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ റെസിഡന്റ് പദവി സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ പതിയെ ദുബായിലേക്ക് മാറാനാണ് അദ്ദേഹത്തിന്റെ പ്ലാനെന്നുമാണ് റിപ്പോര്‍ട്ട്. ദുബായില്‍ അദ്ദേഹത്തിന് ഒരു വലിയ മാളിക സ്വന്തമായുണ്ട്. അടുത്തിടെ ആഡംബര ഐലന്‍ഡായ നയ ഐലന്‍ഡില്‍ അദ്ദേഹം ഭൂമി വാങ്ങിക്കുകയും ചെയ്തിരുന്നു. 1995ലാണ് മിത്തല്‍ ലണ്ടനിലെത്തുന്നത്. ലണ്ടനിലെ ബില്യണയേഴ്‌സ് റോ എന്നറിയപ്പെടുന്ന കെന്‍സിങ്ടണ്‍ പാലസ് ഗാര്‍ഡന്‍സില്‍ താജ് മിത്തല്‍ എന്നറിയപ്പെടുന്ന ആഡംബര ബംഗ്ലാവ് ഉള്‍പ്പെടെ കോടികളുടെ ആസ്തികളാണ് അദ്ദേഹത്തിന് യു.കെയിലുള്ളത്. ഈ ആസ്തികള്‍ തത്കാലം വില്‍ക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇന്ത്യന്‍ വംശജനും ബ്രിട്ടണിലെ യുവ ശതകോടീശ്വരനുമായ ഹെര്‍മന്‍ നരൂലയും യു.കെ വിട്ട് യു.എ.ഇയിലേക്ക് ചേക്കേറുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ മുന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ താരം റിയോ ഫെര്‍ഡിനാന്‍ഡ്, റിവോള്‍ട്ടിന്റെ സഹസ്ഥാപകന്‍ നിക് സ്‌ട്രൊനോസ്‌കി എന്നിവര്‍ അടുത്തിടെ യു.കെ വിട്ടതും വലിയ വാര്‍ത്തയായിരുന്നു. ഏപ്രിലില്‍ നികുതി പരിഷ്‌ക്കാരം നടപ്പിലാക്കിയതോടെ 691 സമ്പന്നര്‍ രാജ്യം വിട്ടതായാണ് കണക്ക്. മുന്‍വര്‍ഷത്തേക്കാള്‍ 79 ശതമാനം വര്‍ധന. ദുബായ്, ഇറ്റലി, ഗ്രീസ് പോലുള്ള രാജ്യങ്ങളാണ് ഇവരുടെ ഇഷ്ട ഡെസ്റ്റിനേഷനെന്നും റിപ്പോര്‍ട്ടുകള്‍ തുടരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine