ഏഷ്യന്‍ ശതകോടീശ്വരന്മാരില്‍ മുമ്പന്‍ അംബാനി തന്നെ, ഫോബ്‌സ് പട്ടികയിലെ അതിസമ്പന്നര്‍ ആരൊക്കെയെന്ന് അറിയാം

പട്ടികയില്‍ ചൈനീസ് ആധിപത്യം; അംബാനിക്ക് പിന്നില്‍ ഗൗതം അദാനിയുണ്ട്
ഏഷ്യന്‍ ശതകോടീശ്വരന്മാരില്‍ മുമ്പന്‍ അംബാനി തന്നെ, ഫോബ്‌സ് പട്ടികയിലെ അതിസമ്പന്നര്‍ ആരൊക്കെയെന്ന് അറിയാം
Published on

ഫോബ്‌സിന്റെ ഏഷ്യയിലെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. പിന്നില്‍ രണ്ടാം സ്ഥാനക്കാരനായി ഗൗതം അദാനിയുമുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ അംബാനിക്ക് 113.5 ബില്യൺ ഡോളറിന്റെ ആസ്തിയാണുള്ളത്. ലോക സമ്പന്നരുടെ പട്ടികയിലും പതിനൊന്നാം സ്ഥാനത്തുള്ള അംബാനിക്ക് പിന്നില്‍ പതിനഞ്ചാം സ്ഥാനമുള്ള ഗൗതം അദാനിക്ക് 81 ബില്യൺ ഡോളറിന്റെ ആസ്തിയുമുണ്ട്. ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടികയിലെ 10 ആളുകളിൽ നാല് പേരാണ് ഇന്ത്യക്കാർ, സാവിത്രി ജിൻഡാലും കുടുംബവും ശിവ് നാടാറും പട്ടികയിലെ ഒൻപതും പത്തും സ്ഥാനങ്ങൾ നിലനിർത്തുന്നു.

നിരന്തരമായ വളർച്ചയിലും സാമ്പത്തികമായ പുരോഗമനങ്ങളിലൂടെയും അഗോള ശ്രദ്ധയാർജിക്കുകയാണ് ഏഷ്യ. ഫോബ്‌സ് ഏഷ്യയിലെ ശതകോടീശ്വരന്മാരുടെ വ്യവസായങ്ങളും ഇവരുടെ ശ്രദ്ധേയമായ നേട്ടങ്ങളെയും സംഭാവനകളെയും വ്യക്തമാക്കുന്നുമുണ്ട്. ഫോബ്‌സ് പട്ടികയിലെ അതിസമ്പന്നര്‍ ആരൊക്കെയെന്ന് പരിശോധിക്കാം.

മുകേഷ് അംബാനി

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ് മുകേഷ് അംബാനി. നൂൽ വ്യാപാരിയായിരുന്ന പിതാവ് ധീരുഭായ് അംബാനി 1966-ൽ ഒരു ചെറുകിട തുണി നിർമ്മാതാവായി സ്ഥാപിച്ച റിലയൻസ് ഇന്ന് 113.5 ബില്യണ്‍ ഡോളർ ആസ്തിയുള്ള കമ്പനിയാണ്. ടെലികമ്മ്യൂണിക്കേഷന്‍സ് മുതല്‍ എണ്ണവില്പനയും സ്‌പോര്‍ട്‌സ് ടീമുകളും വരെ നീണ്ടുകിടക്കുന്നു അംബാനി കമ്പനികളുടെ പോര്‍ട്ട്‌ഫോളിയോ. റിലയൻസിൻ്റെ ടെലികോം, ബ്രോഡ്ബാൻഡ് സേവനമായ ജിയോയ്ക്ക് 470 ദശലക്ഷത്തിലധികം വരിക്കാരുണ്ട്. വ്യത്യസ്ത മേഖലകളിലെ ആകര്‍ഷക ബിസിനസ് രീതികളുമായി മുന്നേറുന്നതാണ് മുകേഷ് അംബാനിയെ ഒന്നാംസ്ഥാനത്ത് നിലനിര്‍ത്തുന്നത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ സമുച്ചയവും റിലൈൻസിന്റെ അധീനതയിൽ വരുന്നു.

ഗൗതം അദാനി

82.9 ബില്യണ്‍ ഡോളർ ആസ്തിയുള്ള അദാനി ഗ്രൂപ്പിന്റെ സ്ഥാപകനാണ് ഗൗതം അദാനി. 1980ൽ മുംബൈയിൽ വജ്രവ്യാപാരിയായി ബിസിനസ് ജീവിതം ആരംഭിച്ച അദാനി ഇന്ന് തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ഊര്‍ജം, ഹരിത സംരംഭങ്ങള്‍ തുടങ്ങിയ മേഖലകളില്‍

വ്യാപിച്ചുകിടക്കുന്നു.അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അദാനി ഗ്രൂപ്പ് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ തുറമുഖവും സ്വന്തമാക്കിയിരുന്നു, ലോകത്തിലെ ഏറ്റവും വലിയ കൽക്കരി വ്യാപാരികൽ എന്ന പേരിലും അദാനി ഗ്രൂപ്പ് അറിയപ്പെടുന്നു. 2023 ജനുവരിയിൽ, യുഎസ് സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച് അദാനിക്കും അദ്ദേഹത്തിൻ്റെ കമ്പനികൾക്കുമെതിരെ സാമ്പത്തിക തട്ടിപ്പും ഓഹരി വിപണി കൃത്രിമവും ആരോപിച്ചു വിവാദങ്ങളില്‍ ഇടംപിടിച്ചെങ്കിലും അദാനി ഗ്രൂപ്പിന്റെ ആധിപത്യത്തിന് മങ്ങലേറ്റിട്ടില്ലെന്ന് കണക്കുകള്‍ അടിവരയിടുന്നു. കടംകുറയ്ക്കുന്നതിന്റെ ഭാഗമായി സിമന്റ് കമ്പനിയിലെ ഓഹരികള്‍ അടുത്തിടെ അദാനി കുടുംബം വിറ്റിരുന്നു. ലോക റാങ്കിംഗില്‍ പതിനഞ്ചാം സ്ഥാനത്താണ് ഗൗതം അദാനി.

സോങ് ഷാന്‍ഷന്‍

നോങ്ഫു സ്പ്രിംഗിന്റെ (Nongfu Spring) എന്ന വാട്ടര്‍ ബോട്ടില്‍ കമ്പനിയുടെ സ്ഥാപകനും ചെയര്‍മാനുമാണ് സോങ് ഷാന്‍ഷാന്‍. ചൈനയിലെ അതിസമ്പന്നന്മാരില്‍ ഒന്നാമനാണ് ഈ 69കാരന്‍. 50 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ബീജിംഗ് വാണ്ടായി (Beijing Wantai) ബയോളജിക്കല്‍ ഫാര്‍മസി കമ്പനിയുടെ പ്രധാന ഓഹരിയുടമയും ഷാന്‍ഷന്‍ ആണ്.

തഡാശി യാനൈ

ജപ്പാനിലെ ശതകോടീശ്വരന്മാരില്‍ മുന്‍നിരയിലാണ് തഡാശി യാനൈയുടെ സ്ഥാനം. ഫാസ്റ്റ് റീട്ടെയിലിംഗ് (Fast Retailing) സ്ഥാപകനായ യാനൈയ്ക്ക് മറ്റനേകം ബിസിനസ് സംരംഭങ്ങളുണ്ട്. 25 രാജ്യങ്ങളിലായി 2,400-ലധികം സ്റ്റോറുകളില്‍ ഉള്‍ക്കൊള്ളുന്ന ആഗോള വസ്ത്ര സാമ്രാജ്യം അടുത്തിടെ ഇന്ത്യയിലേക്ക് വ്യാപിപിച്ചിരുന്നു. 48.5 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.

പ്രജോഗോ പാന്‍ഗെസ്തു

പെട്രോകെമിക്കല്‍സ്, ഖനനം, താപോര്‍ജം തുടങ്ങിയ മേഖലകളിലെ പ്രധാന മുഖമായ പി.റ്റി ബാരിറ്റോ പസഫിക്കിന്റെ (PT Barito Pacific) സ്ഥാപകനാണ് ഇന്തോനേഷ്യയിലെ ഏറ്റവും ധനികനായ പ്രജോഗോ പാന്‍ഗെസ്തു. ഇന്തോനേഷ്യയുടെ ബിസിനസ് ഭൂപടത്തില്‍ പ്രജോഗോ പാന്‍ഗെസ്തുവിന്റെ സ്വാധീനവും സ്ഥാനവും വലുതാണ്. 68.5 ബില്യണ്‍ ഡോളറാണ് ഈ 80കാരന്റെ ആസ്തി.

കോളിന്‍ ഹുവാങ്

ഫാക്ടറികളില്‍ ജോലി ചെയ്തിരുന്ന രക്ഷിതാക്കള്‍, മധ്യവര്‍ഗ പശ്ചാത്തലത്തില്‍ തുടങ്ങി ചൈനയിലെ ഏറ്റവും ധനികനായി മാറിയ ഹുവാങ്ങിന്റെ യാത്ര ടെക് വ്യവസായത്തില്‍ അധിഷ്ഠിതമായിരുന്നു. ചൈനീസ് ഇ-കൊമേഴ്സ് കമ്പനിയായ പി.ഡി.ഡി ഹോള്‍ഡിംഗ്‌സിന്റെ സ്ഥാപകനാണ് കോളിന്‍ ഹുവാങ്. ഓണ്‍ലൈന്‍ ഗെയിമിംഗും മറ്റൊരു ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമും ഉള്‍പ്പെടെ വിശാലമാണ് കര്‍മമണ്ഡലം. 35.2 ബില്യണ്‍ ഡോളറാണ് ആസ്തി.

ഷാങ് യിമിംഗ്

ഒരു ബില്യണിലധികം ഉപയോക്താക്കളുള്ള ജനപ്രിയ ആപ്പായ ടിക്ക്‌ടോക് (TikTok) ഷാങ് യിമിംഗിന്റേതാണ്. വിവിധ രാജ്യങ്ങളില്‍ ടിക്ക്‌ടോക്കും മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സും നിരോധനം നേരിടുന്നത് യിമിംഗിന്റെ വരുമാനത്തെയും ബാധിച്ചിട്ടുണ്ട്. 43.4 ബില്യണ്‍ ഡോളറാണ് ആസ്തി.

The Top 10 Richest People in Asia

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com